ഹോളി
വസന്തകാലത്തെ എതിരേൽക്കാൻ ഹിന്ദുക്കൾ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി. നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാം.
ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷിച്ചുവരുന്നത്. ദക്ഷിണേന്ത്യയിലും ഇപ്പോൾ ഹോളി ആഘോഷിക്കുന്നുണ്ട്. ഗുജറാത്തികളും മാർവാടികളും പഞ്ചാബികളുമാണ് ഹോളി ആഘോഷത്തിനു മുൻപന്തിയിൽ നിൽക്കുന്നവരെങ്കിലും മുംബൈ, ദില്ലി പോലുള്ള നഗരങ്ങളിൽ ഹോളി ആഘോഷിക്കാത്തവർ തന്നെ ചുരുക്കമാണെന്നു പറയാം. ജാതി മതഭേദമന്യേ ജനങ്ങൾ ഹോളി ആഘോഷങ്ങളിൽ പങ്കുചേരുന്നു. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്നതാണ് വിശ്വാസം.
ഫെബ്രുവരിയുടെ അവസാനമോ മാർച്ചിന്റെ ആദ്യമോ ആണ് ഹോളി വരുന്നത്. ഹിന്ദു കലണ്ടർ അനുസരിച്ച് ഫാൽഗുനമാസത്തിലെ പൗർണമിയാണ് ഹോളി. പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയിൽ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ് യഥാർഥ ഹോളി ദിവസം.
ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്. ഹോളി പണ്ട് കർഷകരുടെ ആഘോഷമായിരുന്നു. സമൃദ്ധമായ വിളവ് ലഭിക്കാനും മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുമായി തുടങ്ങിയ ആഘോഷം. എന്നാൽ പിന്നീട് അതു പൂർണമായും ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി മാറി.