മനുഷ്യ രാശി Stellar സമൂഹം ആയാല്‍???
ഇതുവരെയുള്ള മനുഷ്യന്റെ ചരിത്രം നോക്കി കഴിഞ്ഞാല്‍ ഇന്ന് മനുഷ്യന് പുരോഗമനത്തിന്റെ ഉന്നതിയില്‍ ആണ് നില്‍ക്കുന്നത് എന്ന് തോന്നും. ഗുഹകളില്‍ ജീവിച്ചിരുന്ന മനുഷ്യന് ഇന്ന് ആകാശം മുട്ടുന്ന പടുകൂറ്റന്‍ കെട്ടിടങ്ങള്‍ വയ്ക്കാന്‍ പ്രാപ്തരായി കഴിഞ്ഞു. ലോകത്തിന്റെ ഏതു കോണില്‍ ഇരുന്നും ആര്‍ക്കു വേണമെങ്കിലും ആരോട് വേണമെങ്കിലും സന്ദേശം അയക്കാന്‍ ഇന്ന് കഴിയും. അതുമാത്രമല്ല നമ്മുടെ ഗ്രഹത്തിന് പുറത്ത് ചന്ദ്രനില്‍ പോയി കാലുകുത്താന്‍ വരെ മനുഷ്യന് കഴിഞ്ഞു. അത്രയ്ക്ക് പുരോഗമിച്ച ഒരു അഡ്വാന്‍സ്ഡ് സിവിലൈസേഷന് ആയി മനുഷ്യരാശി മാറി. എന്നാല്‍ ഇത്രയേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെങ്കിലും പുരോഗമന സമൂഹങ്ങള്‍ എത്രമാത്രം പുരോഗമിചവരാണെന്ന് മനസ്സിലാക്കാന്‍ ഉപയോഗിക്കുന്ന കര്‍ദഷേവ് സ്കെയിലില്‍ മനുഷ്യന്റെ സ്ഥാനം ഇന്നും വളരെ ചെറുതാണ്. അങ്ങനെയെങ്കില്‍ മനുഷ്യരാശി ഒരു ടൈപ്പ് 2 സിവിലൈസേഷന് ആയി മാറിയാല്‍ എന്ത് സംഭവിക്കും,
1964 ല്‍ നിക്കോളായ് കര്‍ദഷേവ് എന്ന റഷ്യന്‍ ആസ്ട്രോഫിസിസിസ്റ്റ്റ് ആണ് കര്‍ദഷേവ് സ്കെയില്‍ രൂപപ്പെടുത്തി എടുത്തത്. നമ്മുടെ ഗാലക്സിയില്‍ ഉണ്ടായിരിക്കാന്‍ സാധ്യത ഉള്ള അന്യഗ്രഹജീവി സമൂഹങ്ങള്‍ക്ക് എത്രത്തോളം പുരോഗമിച്ചവരാണ് എന്ന് മനസ്സിലാക്കാന്‍ ഉള്ള ഒരു അളവ് സ്കെയില്‍ ആണ് കര്‍ദഷേവ് സ്കെയില്‍. പുരോഗമന സമൂഹങ്ങള്‍ എത്രമാത്രം ഊര്‍ജ്ജം ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ഈ അളവ് രേഖ രൂപപെടുത്തി എടുത്തത്. ആദ്യം വെറും മൂന്ന് തരങ്ങളയിട്ടാണ് അദ്ദേഹം പുരോഗമന സമൂഹങ്ങളെ വേര്‍തിരിച്ചത്. അതിന് ശേഷം അതിന്റെ കൂടെ രണ്ടുതരം കൂട്ടി ചേര്‍ത്ത് അഞ്ചു തരങ്ങളയിട്ടു വേര്‍തിരിച്ചു. പിന്നെയും രണ്ടു തരങ്ങള്‍ കൂട്ടി ചേര്‍ത്ത് ഏഴു തരങ്ങളയിട്ടും ചിലര്‍ പുരോഗമന സമൂഹങ്ങളെ വേര്‍തിരിച്ചിട്ടുണ്ട്. പക്ഷെ പൊതുവേ അംഗീകരിച്ചിട്ടുള്ളത് ആദ്യത്തെ അഞ്ച് തരങ്ങളാണ്.
ഒന്നാമത്തെ ടൈപ്പ് 1 സമൂഹം അവരുടെ ഗ്രഹത്തിലെ മുഴുവന്‍ ഊര്‍ജ്ജവും ഉപയോഗിക്കുന്നവര്‍ ആയിരിക്കും. ടൈപ്പ് 2 സിവിലൈസേഷന് സ്വന്തം നക്ഷത്രത്തിന്റെയും ചുറ്റുമുള്ള മറ്റു ഗ്രഹങ്ങളുടെയും ഊര്‍ജ്ജം ഉപയോഗിക്കും. ടൈപ്പ് 3 സ്വന്തം ഗല്സ്കിയുടെ മുഴുവന്‍ ഊര്‍ജ്ജവും ടൈപ്പ് 4 ആണെങ്കില്‍ പ്രപഞ്ചത്തിന്റെ മുഴുവന്‍ ഊര്‍ജ്ജവും ഉപയോഗിക്കും. ഇനി മള്‍ട്ടിവേഴ്സ് അഥവാ ഒന്നില്‍ കൂടുതല്‍ പ്രപഞ്ചങ്ങള്‍ ഉണ്ടെങ്കില്‍ അതിന്റെ എല്ലാം ഊര്‍ജ്ജവും ഉപയോഗിക്കുന്നവര്‍ ആയിരിക്കും ഒരു ടൈപ്പ് 5 സിവിലൈസേഷന്. ഇത്രയുമാണ് അംഗീകരിക്കപ്പെട്ട അഞ്ചു തരങ്ങള്‍. ശേഷം ഉള്ള ടൈപ്പ് 6 സമൂഹം ദൈവതുല്യമായ ശക്തി ഉള്ളവരും ടൈപ്പ് 0 സമൂഹം സ്വന്തം ഗ്രഹത്തിന്റെ മുഴുവന്‍ ഊര്‍ജ്ജവും ഉപയോഗിക്കാന്‍ പറ്റാത്തവരും ആണ്.
മനുഷ്യരാശി ഇതുവരെ കര്‍ദഷേവ് സ്കെയിലിന്റെ ഒന്നാം തലത്തില്‍ പോലും എത്തിയിട്ടില്ല. 0.7 എന്ന തലത്തില്‍ ആണ് ഇപ്പോള്‍ മനുഷ്യന് എത്തി നില്‍ക്കുന്നത്. അതുകൊണ്ട് മനുഷ്യ രാശി ടൈപ്പ് 2 തലത്തില്‍ എത്തണമെങ്കില്‍ ആദ്യം ടൈപ്പ് 1 ആകണം. അതായത് നമ്മുടെ ഗ്രഹത്തിനെ നമുക്ക് പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിയണം. അതിനോടൊപ്പം ഫോസില്‍ ഫ്യുവലുകളുടെ ഉപയോഗം പൂര്‍ണമയും നിര്‍ത്തുകയും, വിന്‍ഡ് എനര്‍ജി, ഹൈഡ്രോ എനര്‍ജി, തെര്‍മ്മല്‍ എനര്‍ജി മുതലായ രിന്യുവബിള് ആയ ഊര്‍ജ്ജസ്രോതസ്സുകള്‍ മാത്രം ഉപയോഗിക്കുകയും വേണം. അതുപോലെ തന്നെ സൂര്യനില്‍ നിന്നും ഭൂമിയില്‍ വന്നു പതിക്കുന്ന മുഴുവന്‍ സൗരോര്‍ജ്ജവും ഉപയോഗിക്കാന്‍ പറ്റണം. ഇതിനു പുറമേ ഭൂമിയിലെ കാലാവസ്ഥകളും നിയന്ത്രിക്കാന്‍ കഴിയണം. ഉദാഹരണത്തിന് മഴ ലഭിക്കേണ്ട ഇടത്ത് മാത്രം മഴ ലഭിക്കേണ്ട സംവിധാനം ഉണ്ടാക്കണം. അതിന്റെ കൂടെ പ്രകൃതിശോഭങ്ങളെയും നിയന്ത്രിക്കാന്‍ കഴിയണം. അതായത് ഭൂമികുലുക്കം, അഗ്നിപര്‍വ്വത വിസ്ഫോടനം, കൊടുങ്കാറ്റ് തുടങ്ങിയവ. നിയന്ത്രിക്കുക മാത്രമല്ല ഇത്തരം പ്രകൃതിക്ഷോഭങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കാനും പറ്റണം.
കൂടി വരുന്ന ജനസംഖ്യ കാരണം അന്നു കടലുകളെ ആശ്രയിക്കേണ്ടി വരും. അതായത് കടലുകളില്‍ വലിയ സ്ലിറ്റുകള്‍ നിര്‍മ്മിച്ച് കുറച്ചു പേര്ക്കെങ്ങിലും അങ്ങോട്ട് മാറേണ്ടി വരും. നമ്മള് എപ്പോള്‍ ടൈപ്പ് 1 തലത്തില്‍ എത്തും എന്ന കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായമാണ്. പ്രശസ്ത ഭൗതികശാസ്ത്രന്ജന് ആയ മിഷിയോ കാക്കുവിന്റെ അഭിപ്രായത്തില്‍ അടുത്ത ഇരുന്നൂറു വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ തന്നെ മനുഷ്യരാശി ടൈപ്പ് 1 സിവിലൈസേഷന് ആകും. അങ്ങനെ സ്വന്തം ഗ്രഹത്തില്‍ ലഭ്യമായ മുഴുവന്‍ ഊര്‍ജ്ജവും കണ്ടെത്തി ഉപയോഗിക്കാന്‍ പ്രാപ്തരായ ശേഷം സ്വന്തം നക്ഷത്രത്തിന്റെ ഊര്‍ജ്ജം ഉപയോഗിക്കാന്‍ തുടങ്ങുമ്പോഴാണ് ഒരു പുരോഗമന സമൂഹം ടൈപ്പ് 2 സിവിലൈസേഷന് ആയി മാറുന്നത്. നമ്മുടെ കാര്യത്തില്‍ നമ്മുടെ സൂര്യന്റെ മുഴുവന്‍ ഊര്‍ജ്ജവും ശേഖരിക്കാന്‍ മാത്രം നമ്മള് പ്രപ്തരാകണം. അപ്പോള്‍ ഒരു സെക്കന്റില്‍ 384 സെപ്ടില്ല്യന് വാള്ട്ട്സിലും കൂടുതല്‍ ഊര്‍ജ്ജം സൂര്യനില്‍ നിന്നും ശേഖരിക്കാന്‍ ആകും. അത് മുഴുവന്‍ പല ആവശ്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുകയും ചെയ്യാം. 384 സെപ്റ്റില്ല്യന് എന്ന് വച്ചാല്‍ 384 ന് ശേഷം 24 പൂജ്യം വരും. പക്ഷെ എങ്ങനെയാണ് സൂര്യന്റെ മുഴുവന്‍ ഊര്‍ജ്ജവും ശേഖരിക്കാന്‍ കഴിയുക എന്നത് വലിയൊരു ചോദ്യമാണ്. എങ്കിലും പ്രാവര്‍ത്തികമാകാന്‍ സാധ്യതയുള്ള ചില ആശയങ്ങള്‍ ഉണ്ട്.
അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഡയസന്സ് സ്പിയര്‍. സൂര്യനെ മുഴുവന്‍ മൂടുന്ന രീതിയില്‍ സൂര്യന് ചുറ്റും നിര്‍മ്മിക്കുന്ന പടുകൂറ്റന്‍ വിന്യാസമാണ് ഇത്. ഇതിലൂടെ സൂര്യനില്‍ നിന്ന് വരുന്ന മുഴുവന്‍ ഊര്‍ജ്ജവും പിടിച്ചെടുക്കുകയും അത് കൃത്യമായിട്ട് ശേഖരിച്ചു വയ്കക്കുകയും കാര്യക്ഷമതയോട് കൂടി ഉപയോഗിക്കുകയും ചെയ്യാന്‍ ആകും. ഈ ഒരു സാഹചര്യത്തില്‍ സൗരയൂഥത്തില്‍ ഉള്ള മുഴുവന്‍ വസ്തുക്കളും മനുഷ്യന്റെ നിയന്ത്രണത്തില്‍ ആയിരിക്കും നിലനില്‍ക്കുന്നത്. എല്ലാ ഗ്രഹങ്ങളിലും മനുഷ്യന് ആധിപത്യം സ്ഥാപിക്കാന്‍ ആകും. ഗ്യാസ് ജയിന്റ്റ് ഗ്രഹങ്ങളായ സാറ്റേണില് നിന്നും ജുപ്പീറ്ററില്‍ നിന്നും ഒക്കെ ആവശ്യമുള്ള ഊര്‍ജ്ജം ശേഖരിക്കാന്‍ പറ്റും. മാഴ്സ് ഗ്രഹം പൂര്‍ണ്ണമായും കോളനിവല്ക്കരിക്കപ്പെടും. ഒരുപക്ഷെ ഡയസന്സ് സ്ഫിയര്‍ നിര്‍മ്മിക്കുന്നത് പോലും വാസയോഗ്യമായ രീതിയില്‍ ആയിരിക്കും. കാരണം അത്രത്തോളം വലിപ്പമുള്ള നിര്‍മ്മിതി ആയിരിക്കും ഇത്. അതുകൊണ്ട് അതിനെ നിയന്ത്രിക്കണം എങ്കില്‍ അതിനോടൊപ്പം നിന്ന് ഒരുപാടു പേര്‍ക്ക് അതിനെ നിയന്ത്രിക്കേണ്ടി വരും.
എന്തായാലും അത്തരമൊരു സംവിധാനം ഉണ്ടാക്കി കഴിഞ്ഞാല്‍ അതുവരെ ഉള്ള മനുഷ്യന്റെ ചരിത്രത്തിലെ ഏറ്റവും മഹത്തായ നിര്‍മ്മാണം ആയിരിക്കും അത്. ഡയസന്സ് സ്ഫിയറുമായിട്ട് ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഒരുപാടു ആരോഗ്യപ്രശങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അതായത് സൂര്യനില്‍ നിന്നും വരുന്ന റേഡിയേഷന് കിരണങ്ങള്‍ മനുഷ്യന്റെ ആരോഗ്യത്തിനു വളരെയധികം ഹാനികരമാണ്. പക്ഷെ ഒരു ടൈപ്പ് 2 സിവിലൈസെഷനെ സംബന്ധിച്ചടത്തോളം ഇത്തരം അപാകതകള്‍ എല്ലാം മുന്‍കൂട്ടി കണ്ടെത്തി കരുതലോടെ മാത്രം ആയിരിക്കും അവര്‍ ഓരോന്നും ചെയ്യുന്നത്. പക്ഷെ ഇത്രത്തോളം വലിയ തോതില്‍ ഉള്ള ഊര്‍ജ്ജം ആവശ്യമാണോ? ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന്റെ ഒരാവശ്യവും ഇല്ല എന്നാല്‍ ഭാവിയില്‍ ഒരു ടൈപ്പ് 2 തലത്തില്‍ എത്തണമെങ്കില്‍ തീര്‍ച്ചയായും ഇത്രയും അധികം ഊര്‍ജ്ജം അത്യാവശ്യമാണ്. കാരണം നമ്മള് എപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആഗോളതലത്തില്‍ ഉപയോഗിക്കുന്ന ആകെ മൊത്തം ഊര്‍ജ്ജത്തിന്റെ അളവ് ഓരോ വര്‍ഷവും കൂടി കൂടി വരുന്നതല്ലാതെ ഒരിക്കലും കുറയുന്നില്ല.
അതുകൊണ്ട് ഏതൊരു പുരോഗമനസമൂഹവും പുരോഗമിക്കുന്നതിനു അനുസരിച്ച് അവര്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവും കൂടുതല്‍ ആകും. അമേരിക്കന്‍ ഗണിതശാസ്ത്രഞ്ജന്‍ ആയ ഫ്രീമാന്‍ ഡയസന്റെ അഭിപ്രായത്തില്‍ ഭാവിയില്‍ ഒരു പരിധി കഴിഞ്ഞാല്‍ ഭൂമിയില്‍ നിന്നും മാത്രം ലഭിക്കുന്ന ഊര്‍ജ്ജം മനുഷ്യന്റെ ആവശ്യത്തിനു മതിയാകാതെ വരും. അപ്പോള്‍ മറ്റു ഗ്രഹങ്ങളെ ആശ്രയിക്കും. പിന്നെയും കൂടുതല്‍ ഊര്‍ജ്ജം ആവശ്യം വരുമ്പോള്‍ അവശേഷിക്കുന്ന ഏക ആശ്രയം സൂര്യന് മാത്രമാണ്. ഒരു ടൈപ്പ് 2 സിവിലൈസേഷന്റെ സാങ്കേതികവിദ്യകള്‍ വളരെയധികം മെച്ചപ്പെട്ടത് ആയിരിക്കും. സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളുടെയും അന്തരീക്ഷം ഉള്‍പ്പടെ പൂര്‍ണ്ണമായും അന്ന് നമുക്ക് നിയന്ത്രിക്കാന്‍ ആകും. മാഴ്സ് ഗ്രഹത്തെ കോളനിവല്‍ക്കരിക്കുന്നതും, ജുപ്പീറ്റര്‍ ഗ്രഹത്തിനെയും അതിന്റെ ഉപഗ്രഹമായ യുറോപ്പിയയുടെ ഉപരിതലത്തില്‍ പോയി അവിടെയുള്ള ഊര്ജ്ജസ്രോതാസ്സുകളെ ഉപയോഗിക്കുന്നതും എല്ലാം അന്ന് വളരെ നിസ്സാരമായ കാര്യങ്ങള്‍ ആയിരിക്കും. അന്നത്തെ ബഹിരാകാശയാത്രകള്ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളും വളരെ മെച്ചപ്പെട്ടതും ആധുനികവും ആയിരിക്കും.
ഒരുപക്ഷെ ന്യൂക്ലിയാര്‍ ഫ്യൂഷനും ലേസര്‍ അയോണ്‍ ടെക്നോളജിയും ഒക്കെ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ബഹിരാകാശ വാഹനങ്ങള്‍ ആയിരിക്കും അന്നുള്ളത്. അപ്പോള്‍ അകലെയുള്ള നെപ്ട്യൂണ്‍ ഗ്രഹത്തില്‍ പോലും നിസ്സരമായ സമയത്തിനുള്ളില്‍ തന്നെ പോകാന്‍ കഴിയും. ഇതിനെല്ലാത്തിനും പുറമേ മനുഷ്യരാശി അന്ന് സുരക്ഷിതര്‍ ആയിരിക്കും. കാരണം വംശനാശം സംഭവിക്കുന്ന രീതിയില്‍ മനുഷ്യര്‍ക്ക് അപകടം സംഭവിക്കുന്ന ഒരു അപകടവും സൗരയൂഥത്തിനുള്ളില്‍ അന്ന് ഉണ്ടായിരിക്കില്ല. ഉദാഹരണത്തിന് ഇന്ന് നമ്മള് ഏറ്റവും ഭയപ്പെടുന്ന വലിയ അപകടങ്ങളില്‍ ഒന്നാണ് ആസ്ട്രോയിടുകള്. വെറും പത്തു കിലോമീറ്റര്‍ വ്യാസമുള്ള ഒരു ആസ്ട്രോയിഡ് വന്നു ഭൂമിയില്‍ പതിച്ചാല്‍ തന്നെ ഭൂമി മുഴുവന്‍ നശിച്ചു പോകും. എന്നാല്‍ മനുഷ്യ രാശി ഒരു ടൈപ്പ് 2 സിവിലൈസേഷന് ആയി കഴിഞ്ഞാല്‍ ആസ്ട്രോഡുകളെ ഒന്നും ഒരു പ്രശ്നമായി പരിഗണിക്കേണ്ട ആവശ്യം ഇല്ല. അധവാ ഏതെങ്കിലും ഒരു ഗ്രഹം നശിച്ചാലും, നശിക്കുന്നതിനു മുന്‍പ് തന്നെ അപകടം തിരിച്ചറിയുകയും ആ ഗ്രഹത്തെ ഉപേക്ഷിച്ച് മറ്റൊരു ഗ്രഹത്തിലേക്ക് പോകുകയും ചെയ്യും. എന്നുവച്ച് മനുഷ്യ രാശി ഒരിക്കലും നശിക്കാത്ത മഹാശക്തിയായിട്ട് മാറും എന്നല്ല. സൗരയൂഥത്തെ മുഴുവന്‍ നശിപ്പിക്കാന്‍ സാധ്യത ഉള്ള വലിയ അപകടങ്ങളെ എല്ലാം അപ്പോഴും മനുഷ്യരാശി ഭയപ്പെടേണ്ട കാര്യമാണ്.
ഉദാഹരണത്തിന് സൗരയൂഥത്തിന് അടുത്തു കൂടി പോകാന്‍ സാധ്യത ഉള്ള ബ്ലാക്ക് ഹോള്‍, സൗരയൂഥത്തെ ലക്ഷ്യമിട്ട് വരുന്ന ഗാമാറേ ബെഴ്സ്റ്റ്റ് അങ്ങനെ ഉള്ള വലിയ അപകടങ്ങള്‍ എല്ലാം മനുഷ്യരുടെ നിലനില്പിന് അന്നും ഒരു ഭീഷണി തന്നെ ആയിരിക്കും. അത് കൂടാതെ മറ്റു ഗ്രഹങ്ങളെ കോളനി വല്ക്കരിക്കുമ്പോള് ഓരോ ഗ്രഹങ്ങളിലും കാലക്രമേണ വ്യത്യസ്തമായ ഭരണ കൂടങ്ങള്‍ രൂപപ്പെടും. അപ്പോള്‍ ഓരോ ഗ്രഹങ്ങള്‍ തമ്മിലും പുരോഗമിക്കാന്‍ ഉള്ള മത്സരം ആയിരിക്കും. ചിലപ്പോള്‍ ഡയസന്സ് സ്ഫിയറില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ പേരിലും മറ്റു ചില പ്രശ്നങ്ങളുടെ പേരിലും ഗ്രഹങ്ങള്‍ തമ്മില്‍ യുദ്ധം ഉണ്ടാകാന്‍ സാധ്യത ഉണ്ട്. മനുഷ്യന്റെ ചരിത്രത്തില്‍ ഉടനീളം ഒരാവശ്യവും ഇല്ലാത്ത അത്തരം യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുപോലെ തന്നെ മനുഷ്യനെക്കാള്‍ ഒരുപട് പുരോഗിമിച്ച അന്യഗ്രഹജീവികളും മനുഷ്യര്‍ക്ക് എന്നും ഒരു ഭീഷണി ആയിരിക്കും. പക്ഷെ ഇതെല്ലാം സംഭവിക്കണം എങ്കില്‍ മനുഷ്യരാശി ടൈപ്പ് 1 തലത്തില്‍ എത്തണം.
ഇന്നത്തെ കാലഘട്ടം മനുഷ്യരാശിയുടെ ഭാവിയുടെ കാര്യത്തില്‍ വളരെ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്ന കാലഘട്ടമാണ്. കാരണം ഒന്ന് വിചാരിച്ചാല്‍ ഭൂമിയെ ഒന്നാകെ നശിപ്പിക്കാന്‍ ഉള്ള സാങ്കേതികവിദ്യകള്‍ ഇന്ന് നിലവില്‍ ഉണ്ട്. അത് മനുഷ്യന്റെ പുരോഗമനത്തിന് വേണ്ടി നല്ല രീതിയില്‍ ഉപയോഗിക്കണോ അതോ മനുഷ്യരാശിയുടെ പതനത്തിനു വേണ്ടി ദോഷമായ രീതിയില്‍ ഉപയോഗിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഇന്നത്തെ ഈ കാലഘട്ടത്തില്‍ ഉള്ള തലമുറയുടെ തീരുമാനം ആണ്.
ഒരു കുഞ്ഞു വൈറസ്സിനെ പോലും തടയാന്‍ ഇന്ന് മനുഷ്യന് ഏറെ ബുദ്ധിമുട്ടാണ്. ഈ ഒരു സാഹചര്യത്തില്‍ ടൈപ്പ് 2 സിവിലൈസേഷനിലേക്ക് പുരോഗമിക്കാന്‍ മനുഷ്യന് സാധിക്കുമോ??