മൈലാഞ്ചി
മൈലാഞ്ചി നമ്മുടെ നാട്ടില്‍ സാധാരണ ഉപയോഗിക്കുന്നത് സൗന്ദര്യം വര്‍ധിപ്പിക്കാനാണ്. എന്നാല്‍ മൊഞ്ചിനു മാത്രമല്ല മരുന്നിനും ഉപയോഗിക്കുന്ന സസ്യമാണ് മൈലാഞ്ചി.
മൈലാഞ്ചിയുടെ ഇല, പൂവ്, വിത്ത് എന്നിവയ്ക്ക് കഫ, പിത്ത രോഗങ്ങളെ ശമിപ്പിക്കാന്‍ കഴിവുണ്ട്. കൂടാതെ ശരീരത്തിലെ നീര് ഇല്ലാതാക്കാനും വേദനകുറയ്ക്കാനും ഇവ ഉപയോഗിക്കാറുണ്ട്.
സൗന്ദര്യസംരക്ഷണരംഗത്താണ് മൈലാഞ്ചികള്‍ക്ക് മിടുക്ക് കൂടുതല്‍, മുടിക്ക് കറുപ്പ് നിറം നല്‍കുന്നതിനോടൊപ്പം മുടികൊഴിച്ചില്‍ തടയാനും മൈലാഞ്ചി ഉപയോഗിക്കുന്നു. കുഴിനഖം, വളംകടി എന്നിവയ്ക്ക് മൈലാഞ്ചി അരച്ച് കെട്ടിവയ്ക്കുന്നത് നല്ലതാണ്, മൈലാഞ്ചി പതിവായി അരച്ച് തലയില്‍ പുരട്ടുന്നത് നല്ല ഉറക്കം കിട്ടാനും ഉപകരിക്കും.
ചെറുവൃക്ഷമായും കുറ്റിച്ചെടിയായും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ മൈലാഞ്ചി വളരാറുണ്ട്, പണ്ട് കാലത്ത് പട്ടുതുണികളില്‍ ചായം നല്‍കാനായും മൈലാഞ്ചി ഉപയോഗിച്ചിരുന്നു, പിന്നീട് കൃത്രിമച്ചായങ്ങള്‍ ആ സ്ഥാനം കയ്യടക്കി.