EncyclopediaTell Me Why

എണ്ണപ്പാടകള്‍ കടലിന് ദോഷം ചെയ്യുന്നത് എങ്ങനെ?

എണ്ണക്കപ്പല്‍ തകര്‍ന്ന് എണ്ണ കടലിലൊഴുകി എന്നെല്ലാം നാം പത്രത്തില്‍ വായിക്കാറുണ്ടല്ലോ? വെള്ളത്തേക്കാള്‍ കനം കുറവായതിനാല്‍ എണ്ണ ഒരു പാടപോലെ കടലില്‍ പരക്കുന്നു. ആണ്ടുതോറും അമ്പതുലക്ഷം ടണ്‍ പെട്രോളും , പെട്രോളിയം ഉത്പന്നങ്ങളും വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സമുദ്രത്തില്‍ എത്തിച്ചേരുന്നുണ്ട് എന്നാണ് ഉദേശക്കണക്ക്. ഇതുമൂലമുണ്ടാകുന്ന എണ്ണപ്പാട സമുദ്രത്തിനു മാത്രമല്ല മനുഷ്യരാശിക്കാകെ ദോഷം ചെയ്യുന്നു.

   ഭൂമിയുടെ മൂന്നില്‍ രണ്ടു കടലാണല്ലോ! ഈ കടലില്‍ നിരവധി സൂക്ഷ്മ സസ്യങ്ങളും മത്സ്യങ്ങളുമെല്ലാം ജീവിക്കുന്നു. ഈ സൂക്ഷ്മ സസ്യങ്ങള്‍ പ്രകാശസംശ്ലേഷണത്തിലൂടെ ഭൂമിയില്‍ ഓക്സിജന്‍ ഉത്പാദിക്കപ്പെടുന്നു. ഉത്പാദിപ്പിക്കുന്ന ആകെ ഓക്സിജന്റെ എഴുപതു ശതമാനവും ഈ കടല്‍ സസ്യങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. എണ്ണപ്പാടയോ മറ്റോകൊണ്ട് കടലിന്‍റെ ഉപരിഭാഗം മൂടിയാല്‍ ഈ സസ്യങ്ങള്‍ക്ക് ആവശ്യമായ സൂര്യപ്രകാശം ലഭിക്കാതെയാവും. ഓക്സിജന്‍ നിര്‍മ്മാണവും കുറയും. അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞാലുള്ള അപകടം പറയാനുണ്ടോ?

    ഈ ചെറുസസ്യങ്ങള്‍ ഇല്ലാതെയായാല്‍ അവയെ ഭക്ഷിച്ചു ജീവിക്കുന്ന ചെറുമത്സ്യങ്ങള്‍ക്കും, ചെറുജീവികള്‍ക്കും അത് അപകടകരമാകും. കാലക്രമേണ അത് വലിയ മത്സ്യങ്ങളേയും ബാധിക്കും. ജലമലിനീകരണം മൂലം സസ്യവര്‍ഗ്ഗങ്ങളോടൊപ്പം സമുദ്രത്തിലെ കക്കകളും മറ്റും വിഷം ബാധിച്ച് ഭക്ഷ്യയോഗ്യമല്ലാതാകും, ലക്ഷക്കണക്കിന്‌ കടല്‍പ്പക്ഷികളും ഇതുമൂലം ചത്തൊടുങ്ങും.

   ജനസംഖ്യ അനുദിനം കൂടിക്കൊണ്ടിരിക്കുകയാണല്ലോ? വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യയുടെ ഭക്ഷ്യാവശ്യങ്ങള്‍ക്ക് നാം കൂടുതല്‍ കടല്‍ വിഭവങ്ങളെ ആശ്രയിച്ചുകൊണ്ടിരിക്കുകയുമാണ്‌. ജലമലിനീകരണം മനുഷ്യരാശിക്കാകെ അപകടം വിളിച്ചു വരുത്തുന്നു.

  കടലില്‍ പരക്കുന്ന എണ്ണപ്പാടകൊണ്ട് ഉപകാരവുമുണ്ടെന്ന് ഒരു അഭിപ്രായമുണ്ട്, എണ്ണപ്പാട പരക്കുന്നത് കൊണ്ട് ആദ്യം കുറെ പ്ലാങ്ങ് ടണുകളും മറ്റും നശിക്കുമെങ്കിലും പിന്നീട് പെട്രോളിയത്തിലടങ്ങിയ ചില രാസവസ്തുക്കള്‍ വിഘടിച്ച് പ്ലാങ്ങ് ടണുകള്‍ സമൃദ്ധമായി വളരാന്‍ സഹായിക്കും എന്നാണ് ഈ വാദഗതി, പ്ലാങ്ങ് ടണുകള്‍ ധാരാളമായി വളര്‍ന്നാല്‍ അവയെ ഭക്ഷിക്കുന്ന മത്സ്യസമ്പത്തും വര്‍ദ്ധിക്കുമല്ലോ! അമേരിക്കയിലെ എണ്ണ കുഴിച്ചെടുക്കുന്ന  കോര്‍പ് സ്ക്രിസ്റ്റി കടലിടുക്കില്‍ ഇങ്ങനെ ധാരാളമായി എണ്ണ പരക്കാറുണ്ടെങ്കിലും അവിടെ നിന്നാണ് ഏറ്റവുമധികം മത്സ്യങ്ങളെ കിട്ടാറുള്ളത് എന്നതാണ് ഈ വാദഗതിക്ക് അനുകൂലമായ തെളിവ്.