EncyclopediaWild Life

മുയല്‍ചെവിയന്‍ ബില്‍ബി!

മുയലിന്റേത് പോലെ നീണ്ട ചെവികള്‍, വലിപ്പം കൂടിയ പിന്‍കാല്‍, മൂന്നു നിറമുള്ള നീളന്‍ വാല്‍. ബില്‍ബി എന്ന സഞ്ചിമൃഗത്തിന്റെ പ്രത്യേകതകളാണിവ. അമ്മയുടെ വയറ്റില്‍ വെറും പതിനാലു ദിവസമേ വളരൂ എന്നതാണ് ഇവരുടെ മറ്റൊരു പ്രത്യേകത. ജനിക്കുമ്പോള്‍ത്തന്നെ അമ്മയുടെ സഞ്ചിയിലെത്തുന്ന കുഞ്ഞുങ്ങള്‍ അവിടെ എണ്‍പതു ദിവസം കഴിയും. സഞ്ചിയിലെത്തുന്ന കുഞ്ഞുങ്ങള്‍ അവിടെ എണ്‍പത് ദിവസം കഴിയും. സഞ്ചിയില്‍ നിന്ന് പുറത്തു വന്നാലും രണ്ടാഴ്ച കൂടി അമ്മയോടൊപ്പം അവ മാളത്തില്‍ തന്നെ കഴിച്ചുകൂട്ടും, മാളമുണ്ടാക്കാന്‍ കേമന്മാരാണ് ബില്‍ബികള്‍, ഏഴടി വരെ താഴ്ചയില്‍ മണ്ണു കുഴിച്ച് അവ മാളമുണ്ടാക്കുന്നു. ഇത്തരം മാളങ്ങള്‍ക്ക് പത്തടിയോളം നീളം കാണും.
ഒരു മാളത്തില്‍ ഒരു ആണും ഒന്നിലേറെ പെണ്ണുങ്ങളും കുഞ്ഞുങ്ങളുമുണ്ടാകും. 30 മുതല്‍ 55 സെന്റിമീറ്റര്‍ വരെയാണ് അവയുടെ നീളം, വാല്‍ മാത്രം 29 സെന്റിമീറ്ററുണ്ടാകും. ഭാരം രണ്ടര കിലോഗ്രാമേ കാണൂ. നീലകലര്‍ന്ന ചാര നിറക്കാരാണ് ഇക്കൂട്ടര്‍. വാലില്‍ ചാര നിറം കൂടാതെ കറുപ്പും വെളുപ്പും കാണാം. വാളിനറ്റത്ത് നീണ്ട രോമങ്ങളും കാണപ്പെടുന്നു.
പ്രാണികളും ചെറിയ ജീവികളുമാണ് പ്രധാന ആഹാരം. ചില ചെടികളും തിന്നാറുണ്ട്. പകല്‍ മാളങ്ങളില്‍ ഉറങ്ങുന്ന അവ രാത്രിയാണ് ഇര തേടി പുറത്തിറങ്ങുക. പെണ്‍കുഞ്ഞുങ്ങള്‍ അഞ്ചു മാസം കൊണ്ട് ആണ്‍കുഞ്ഞുങ്ങള്‍ പന്ത്രണ്ടു മാസം കൊണ്ടുമാണ് പൂര്‍ണവളര്‍ച്ചയെത്തുക, 7 വര്‍ഷമാണ്‌ ഇവരുടെ പരാമാവധി ആയുസ്.
ഒരുകാലത്ത് ഓസ്ട്രേലിയയിലെങ്ങും ഇവര്‍ ധാരാളമായി ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ ക്യൂന്‍സ്ലാന്റിലൂടെ ടാസ്മാനിയയിലും ന്യൂഗിനിയയിലുമാണ് കൂടുതലും കാണപ്പെടുന്നത്. 22 വര്‍ഗത്തില്‍പെട്ട ബില്‍ബികളാണുള്ളത്. അതില്‍ വലിപ്പം കുറഞ്ഞ ഒരിനത്തിന് 1931-നു ശേഷം വംശനാശം സംഭവിച്ചതായി കരുതപ്പെടുന്നു. മറ്റുള്ളവയും വംശനാശ ഭീഷണിയിലാണ്.