എച്ച്.ഡി. ദേവഗൗഡ
2020 ജൂൺ 26 മുതൽ കർണ്ണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായി തുടരുന്ന ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും മുതിർന്ന ജനതാദൾ (സെക്കുലർ) നേതാവുമാണ് ഹരദനഹള്ളി ദൊഡ്ഡഗൗഡ ദേവഗൗഡ എന്നറിയപ്പെടുന്ന എച്ച്.ഡി.ദേവഗൗഡ. (ജനനം: 18 മെയ് 1933) ആറ് തവണ ലോക്സഭാംഗം, ഏഴ് തവണ നിയമസഭാംഗം, കർണ്ണാടക മുൻ മുഖ്യമന്ത്രി എന്ന നിലകളിലും ശ്രദ്ധേയമായ വ്യക്തിത്വമാണ് എച്ച്.ഡി.ദേവഗൗഡയുടേത്.
ജീവിതരേഖ
കർണ്ണാടകയിലെ ഹാസൻ ജില്ലയിലെ ഹോളാനരസിപ്പൂർ താലൂക്കിലെ ഹരദനഹള്ളി എന്ന ഗ്രാമത്തിലെ വൊക്കലിംഗ സമുദായംഗമായ നെൽകൃഷിക്കാരനായിരുന്ന ദൊഡ്ഡഗൗഡയുടേയും ദേവമ്മയുടേയും മകനായി 1933 മെയ് 18ന് ജനിച്ചു. സിവിൽ എൻജിനീയറിംഗ് ഡിപ്ലോമയാണ് വിദ്യാഭ്യാസയോഗ്യത.
രാഷ്ട്രീയ ജീവിതം
ആദ്യകാലങ്ങളിൽ ഹോളാനരസിപ്പൂരിലെ ആഞ്ജനേയ സഹകരണ സൊസൈറ്റിയുടെ പ്രസിഡൻ്റ്, താലൂക്ക് വികസന ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ദേവഗൗഡ 1962-ലെ കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഹോളാനരസിപ്പൂർ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചതോടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്.
1962 മുതൽ 1989 വരെ ഹോളാനരസിപ്പൂരിൽ നിന്ന് തുടർച്ചയായി ആറ് തവണ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1989-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഹോളാനരസിപ്പൂരിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും ആദ്യമായി പരാജയപ്പെട്ടു.
പിന്നീട് 1991-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഹാസൻ മണ്ഡലത്തിൽ നിന്ന് ആദ്യമായി പാർലമെൻ്റംഗമായെങ്കിലും 1994-ലെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ജനതാദളിന് ഭൂരിപക്ഷം കിട്ടിയതോടെ കർണ്ണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ലോക്സഭാംഗത്വം രാജിവച്ചു.
1996-ൽ കർണ്ണാടക മുഖ്യമന്ത്രിയായി തുടരവെ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ സഖ്യകക്ഷികൾക്ക് ഭൂരിപക്ഷം കിട്ടിയതോടെ ഐ.കെ.ഗുജറാൾ രാജിവച്ച ഒഴിവിൽ ഇന്ത്യയുടെ പതിനൊന്നാമത് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
1998-ൽ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ ദേവഗൗഡ 1998-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഹാസനിൽ നിന്ന് വീണ്ടും പാർലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
1999-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഹാസനിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു എങ്കിലും 2002-ലെ കനകപുരയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കനകപുരയിൽ നിന്നും ഹാസനിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചു. കനകപുരയിൽ പരാജയപ്പെട്ടെങ്കിലും ഹാസനിൽ നിന്ന് വിജയിച്ചു.
2009, 2014 ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ഹാസനിൽ നിന്ന് പാർലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2019-ലെ പതിനേഴാം ലോക്സഭ തിരഞ്ഞെടുപ്പിൽ ഹാസൻ മണ്ഡലം ചെറുമകനായ പ്രജുൽ രേവണ്ണയ്ക്ക് കൈമാറി തുംകൂറിൽ നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.