തേങ്ങയ്ക്കുള്ളില്‍ തേങ്ങാവെള്ളം വന്നത് എങ്ങനെ?
സസ്യങ്ങളില്‍ വിത്തുണ്ടാകുമ്പോള്‍ തന്നെ ബീജത്തിന് വളരാനാവശ്യമായ ഭക്ഷണവും അതില്‍ രൂപപ്പെട്ടിരിക്കും, ഈ ഭക്ഷണം എന്‍ഡോസ് പേം എന്ന ടിഷ്യൂവിലാണ് ശേഖരിക്കപ്പെടുന്നത്. കശുവണ്ടിയിലെ പരിപ്പും നെല്ലിലെ അരിയുമൊക്കെയാണ് ഈ ഭക്ഷണം. വിത്തുകളുടെ രൂപീകരണ വേളയില്‍ എന്‍ഡോസ് പേം ദ്രാവകാവസ്ഥയിലായിരിക്കും. തേങ്ങ എന്ന സസ്യവിത്തിന്റെ രൂപീകരണത്തിലും എന്‍ഡോസ് പേം ദ്രാവക രൂപത്തിലായിരിക്കും. ഈ ദ്രാവകത്തില്‍ അടങ്ങിയിട്ടുള്ള ന്യൂക്ലിയസ്സുകള്‍ വളര്‍ച്ചയുടെ ഘട്ടത്തില്‍ ഒരറ്റത്തായി അടിഞ്ഞുകൂടി തേങ്ങയുടെ വെളുത്ത, നമ്മള്‍ ഭക്ഷിക്കുന്ന ഭാഗമായിത്തീരുന്നു. തേങ്ങയുടെ കഴമ്പ് രൂപപ്പെട്ടശേഷം ബാക്കിയായ ദ്രാവകം അതേ രൂപത്തില്‍ തന്നെ നിലനില്‍ക്കുന്നു. ഇതാണ് തേങ്ങാവെള്ളം.