Encyclopedia

ഇലവ്

ഇന്ത്യ, ശ്രീലങ്ക, മ്യാന്മാര്‍ എന്നിവിടങ്ങളില്‍ വളരുന്ന ഒരുതരം വന്‍ മരമാണ് ഇലവ്, കേരളത്തിലെ കാടുകളിലും നാട്ടിന്‍പുറങ്ങളിലും ഈ മരം ധാരാളം ഉണ്ട്.
ഇലവിന്‍റെ പൂവ്, വേര്, കറ, ഫലം എന്നിവ ഔഷധങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കും, ഇലവില്‍ നിന്നെടുക്കുന്ന കറ ആയുര്‍വേദത്തിലെ പ്രസിദ്ധമായ ഒരു ഔഷധമാണ്. ആയുര്‍വേദാചാര്യനായ ചരകന്‍ ഇലവിന്റെ ഔഷധഗുണത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
കഫ,പിത്തങ്ങളെ ശമിപ്പിക്കാനും ശരീരകാന്തിയുണ്ടാക്കാനും ഇലവില്‍ നിന്നുണ്ടാക്കുന്ന ഔഷധത്തിന് കഴിയും, ഇതിന്റെ തൊലി ചതച്ചരച്ച് വ്രണമുള്ള ഭാഗത്ത് കെട്ടിവയ്ക്കുന്നത് മുറിവുണങ്ങാന്‍ ഉത്തമമാണ്, പൂമൊട്ട് കൊണ്ട് കഷായം ഉണ്ടാക്കാറുണ്ട്.
ഇലവ് മരത്തിന്‍റെ ഇല പൂര്‍ണമായും കൊഴിഞ്ഞുപോയ ശാഖകളിലാണ് പൂക്കളുണ്ടാവുക, ചുവന്ന നിറത്തിലുള്ള പൂക്കളുമായി നില്‍ക്കുന്ന ഇലവുമരം ആരെയും ആകര്‍ഷിക്കുന്ന കാഴ്ചയാണ്.