EncyclopediaIndiaKerala

ഇടുക്കി ജില്ല

കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് ഇടുക്കി. ആസ്ഥാനം പൈനാവ്. തൊടുപുഴ, കട്ടപ്പന, അടിമാലി നെടുംകണ്ടം, ചെറുതോണി എന്നിവയാണ് ജില്ലയിലെ മറ്റു പ്രധാന പട്ടണങ്ങൾ. 4358 ച.കി. വിസ്തീർണ്ണമുള്ള (ഇത് കേരള സംസ്ഥാനത്തിന്റെ 11 ശതമാനം വരും) ഇടുക്കി ജില്ലയാണ്‌ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല (എറണാകുളം ജില്ല, കുട്ടമ്പുഴ പഞ്ചായത്ത് വേർപെടുത്തിയതിന് ശേഷം) (ഏറ്റവും വലിയ ജില്ല പാലക്കാട് ജില്ല) . ഇടുക്കി ജില്ലയുടെ 50 ശതമാനത്തിലധികവും സംരക്ഷിത വനഭൂമിയാണ്. തീവണ്ടിപ്പാത ഇല്ലാത്ത കേരളത്തിലെ രണ്ടു ജില്ലകളിൽ ഒന്നാണ്‌ ഇത് (മറ്റേത്) വയനാട്).രാജവാഴ്ച കാലത്ത് വേണാട് സമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഇടുക്കി. ദേവീകുളം, തൊടുപുഴ, ഉടുമ്പഞ്ചോല, പീരുമേട്, ഇടുക്കി എന്നിവയാണ് ജില്ലയിലെ താലൂക്കുകൾ. തൊടുപുഴയും കട്ടപ്പനയുമാണ് ജില്ലയിലെ മുനിസിപ്പാലിറ്റികൾ. 8 ബ്ലോക്ക് പഞ്ചായത്തുകളും 51 ഗ്രാമ പഞ്ചായത്തുകളും ഉണ്ട്. ഇത് കൂടാതെ, ഇടമലക്കുടി എന്ന കേരളത്തിലെ പ്രഥമ ആദിവാസി പഞ്ചായത്തായ ഇടമലക്കുടി 2010 നവംബർ ഒന്നിന് പ്രാബല്യത്തിൽ വന്നു. മൂന്നാർ പഞ്ചായത്തിന്റെ പതിമൂന്നാം വാർഡ്‌ അടർത്തി മാറ്റിയാണ് ഇടമലക്കുടി രൂപീകരിക്കപ്പെട്ടത്. ദേവികുളം, അടിമാലി, നെടുങ്കണ്ടം, ഇളംദേശം, തൊടുപുഴ, ഇടുക്കി, കട്ടപ്പന, അഴുത എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തുകൾ.
വൈദ്യുതോൽപ്പാ‍ദനത്തിന് പേരുകേട്ടതാണ് ഈ ജില്ല. കേരള സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 66 ശതമാനവും ഈ ജില്ലയിലെ ജലവൈദ്യുത പദ്ധതികളിൽ നിന്നാണ് ലഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ടായ( Arch dam) ഇടുക്കി അണക്കെട്ട് (ഏഷ്യയിലെ ഏറ്റവും വലിയ അണകെട്ടുകളിൽ ഒന്നാണ് )ഇവിടെയാണ്. ഇതു ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണ്. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയും ഇതാണ്. വിനോദസഞ്ചാരമേഖലയാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത.
പ്രാചീന ചരിത്രം
ഇടുക്കി ജില്ലയിലെ മനുഷ്യവാസം ആരംഭിക്കുന്നത് നവീന ശിലായുഗത്തെ തുടർന്ന് വന്ന, പെരിങ്കൽ പരിഷ്കൃതിയുടെ കാലഘട്ടം മുതൽ കേരളത്തിലെ മറ്റെല്ലാ സ്ഥലങ്ങൾക്കൊപ്പം ഇടുക്കി ജില്ലയിലും ജനവാസമുണ്ടായിരുന്നുവെന്ന് റേഡിയോ കാർബൺ പരീക്ഷണങ്ങൾ തെളിയിക്കുന്നു. മഹാ ശിലായുഗ സംസ്കാരത്തിന്റെ കാലം മുതൽ B C അഞ്ചാം നൂറ്റാണ്ടു മുതൽ ഇരുമ്പ് ഉചയോഗിച്ചിരുന്നു. ഇടുക്കിയുടെ മലയോരങ്ങളിലും താഴ്വരകളിലമുള്ള ശവസംസ്കാര സ്മാരകങ്ങളിലധികവും, നന്നങ്ങാടികളും, മുനിയറകളുമാണെങ്കിലും അപൂർവ്വമായി കുടക്കല്ലകളും, നടുക്കലുകളും, തൊപ്പിക്കല്ലുകളും, കാണപ്പെട്ടിട്ടുണ്ട്. വിവിധ വലിപ്പത്തിലുള്ള മൺപാത്രങ്ങൾ, ആയുധങ്ങൾ,കൽപാളികൾ, തുടങ്ങിയവയൊക്കെയാണ് ഇവിടെ നിന്നും കണ്ടെത്തിയിട്ടുള്ള മറ്റു ശിലാവശിഷ്ടങ്ങൾ. ശിലായുഗ മനുഷ്യവിഭാഗമായിരുന്ന ചുടുവോർ,ഇടുവോർ എന്നീ വിഭാഗങ്ങളുടെ ശരീരാവശിഷ്ടങ്ങൾ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും കണ്ടെത്തുവാൻ കഴിഞ്ഞിട്ടുണ്ട്. മൃതദേഹം അടക്കം ചെയ്തിരുന്ന ശ്മശാനഭൂമികളാണ് ശിലായുഗത്തിലെ അവശേഷിപ്പുകളിലേറെയും. പത്തോ പതിനഞ്ചോ, അതിലധികമോ മൃതദേഹങ്ങൾ അടക്കം ചെയ്തിരുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങൾ, അന്നത്തെ ചുടുകാടായിരുന്നുവെന്ന് കരുതുന്നു. മറയൂർ, ചെമ്പകപാറ, മുനിയറ, കട്ടപ്പന, പുറ്റടി, കള്ളിപ്പാറ, തോപ്രാംകുടി എന്നിവടങ്ങളിലാണ് ഇത്തരത്തിലുള്ള ശവപ്പറമ്പുകൾ കണ്ടെത്തിയിട്ടുള്ളതെങ്കിലും, ജില്ലയുടെ മറ്റെല്ലാ ഭാഗങ്ങളിലും ഒറ്റതിരിഞ്ഞ മഹാ ശിലായുഗ സ്മാരകങ്ങൾ കാണപ്പെട്ടിട്ടുണ്ട്. രണ്ടായിരത്തിലധികം വർഷങ്ങളെ അതിജീവിച്ച ശിലായുഗ സ്മാരകമായ മുനിയറകൾ ഇടുക്കിയിലെ മറയൂരിൽ മാത്രം കാണപ്പെടുന്നു. അഗ്നികുണ്ഡമുപയോഗിച്ച് ചുട്ടുപഴുപ്പിക്കുന്ന പാറകളിൽ തണുത്ത വെള്ളമെഴിക്കുമ്പോൾ അടർന്നു വരുന്ന കുറ്റൻ ശിലാപാളിയുപയോഗിച്ചാണ് മുനിയറ അടക്കമുള്ള എല്ലാ പ്രാചീന ശവക്കല്ലറകളും നിർമ്മിച്ചിരിക്കുന്നത്. നാല് അടിയിലേറെ വലിപ്പമുള്ള നന്നങ്ങാടിയെന്നും മുതുമക്കച്ചാടിയെന്നും പറയപ്പെടുന്ന വലിയ മൺകലങ്ങൾ ജില്ലയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. മറയൂർ, ഉടുമ്പൻചോല, അടിമാലി, അമരാവതി, അണക്കര, തോപ്രാംകുടി,കാഞ്ചിയാർ, മുരിക്കാട്ടുകുടി മേരികുളം ഉപ്പുതറ, കമ്പിളികണ്ടം, കൊബെടിഞ്ഞാൽ എന്നിവടങ്ങജിൽ നിന്നെല്ലാം നന്നങ്ങാടികൾ കണ്ടെത്തിയിട്ടുണ്ട്.ഇവ ധാരാളമായി കണ്ടെത്തിയിട്ടുള്ളത് കട്ടപ്പനക്കടുത്തുള്ള ചെമ്പകപാറ പ്രദേശത്താണ്. ഇടുക്കി ജില്ലയിലെ തങ്കമണിക്കടുത്തുള്ള അമ്പലമേട്ടിൽ കണ്ടെത്തിയ ശിലായുഗ ഗുഹക്ക്, ഗുരുവായൂരിലെ അരിയന്നൂരിലും തൃശൂർ ജില്ലയിലെ ചില ഭാഗങ്ങളിലും കണ്ടെത്തിയ ചെങ്കൽ ഗുഹകളോട് സാമ്യമുണ്ട്. ഒന്നിലധികം അറകളുള്ള ഗുഹാ ശ്മശാനങ്ങളിൽ നിന്നും, ഇരുമ്പു കൊണ്ടുള്ള ആയുധങ്ങളും ധാരാളം മൺപാത്രങ്ങളും ലഭിക്കുകയുണ്ടായി. നടുക്കല്ലുകൾ അഥവാ പുലച്ചിക്കല്ലുകളാണ് ഇടുക്കി ജില്ലയിൽ നിന്നും കണ്ടെത്തിയ മറ്റൊരു മഹാ ശിലായുഗ സ്മാരകം.മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത സ്ഥലത്ത് നാട്ടുന്ന ഒറ്റക്കല്ലുകളാണിത്. അയ്യപ്പൻകോവിലിലും,ചെമ്പകപാറക്കടു ത്തുള്ള കൊച്ചു കാമാക്ഷിയിലും, തൂക്കുപാലത്തിനടുത്തുള്ള ബാലഗ്രാമിലും, മുണ്ടിയെരുമയിലും കണ്ടെത്തിയ നടുക്കല്ലു കൾ ശിലായുഗത്തിലെ മറ്റൊരു ശവസംസ്കാകാര രീതിയെ സൂചിപ്പിക്കുന്നു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവിടെത്തെ മനുഷ്യവാസത്തിന് മൂവായിരം വർഷത്തെ പഴക്കമുണ്ടന്ന് ചരിത്രകാരൻമാർ അഭിപ്രയപ്പെടുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വാസമുറപ്പിച്ച ജനങ്ങളുടെ ജീവിത രീതിയും ആചാരനുഷ്ഠാനങ്ങളും തമ്മിൽ പ്രകടമായ പ്രാദേശിക ഭേദം നിലനിന്നിരുന്നു. മുനിയറകൾ കല്ലറകൾ, നന്നങ്ങാടികൾ തുടങ്ങിവയെല്ലാം ചില സ്ഥലങ്ങളിൽ കാണപ്പെട്ടതിന്റെ കാരണവും ഇതാണ്.