മരോട്ടി
കുഷ്ഠരോഗ സംഹാരിയായാണ് മരോട്ടി പൊതുവിൽ അറിയപ്പെടുന്നത്. സംസ്കൃതത്തിൽ തുവരക, കുഷ്ഠവൈരി എന്നും ഇംഗ്ലീഷിൽ jungli badam എന്നും അറിയുന്നു. കേരളത്തിൽ അങ്ങിങ്ങു കാണപ്പെടുന്നു. അതിർത്തി വൃക്ഷമായിയും ചിലയിടങ്ങളിൽ വളർത്തിവരുന്നു. പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിലും ഈർപ്പവനങ്ങളിലും കാണപ്പെടുന്നു. കോടി, മരവെട്ടി, നീർവട്ട, നീർവെട്ടി എന്നെല്ലാം പേരുകളുണ്ട്. മരോട്ടിശലഭം മുട്ടയിടുന്നത് മരോട്ടിയിലും കാട്ടുമരോട്ടിയിലുമാണ്. വിത്തിൽ നിന്നും കിട്ടുന്ന മഞ്ഞനിറമുള്ള എണ്ണ വിളക്കു കത്തിക്കാൻ ഉപയോഗിച്ചിരുന്നു. പഴം മൽസ്യങ്ങൾക്ക് വിഷമാണ്.പതിനഞ്ചുമീറ്ററോളം ഉയരത്തിൽ വളരുന്നു. തൊലിയ്ക്ക് വെളുത്ത നിറമാണ്. കായ് ക്രിക്കറ്റ് പന്തിനേക്കാളും ചെറുതാണ്. കായ്ക്കുള്ളിൽ ഇരുപതോളം വിത്തുകൾ മജ്ജയിൽ പൊതിഞ്ഞിരിക്കുന്നു. വിത്ത് ആട്ടിയെടുത്താൽ മരോട്ടിയെണ്ണ കിട്ടും. ശുദ്ധീകരിച്ച എണ്ണ ഔഷധമാണ്. ആയുസ്സ് വർധിപ്പിക്കാൻ വാഗ്‌ഭടൻ നിർദ്ദേശിക്കുന്ന മരുന്ന് ഇതിന്റെ എണ്ണയാണ്.