EncyclopediaIndia

ഹരിയാന

ഇന്ത്യയുടെ വടക്കുഭാഗത്തുള്ള സംസ്ഥാനമാണ് ഹരിയാണ. പഞ്ചാബ്‌, ഹിമാചൽ പ്രദേശ്‌, രാജസ്ഥാൻ, ഉത്തരാഞ്ചൽ, ഉത്തർ പ്രദേശ്‌, ദില്ലി എന്നിവയാണ്‌ അയൽ സംസ്ഥാനങ്ങൾ. ഹിന്ദു പുരാണങ്ങളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശമാണിത്‌. ഹിന്ദുമതത്തിലെ വേദ സംസ്കാരത്തിന്റെ ഉറവിടം ഇവിടെ നിന്നാണെന്നു കരുതപ്പെടുന്നു. കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡ്‌ ആണ്‌ ഹരിയാണയുടെ തലസ്ഥാനം. അയൽ സംസ്ഥാനമായ പഞ്ചാബിന്റെയും തലസ്ഥാനം ഇതുതന്നെ.

ചരിത്രം

ഹാരപ്പൻ സംസ്ക്കാരത്തേക്കാൾ പഴക്കമുള്ളതെന്ന് കരുതപ്പെടുന്ന ചരിത്രാവിശിഷ്ടങ്ങൾ ഹരിയാണയിലെ കോഹ്റ കോട്ടിൽ നിന്ന് ലഭിച്ചിട്ടുണ്ട്. മഹാഭാരതയുദ്ധം നടന്ന കുരുക്ഷേത്രം ഈ സംസ്ഥാനത്തിലുൾപ്പെട്ട പ്രദേശമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഹരിയാണ ഉൾപ്പെട്ട പ്രദേശങ്ങളിൽ പല രാജവംശങ്ങളും അധികാരം സ്ഥാപിച്ചിട്ടുണ്ട്. ഒടുവിൽ ഈ പ്രദേശങ്ങൾ ബ്രിട്ടീഷ് നിയന്ത്രണത്തിലെത്തിച്ചേർന്നു. പഞ്ചാബ് പ്രവിശ്യയിലായിരുന്നു ഏറെക്കാലം ഹരിയാണ. സ്വാതന്ത്രത്തിന്‌ ശേഷവും ഹരിയാണ പഞ്ചാബിന്റെ ഭാഗമായിരുന്നു. 1966-ലാണ്‌ ഹരിയാണ പ്രത്യേക സംസ്ഥാനമായി വേർതിരിച്ചത്. ചണ്ഡീഗഢ് കേന്ദ്രഭരണപ്രദേശമാക്കി ഹരിയാണയുടെയും പഞ്ചാബിന്റെയും തലസ്ഥാനമാക്കുകയും ചെയ്തു.