EncyclopediaWild Life

ഉരഗങ്ങളിലെ നായകനും വില്ലനും

ലോകത്തിന്റെ പല ഭാഗത്തും പുരാണകഥകളിലും നാടോടിക്കഥകളിലും ഉരഗങ്ങള്‍ കഥാപാത്രങ്ങളായിട്ടുണ്ട്.അനേകം തലകളുള്ള പാമ്പുകളും കൊമ്പും വാലുമായി ചിറകടിച്ചെത്തുന്ന വ്യാളികളുമൊക്കെ ഇതില്‍ പെടുന്നു. ഇവയില്‍ ചിലത് നന്മയുടെ പ്രതീകമാവുമ്പോള്‍ മറ്റു ചിലത് തിന്മയുടെ പ്രതിനിധിയാണ്.
വ്യാളികള്‍ അഥവാ ഡ്രാഗണുകള്‍ ചൈനീസ്‌ പുരാണകഥകളിലും നാടോടിക്കഥകളിലുമാണ് ഏറ്റവുമധികം ഉള്ളത്.ഇന്നും ചൈനാക്കാരുടെ പല നാടോടിക്കലാരൂപങ്ങളിലും വ്യാളികള്‍ പ്രധാനകഥാപാത്രങ്ങള്‍ ആണ്. ചൈനയില്‍ വ്യാളി നന്മയുടെ പ്രതീകമാണ്.എന്നാല്‍ യൂറോപ്പില്‍ നേരെ തിരിച്ചും. വ്യാളി ക്രൂരതയുടെ പര്യായമാണവിടെ.ഇന്നത്തെ ഇറാഖും ഇറാനുമുള്‍പ്പെടുന്ന ബാബിലോണിയ എന്ന രാജ്യത്ത് ജീവിച്ചിരുന്ന ദാനിയേല്‍ പ്രവാചകന്റെ കഥ ബൈബിള്‍ പഴയ നിയമത്തിലുണ്ട്.രാജാവ് ദേവനെപ്പോലെ കരുതി വളര്‍ത്തിയിരുന്ന ഒരു വ്യാളിയെ ദാനിയേല്‍ നശിപ്പിക്കുന്നതായി ഇതില്‍ വിവരിക്കുന്നു.
കേരളത്തിലടക്കം ലോകത്തിന്റെ പല ഭാഗങ്ങളില്‍ ക്രിസ്തുമതവിശ്വാസികള്‍ വണങ്ങുന്ന സെന്റ്‌ ജോര്‍ജ്ജ് പുണ്യവാളനെ ക്കുറിച്ചുള്ള ഒരു കഥയിലും വ്യാളിയുണ്ട്.ഇന്നത്തെ തുര്‍ക്കിയും റഷ്യയുടെ പല ഭാഗങ്ങളും ഉള്‍പ്പെട്ടിരുന്ന ബൈസാന്റിയന്‍ സാമ്രാജ്യവുമായി ബന്ധപ്പെട്ടതാണ് ആ കഥ. അവിടെ ഒരു രാജ്യത്തിലുള്ളവരെ ഉപദ്രവിച്ചു കഴിഞ്ഞിരുന്ന വ്യാളിയെ സെന്റ്‌ ജോര്‍ജ്ജ് വകവരുത്തിയത്രേ.
ഗ്രീക്ക് പുരാണ കഥകളിലും ഭീകരങ്ങളായ ഉരഗങ്ങളുണ്ട് കഥാപാത്രങ്ങളായി. ഹൈഡ്ര എന്ന ഭീകരസത്വം അതിലൊന്നാണ്.ഇതിന്റെ ഒരു തല മുറിച്ചാല്‍ ആ സ്ഥാനത്ത് രണ്ടു തല വളര്‍ന്നു വരുമായിരുന്നു.ഒടുവില്‍ അതിശക്തനായ ഹെര്‍ക്കുലീസാണ് ഹൈഡ്രയെ വധിച്ച് ജനങ്ങളെ രക്ഷിച്ചതെന്ന് കഥയില്‍ പറയുന്നു.
ഭാരതീയ പുരാണങ്ങളില്‍ ഭീകരരായ വ്യാളികള്‍ക്ക് പകരം സര്‍പ്പങ്ങള്‍ ആണ് കടന്നുവരുന്നത്. കാളിയെന്ന ദുഷ്ട സര്‍പ്പത്തെ ശ്രീകൃഷ്ണന്‍ തോല്‍പ്പിച്ച കഥ വളരെ പ്രസിദ്ധമാണ്. രക്ഷകനും വാസുകിയും കാര്‍ക്കൊടകനുമെല്ലാംനമ്മുടെ പുരാണങ്ങളിലെ സര്‍പ്പകഥാപാത്രങ്ങള്‍ ആണ്.മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരം ഉരഗങ്ങളില്‍ പ്പെടുന്ന ‘കുര്‍മ്മം’അഥവാ ആമയയിരുന്നു. മഹാവിഷ്ണുകിടക്കുന്നത് അനന്തന്‍ എന്ന മഹാസര്‍പ്പത്തിന്റെ ശരീരത്തിലാണ് എന്ന്‍ വിശ്വാസം. പരമശിവന്റെ കഴുത്തിലുണ്ട് പത്തി വിരിച്ചു നില്‍ക്കുന്ന സര്‍പ്പം.
12 നൂറ്റാണ്ടിലെ ഇറ്റാലിയന്‍ സഞ്ചാരി മാര്‍ക്കോ പോളോ വ്യാളിയെ കണ്ടതായി രേഖപ്പെടുത്തിയുണ്ട്.കിഴക്കന്‍ രാജ്യങ്ങളില്‍ തീതുപ്പുന്ന പറക്കും വ്യാളികളെ കണ്ടതായാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.