ഹരിശ്രീ അശോകൻ
മലയാള ചലച്ചിത്ര നടനും സംവിധായകനുമാണ് ഹരിശ്രീ അശോകൻ. നൂറിലധികം മലയാള ചിത്രങ്ങളിൽ അശോകൻ അഭിനയിച്ചിട്ടുണ്ട്. ഹരിശ്രീ എന്ന ട്രൂപ്പിൽ മിമിക്രി ആർട്ടിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് കലാഭവനിൽ ജോലി ചെയ്തു.
മുൻകാലജീവിതം
1964 ഏപ്രിൽ 6-ന് കൊച്ചിയിലെ എറണാകുളത്ത് വച്ച് പരേതരായ കുഞ്ചപ്പന്റെയും ജാനകിയുടെയും പത്തു മക്കളിൽ ആറാമത്തെ കുട്ടിയായി അശോകൻ (ബാബു എന്ന വിളിപ്പേര്) ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം എറണാകുളം എം.എ.എച്ച്.എസിൽ നിന്ന് പൂർത്തിയാക്കി. എറണാകുളത്ത് നിന്ന് ടെലികോം എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടി. 1984-ൽ കേരളത്തിലെ കൊച്ചിയിൽ ടെലികോം ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് ലൈൻമാനായി. അവിടെ ജോലിചെയ്യുമ്പോൾ കലാഭവനിൽ ചേരുകയും പിന്നീട് ഹരിശ്രീയിലേക്ക് മാറുകയും ചെയ്തു. അതിനുശേഷം അദ്ദേഹത്തെ ‘ഹരിശ്രീ അശോകൻ‘ എന്ന് വിളിക്കാൻ തുടങ്ങി. 1989-ൽ റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു.പഞ്ചാബി ഹൗസ് എന്ന സിനിമയാണ് വഴിത്തി്രി വായത്.ഇതിലെ രമണൻ എന്ന ഹാസ്യകഥാപാത്രം ഹിറ്റായി.തുടർന്ന് അശോകനെത്തേടി ഒട്ടേറെ അവസരങ്ങളെത്തി. സംഭാഷണശൈലിയുടെ പ്രത്യേകതയായാണ് അശോകനിലെ ഹാസ്യനടനെ കൂടുതൽ ശ്രദ്ധേയനാക്കിയത്. 2007-ൽ ആകാശം എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അശോകൻ ഗൗരവതരമായ വേഷങ്ങളിലേക്ക് ചുവടുമാറ്റം നടത്തി.