മുള്ളൻ പന്നി
മുള്ളൻ പന്നി (ശാസ്ത്രീയനാമം: Hystrix indica) കരണ്ടുതീനി നിരയിലെ മുള്ളൻ പന്നി കുടുംബത്തിൽപ്പെട്ട ദക്ഷിണ ഏഷ്യയിലും മദ്ധ്യപൂർവേഷ്യയിലും കാണപ്പെടുന്ന ഒരു ജന്തുവാണ്.
ഇന്ത്യയിൽ ഏറ്റവും സാധാരണയായും വലുതുമായ മുള്ളൻപന്നിയാണിത്. കറുത്ത ശരീരം കറുപ്പും വെളുപ്പുമുള്ള മുള്ളുകളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. നെറ്റി മുതൽ മദ്ധ്യം വരെ നീളമുള്ള മുള്ളുകൾ നിറഞ്ഞിരിക്കുന്നു. വാൽ അവസാനിക്കുന്നത് കട്ടിയുള്ള ഒരുകൂട്ടം വെള്ളമുള്ളുകളായാണ്. തെക്കേ ഇന്ത്യയിൽ (കർണാടകത്തിൻറെയും തമിഴ്നാടിൻറെയും കേരളത്തിൻറെയും പൊതുവായ അതിർത്തിയിൽ കാണുന്നു. ചുവന്ന മുള്ളൻപന്നി (Red Porcupine) എന്ന് വിളിക്കപെടുന്ന ഉപ ഇനത്തിന് മുതുകിൽ തുരുമ്പിൻറെ നിറം കലർന്ന മുള്ളുകളാണ് ഉള്ളത്.
പ്രത്യേകതകൾ
മുള്ളൻപന്നി വനത്തിനരികെയുള്ള വിളകൾ നശിപ്പിക്കുന്നതായും തറനിരപ്പിലുള്ള മരത്തിൻറെ തൊലി തിന്നുന്നതായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.ഇവയുടെ ശരീരമാസകലം നീണ്ട മുള്ളുകൾ കാണപ്പെടുന്നു. പേരു സൂചിപ്പിക്കുന്ന വിധം പന്നി വർഗത്തിൽപ്പെട്ടതല്ല ഈ ജീവി. മുള്ളൻ പന്നി ശത്രുക്കളെ നേരിടുന്നത് മുഖാമുഖമല്ല, പൃഷ്ഠം കൊണ്ടാണ്. പിന്നാക്കമോടുകയും പൃഷ്ഠം കൊണ്ട് ഇടിക്കുകയും ചെയ്യുന്നു. മുള്ളൻ പന്നിയുടെ മുള്ളുകൾ രോമങ്ങളുടെ രൂപാന്തരമാണ്. ശത്രുവിന്റെ ദേഹത്ത് തറയ്ക്കുന്ന മുള്ളുകൾ അതിന്റെ ശരീരത്തിൽ നിന്നും അടർന്നുപോകും. മുള്ളൻ പന്നികൾക്ക് എല്ലു കരണ്ടു തിന്നുന്ന സ്വഭാവമുണ്ട്, കാരണം മുള്ളുകൾ വളരാൻ എല്ലിൽ മാത്രം അടങ്ങിയിട്ടുള്ള കാത്സ്യവും ഫോസ്ഫറസും മറ്റും ആവശ്യമാണ്.
പെരുമാറ്റം
അപകടം മനസ്സിലാക്കിയാൽ മുള്ളൻപന്നി പുറത്തെ മുള്ളുകൾ എഴിച്ചുനിർത്തുകയും ഭയപെടുത്തുന്ന രീതിയിൽ വാലിലെ മുള്ളുകൾ കുലുക്കി ശബ്ദദമുണ്ടാക്കുകയും ചെയ്യുന്നു. അപകടം ഒഴിഞ്ഞുപോകുന്നില്ലെങ്കിൽ പുറം തിരിഞ്ഞ് അത് വേഗത്തിൽ ശത്രുവിന് നേരെ കുതിക്കുകയും അതിന്റെ മുള്ളുകൾ ശത്രുജീവിയുടെ മാംസത്തിൽ തുളച്ചു കയറ്റുകയും ചെയ്യുന്നു. പുള്ളിപ്പുലികളുടെയും കടുവകളുടെയും ശരീരത്തിൽ മാരകമായ മുറിവുണ്ടാക്കാൻ ഇവയ്ക്ക് കഴിയും എന്നാൽ മറ്റു മൃഗങ്ങൾക്ക് നേരെ മുള്ളൻപന്നി അതിന്റെ മുള്ളുകൾ ഉതിർക്കാറില്ല. പൊതുവെയുള്ള വിശ്വാസം ഇതിനെതിരെയാന്നെങ്കിലും.
വലിപ്പം
ശരിരത്തിന്റെ മൊത്തം നീളം: 60-90 സെ.മീ. തൂക്കം: 11-18 കിലോ.
ആവാസം കാണപ്പെടുന്നത്
ഇന്ത്യയിൽ എല്ലാ ഇടവുമുള്ള പാറകൾ നിറഞ്ഞ കുന്നിൻചരുവിൽ, തുറസ്സായ ഗ്രാമപ്രേദേശങ്ങളിൽ, ഇലപൊഴിയുന്ന വനങ്ങളിൽ, മാളങ്ങളിലും കട്ടിയുള്ള കുറ്റിച്ചെടികൾക്കിടയിലും പുല്ലുകൾക്കിടയിലും കഴിയുന്നു.