ഹനുമാന്റെ ബന്ധുക്കള്‍
ഹനുമാന്റെ പേരില്‍ അറിയപ്പെടുന്ന ഒരു കുരങ്ങനുണ്ട്. ഹനുമാന്‍ ലാംഗൂര്‍ എന്ന കോമണ്‍ ലാംഗൂര്‍.രണ്ടാടിയോളം ഉയരം, മൂന്നടിയോളം നീളമുള്ള വാല്‍,നരച്ച നിറമുള്ള രോമക്കുപ്പായം,നീണ്ടുമെലിഞ്ഞ കരിം കറുപ്പു നിറമുള്ള കൈകാലുകള്‍, അതെ നിറമുള്ള മുഖം; ഇതാണ് ഹനുമാന്‍ ലാംഗൂറുകളുടെ രൂപം.
ഇന്ത്യയൊട്ടാകെ കാട്ടിലും നാട്ടിലും ഇവയെ കാണാം. വടക്കെയിന്ത്യയിലാണ് കൂടുതലായി കാണുന്നത്. വടക്കേയിന്ത്യയിലെ പല ക്ഷേത്രങ്ങളുടെയും പരിസരത്ത് ഇവയുടെ വലിയ കൂട്ടങ്ങള്‍ തന്നെ കഴിയുന്നുണ്ട്.ഹനുമാന്റെ ബന്ധുക്കളായി കരുതപെടുന്നതിനാല്‍ ഭക്തന്മാര്‍ ഇവര്‍ക്ക് ഇഷ്ടം പോലെ ഭക്ഷണം നല്‍കും.
മനുഷ്യരെ തീരെ ഭയമില്ലാത്ത ഹനുമാന്‍ കുരങ്ങുകളെ ചിലയിടങ്ങളില്‍ എങ്കിലും മനുഷ്യര്‍ ഭയക്കുന്നുണ്ട്. തക്കം കിട്ടിയാല്‍ മനുഷ്യരുടെ കൈയില്‍ നിന്നും ഭക്ഷണസാധനങ്ങള്‍ അടിച്ചെടുക്കാന്‍ ഇവര്‍ക്ക് മടിയില്ലെന്നത് തന്നെ കാരണം.
ഇലകളും ഇളംതണ്ടുകളും പഴങ്ങളുമാണ് ഇഷ്ടഭക്ഷണം.കൂടാതെ ധാന്യങ്ങളും കിട്ടിയാല്‍ അകത്താക്കും.
മനുഷ്യരോട് ഇത്രയധികം അടുത്തു പെരുമാറുന്ന മറ്റൊരു വന്യജീവിയും കാണില്ല. വനവാസികളായ ഹനുമാന്‍ കുരങ്ങുകള്‍ പോലും മനുഷ്യരോട് ഏറെ അകല്‍ച്ച കാണിക്കാറില്ലത്രെ . വനത്തിലെ ഹനുമാന്‍ കുരങ്ങുകള്‍ ഏറ്റവും പേടിക്കുന്നത് പുള്ളിപ്പുലികളെയും കടുവകളെയും ആണ്. അവയുടെ നിഴലെങ്ങാനും കണ്ടാല്‍ മതി ഒരു പ്രത്യേകതരം ശബ്ദമുണ്ടാക്കി ഇവര്‍ മരങ്ങളിലൂടെ പായും.
ഈ ശബ്ദം മാനുകള്‍ക്കും മറ്റും ഉപകാരമാകുന്നു.കടുവകളെ ആദ്യം കാണുന്നത് മാനുകളാണെങ്കില്‍ അവ പുറപ്പെടുവിക്കുന്ന അപായശബ്ദം കുരങ്ങുകള്‍ക്കും സഹായകമാകാറുണ്ട്.