EncyclopediaIndia

ഹിമാചൽ പ്രദേശ്‌

ഹിമാചൽ പ്രദേശ്‌ ഇന്ത്യയുടെ വടക്കൻ ഭാഗത്തുള്ള പതിനെട്ടാമത്തെ സംസ്ഥാനമാണ്‌. പടിഞ്ഞാറൻ ഹിമാലയൻ താഴ്‌വരയിൽ വ്യാപിച്ചുകിടക്കുന്ന ഈ ചെറു സംസ്ഥാനം നിരവധി കൊടുമുടികൾ നിറഞ്ഞതും ഒട്ടേറെ നദികളുടെ ഉത്ഭവ സ്ഥാനവും കൂടിയാണ്‌. ഹിമാചൽ പ്രദേശ്ന്റെ വടക്കുഭാഗത്ത് കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക്, പടിഞ്ഞാറ് പഞ്ചാബ്, തെക്കുപടിഞ്ഞാറ് ഹരിയാന, തെക്ക് ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവയുമായി അതിർത്തി പങ്കിടുന്നു. കിഴക്കുഭാഗത്ത് ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റ് സ്വയംഭരണ പ്രദേശവുമായി സംസ്ഥാനത്തിന് അതിർത്തിയുണ്ട്. ഷിംലയാണ്‌ സംസ്ഥാന തലസ്ഥാനം. ഷിംല, കുളു, മനാലി എന്നിവ ഹിമാചൽ പ്രദേശിലെ പ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രങ്ങളാണ്.
പർവ്വതപ്രദേശങ്ങൾ പ്രബലമായ ഹിമാചൽ പ്രദേശ് ഉൾപ്പെടുന്ന പ്രദേശം ചരിത്രാതീത കാലം മുതൽക്കുതന്നെ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള മനുഷ്യ കുടിയേറ്റത്തിന്റെ ഒന്നിലധികം തരംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. ചരിത്രത്തിലുടനീളം ഈ പ്രദേശത്തെ കൂടുതലായും ഭരിച്ചിരുന്നത് പ്രാദേശിക രാജവംശങ്ങളായിരുന്നു. അവയിൽ ചിലത് വലിയ സാമ്രാജ്യങ്ങളുടെ മേധാവിത്വം സ്വീകരിച്ചിരുന്നു. ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള കാലത്ത് ഹിമാചൽ പ്രദേശ് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ മലയോര മേഖലകളിലുൾപ്പെട്ടിരുന്നു. സ്വാതന്ത്ര്യാനന്തരം, മലയോര പ്രദേശങ്ങളിൽ പലതും ചീഫ് കമ്മീഷണറുടെ കീഴിലുള്ള ഹിമാചൽ പ്രദേശ് പ്രവിശ്യയായി സംഘടിപ്പിക്കപ്പെടുകയും പിന്നീട് ഇത് ഒരു യൂണിയൻ പ്രദേശമായി മാറുകയും ചെയ്തു. 1966-ൽ അയൽപ്രദേശമായ പഞ്ചാബ് സംസ്ഥാനത്തെ മലയോര പ്രദേശങ്ങൾ ഹിമാചലിൽ ലയിപ്പിക്കുകയും അന്തിമമായി 1971-ൽ പൂർണ സംസ്ഥാന പദവി ലഭിക്കുകയും ചെയ്തു.
നിവധി ഉറവ വറ്റാത്ത നദികൾ ഒഴുകുന്ന ഹിമാചൽ പ്രദേശ് ഹിമാലയൻ താഴ്‌വരകളിലാകമാനമായി വ്യാപിച്ച് കിടക്കുന്നു. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 90 ശതമാനും ഗ്രാമപ്രദേശങ്ങളിലാണ് അധിവസിക്കുന്നത്. കൃഷി, ഹോർട്ടികൾച്ചർ, ജലവൈദ്യുതി, വിനോദസഞ്ചാരം എന്നിവയാണ് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നത്. ഏതാണ്ട് സാർവത്രികമായി വൈദ്യുതീകരിക്കപ്പെട്ടിരിക്കുന്ന ഈ മലയോര സംസ്ഥാനത്ത്, 2016 ലെ കണക്കനുസരിച്ച് 99.5 ശതമാനം വീടുകളിലും വൈദ്യുതി ഉണ്ട്. 2016 ൽ സംസ്ഥാനത്തെ ഇന്ത്യയുടെ രണ്ടാമത്തെ തുറന്ന മലിനീകരണ രഹിത സംസ്ഥാനമായി പ്രഖ്യാപിച്ചു. 2017 ലെ സി‌എം‌എസ് – ഇന്ത്യ അഴിമതി പഠന സർവേ പ്രകാരം ഹിമാചൽ പ്രദേശാണ് ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം.