ഹിന്ദുമതം
ഒരു ഇന്ത്യൻ സനാതന ധർമ്മം, അല്ലെങ്കിൽ ഒരു ജീവിത രീതിയാണ് ഹിന്ദുമതം അഥവാ ഹിന്ദുയിസം. തെക്കേ ഏഷ്യയിൽ വളരെ വ്യാപകമായ ഇത് ലോകത്തിലെ ഏറ്റവും പുരാതനമായ മതമാണ്. ലോകത്താകെയുള്ള 125 കോടിയോളം ഹിന്ദുമതവിശ്വാസികളിൽ 98 ശതമാനവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ, പ്രധാനമായും ഇന്ത്യയിൽ വസിക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു. ക്രിസ്തുമതവും ഇസ്ലാംമതവും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ് ഹിന്ദുമതം.
പൊതുവായി ബ്രഹ്മത്തെ (ഓംകാരത്തെ) ഉപാസിക്കുന്നവരാണ് ഹൈന്ദവർ എന്ന് പറയാം. “ഓം” എന്നതാണ് ഓംകാരത്തിന്റെ ശബ്ദം. ഓംകാരമാണ് ആദിയിൽ ഉണ്ടായ ശബ്ദമെന്ന് ഹിന്ദുധർമം പഠിപ്പിക്കുന്നു. “സർവ്വ ലോകങ്ങളേയും, സർവ്വചരാചരങ്ങളെയും സൃഷ്‌ടിച്ചത് സാക്ഷാൽ ബ്രഹ്മമാണെന്നും ദേവതകൾ അനേകം ഉണ്ടെന്നും (മുപ്പത്തിമുക്കോടി ദേവതകൾ ) മുപ്പത്തിമുക്കോടി ദേവതകളിൽ ആരെ ഉപാസിച്ചാലും വിവിധ നദികൾ അനന്തമഹാസാഗരത്തിൽ എത്തുന്നതുപോലെ സാക്ഷാൽ പരബ്രഹ്മത്തിൽ എത്തിച്ചേരുന്നുവെന്നും ലക്ഷക്കണക്കിന് ഋഷിമാർ, ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ എന്നിവ ഉണ്ടെന്നും ഹിന്ദു ധർമ്മം (സനാതന ) പഠിപ്പിക്കുന്നു. ഹിന്ദു ധർമ്മത്തിൽ എല്ലാ ദേവതാ സ്തുതികൾക്ക് മുൻപിലും പൊതുവായി “ഓം” എന്ന ശബ്ദം കാണാം. ഇത് ലോകത്തിലെ ഏറ്റവും പുരാതനമായ മതമായി കണക്കാക്കപ്പെടുന്നു. ബ്രഹ്മത്തിൽ നിന്നും വിവിധങ്ങളായ ഭാവങ്ങളിൽ ആദി പിതാവായ മനു, ശതരൂപ ഇവർ ഭൂമിയിൽ വന്നു പഞ്ചഭൂതങ്ങളുമായി (ഭൂമി, ജലം, വായു, അഗ്നി, ആകാശം ) ചേർന്ന് സമുദ്രത്തിൽ മത്സ്യരൂപത്തിൽ ആദി ജീവൻ ഉത്ഭവിച്ചു (ഭൂമിയിൽ ). പിന്നീട് വളരെക്കാലത്തെ പരിണാമ ഫലമായി ഇന്ന് കാണുന്ന രൂപത്തിൽ മനുഷ്യർ ഉണ്ടായി എന്നും ഹിന്ദു (സനാതന ധർമ്മം) പഠിപ്പിക്കുന്നു. അതിനാൽ ഹിന്ദുയിസം മനുഷ്യരെ പുണ്യാത്മാക്കൾ ആയിട്ടാണ് കാണുന്നത്. അവരവരുടെ കർമഫലമാണ് ഓരോരുത്തരും അനുഭവിക്കുന്നത് ഇതാണ് ഹിന്ദുയിസം പഠിപ്പിക്കുന്നത്. വേദങ്ങളിൽ അധിഷ്ഠിതമാണ് ഹിന്ദുധർമ്മം; (ആദിവേദമായ പ്രണവവേദം കൂടാതെ നാല് വേദങ്ങൾ ഉണ്ട്. ഋഗ്വേദം, യജ്ജുർവേദം, സാമവേദം, അഥർവവേദം). എന്നാൽ ഹിന്ദു മതം ശ്രുതി, സ്മൃതി, ശ്രുതി ഗ്രഹിച്ചതാണ്. ശ്രുതി വിഭാഗത്തിൽ ഉള്ള ഗ്രന്ഥങ്ങൾക്ക് അപ്രമാദിത്വം ഉണ്ട്. വേദങ്ങൾ ആണ് ശ്രുതി വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഋക്, യജു:, സാമം, അഥർവം എന്നിവയാണ് വേദങ്ങൾ. ഓരോ വേദത്തിനും നാല് ഭാഗങ്ങളുണ്ട്: സംഹിത, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ.
സ്മൃതി എന്നതിന് ഓർമ്മിക്കപ്പെടുന്നത് എന്നാണർത്ഥം. ശ്രുതിക്കുള്ളത്ര പ്രമാണികത്വം സ്മൃതിക്കില്ല. ശ്രുതിയുടെ വിശദീകരണവും വിപുലീകരണവും ആണ് സ്മൃതി. ഏതെങ്കിലും കാര്യത്തിൽ ശ്രുതിയും സ്മൃതിയും തമ്മിൽ പൊരുത്തപ്പെടുന്നില്ലെങ്കിൽ ശ്രുതി ആയിരിക്കും സ്വീകരിക്കപ്പെടുക. ഉപര്യുക്തമായ ശ്രുതി വിഭാഗത്തിൽപ്പെടാത്ത ഗ്രന്ഥങ്ങളത്രയും സ്മൃതിയിൽപ്പെടും. ഇവയിൽ പ്രധാനം വേദാംഗങ്ങൾ, ധർമ്മശാസ്ത്രങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ആഗമങ്ങൾ, ദർശനങ്ങൾ എന്നിവയാണ്.[5] ലോക നന്മക്കായി രചിക്കപ്പെട്ടവയാണ് എങ്കിലും കാലക്രമത്തിൽ അവ പൗരോഹിത്യത്തിന്റെ കുത്തക ആയിത്തീരുകയായിരുന്നു തുടർന്ന് തൊഴിൽ അടിസ്ഥാനത്തിൽ ജാതി വ്യവസ്ഥ രൂപം കൊണ്ടു.
അധികാരവും സമ്പത്തും കയ്യാളുന്ന പുരോഹിതൻമാർ ഉയർന്നവരും പാർശ്വവൽക്കരിക്കപ്പെട്ടവർ താഴ്ന്നവരും ആയി മാറുകയുണ്ടായി. ഇത് ബ്രാഹ്മണ- വൈദികമതത്തിന്റെ മേൽക്കോയ്മ മൂലമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇക്കാര്യത്തിൽ ആര്യന്മാരുമായി ബന്ധപ്പെട്ടു ഇന്നും ഗവേഷണങ്ങളും തർക്കങ്ങളും നടക്കുന്നുണ്ട്.
ഹിന്ദുമതത്തിലെ ദൈവസങ്കൽപ്പവും, വിശ്വാസാനുഷ്ഠാനങ്ങളും കാലദേശങ്ങളിൽ വ്യത്യാസപ്പെട്ട് കാണാറുണ്ട്. എങ്കിലും പൊതുവായി പരമാത്മാവ്, ഭഗവാൻ, ഭഗവതി അഥവാ പരബ്രഹ്മം എന്ന ഈശ്വരസങ്കല്പവും ഇതേ ഭഗവാന്റെ വിവിധ ഭാവങ്ങളിലുള്ള ദേവതാസങ്കൽപ്പങ്ങളും കാണാം. ഇതാണ് സഗുണാരാധന. ഈ ദേവതകളെ ആരാധിക്കുന്നതിന് “ഓം” എന്ന ശബ്ദം പൊതുവായി ഉപയോഗിക്കാറുണ്ട്.
ആദിനാരായണൻ/ആദിപരാശക്തിയുടെ സാത്വിക, രാജസിക, താമസിക ഗുണങ്ങൾ ത്രിമൂർത്തികൾ ആയി ആരാധിക്കപ്പെട്ടു. സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയെ ആണ് ത്രിമൂർത്തികൾ പ്രതിനിധീകരിക്കുന്നത്. ഇവരുടെ ശക്തികളായി ത്രിദേവിമാരെയും കാണാം. ഇവരാണ് സരസ്വതി, ലക്ഷ്മി, പാർവതി എന്നിവർ. ജ്ഞാനം, ഐശ്വര്യം, ശക്തി അഥവാ ജ്ഞാനശക്തി, ക്രിയാശക്തി, ഇച്ഛാശക്തി എന്നിവയെ ആണ് ഭഗവാൻ/ഭഗവതി പ്രതിനിധീകരിക്കുന്നത്. എല്ലാ ദേവതകളും പരമാത്മാവിൽ കുടികൊള്ളുന്നു എന്ന് ഭഗവദ്‌ഗീത പഠിപ്പിക്കുന്നു.
ഹൈന്ദവ സംസ്കാരം അല്ലെങ്കിൽ സനാതനധർമ്മം ഒൻപതു മതങ്ങളും, അനേകം പ്രകൃതിമതങ്ങളും ഉപമതങ്ങളും ആത്മാരാധനകളും ഗോത്രാചാരങ്ങളും ചേർന്നതാണ്. അതിൽ പ്രധാനമായവ ശൈവം, വൈഷ്ണവം, ശാക്തേയം, സൌരം, കൌമാരം, ഗാണപത്യം, ചാർവാകം എന്നിവയാണ്. ഈ അനേക മതങ്ങളും വിശ്വാസങ്ങളും തന്നെയാണ് ഹിന്ദുമതത്തെ മറ്റു അഭാരതീയ മതങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നതും. ജീവാത്മായ മനുഷ്യൻ പരമാത്മാവിൽ ലയിക്കുന്നത് അഥവാ മോക്ഷപ്രാപ്തിയാണ് ഹിന്ദുധർമത്തിന്റെ മുഖ്യ ലക്ഷ്യമായി വിലയിരുത്തപ്പെടുന്നത്. ചിലർ ബൗദ്ധ-ജൈനമതങ്ങളെയും ഹിന്ദുധർമത്തിന്റെ ഭാഗമായി കണക്കാക്കുന്നു. ദ്രാവിഡമതം, താന്ത്രികമതം, ബ്രാഹ്മണ/വൈദികമതം തുടങ്ങി ഗോത്രാചാരങ്ങൾ വരെ ചേർന്നതാണ് ഇന്നത്തെ ഹിന്ദുധർമ്മം എന്ന് പറയാം. ഏകദൈവ, ബഹുദേവത വിശ്വാസം മുതൽ നിരീശ്വരവാദം വരെയുള്ള വൈവിധ്യങ്ങൾ ഇതിൽ കാണാം.
ഈശ്വരനിൽ വിശ്വസിച്ചില്ലെങ്കിലും സത്യവും ധർമ്മവും പാലിച്ചു ജീവിക്കുന്ന വ്യക്തികൾക്ക് മോക്ഷപ്രാപ്തിക്ക് അർഹതയുണ്ടെന്ന് ഭാരതീയർ വിശ്വസിക്കുന്നു. വ്യക്തികൾക്ക് ഇഷ്ടമുള്ള രീതിയിൽ ഭഗവാനെ ആരാധിക്കുവാനും ആരാധിക്കാതിരിക്കാനും ഹിന്ദുധർമം അനുവദിക്കുന്നു. ഏതു രീതിയിൽ ആരാധിച്ചാലും വിവിധ നദികൾ കടലിൽ ചേരുന്ന പോലെ ഒടുവിൽ ഭഗവാനിൽ എത്തിച്ചേരും എന്ന് ഹൈന്ദവർ വിശ്വസിക്കുന്നു. സനാതനധർമത്തെ ഒരു മതത്തിന്റെ ചട്ടക്കൂട്ടിൽ ഒതുക്കുന്നത് തന്നെ ഇവിടെ സെമിറ്റിക്ക് മതങ്ങൾ വന്നതിനു ശേഷമാണ്. ഭാരതത്തിൽ വികസിച്ചു വന്ന സംസ്കാരമാണെങ്കിലും ഈ സനാതനധർമ്മം മറ്റുള്ള രാജ്യങ്ങളിലും പ്രചരിച്ചിരുന്നു. നേപ്പാൾ ഒരു ഹൈന്ദവ ഭൂരിപക്ഷ രാജ്യമായിരുന്നു. ഇന്തോനേഷ്യ, തായ്‌ലാന്റ്, കമ്പോഡിയ, ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളിൽ ഇതിന്റെ പ്രഭാവവും അവശേഷിപ്പുകളും ഇപ്പോഴും അവശേഷിക്കുന്നു. പല അറബ് രാജ്യങ്ങളിലും, പാശ്ചാത്യരാജ്യങ്ങളിലും ഇന്ന് ഹൈന്ദവ ക്ഷേത്രങ്ങൾ കാണാം.
ഹിന്ദു എന്നത് യഥാർത്ഥത്തിൽ ഹിന്ദുമത വിശ്വാസിയെ സൂചിപ്പിക്കുവാനുള്ള പദമായല്ല രൂപപ്പെട്ടത്. വിദേശിയർ ഭാരതീയർക്ക് നൽകിയ പേരു മാത്രമാണത്. സിന്ധുനദീതട സംസ്കാരവുമായി ബന്ധപെട്ടാണ് ഈ വാക്ക് ഉപയോഗിച്ചതെന്ന് കണക്കാക്കപ്പെടുന്നു.