ഗുൽസാരിലാൽ നന്ദ
ഗുൽസാരിലാൽ നന്ദ രണ്ടുതവണ ഇന്ത്യയുടെ താത്കാലിക പ്രധാനമന്ത്രിയായിരുന്നു. (1964-ൽ നെഹ്റുവിന്റെ മരണത്തിനുശേഷവും 1966-ൽ ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണത്തിനുശേഷവും). രണ്ടു തവണയും അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദം കോൺഗ്രസ് ഒരു പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ ഒരു മാസത്തിൽ താഴെയേ നീണ്ടുനിന്നുള്ളൂ.
ബാല്യം, യൗവനം
അദ്ദേഹം 1898 ജൂലൈ 4 ന് അവിഭക്ത പഞ്ചാബിലെ സിയാൽകോട്ടിൽ ജനിച്ചു. ഇന്ന് ഈ സ്ഥലം പാകിസ്താനിലെ പഞ്ചാബിലാണ്. അദ്ദേഹം ലാഹോർ, ആഗ്ര, അലഹബാദ് എന്നീ സ്ഥലങ്ങളിലായി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. അലഹബാദ് സർവകലാശാലയിൽ ഒരു ഗവേഷണവിദ്യാർത്ഥിയായിരിക്കേ അദ്ദേഹം 1920 മുതൽ 1921 വരെ തൊഴിൽ പ്രശ്നങ്ങളെക്കുറിച്ച് ഗവേഷണം നടത്തി. 1921-ൽ ബോംബെ നാഷണൽ കോളെജിൽ അദ്ദേഹം ധനശാസ്ത്ര പ്രൊഫസറായി ജോലിക്കുചേർന്നു. 1922-ൽ അദ്ദേഹം അഹമ്മദാബാദ് ടെക്സ്റ്റൈൽ തൊഴിലാളി സംഘടനയുടെ സെക്രട്ടറിയായി. 1946 വരെ അദ്ദേഹം ആ സ്ഥാനത്തു തുടർന്നു.
1921-ൽ അദ്ദേഹം നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്ന് തന്റെ സ്വാതന്ത്ര്യസമര ജീവിതത്തിനു തുടക്കം കുറിച്ചു. അദ്ദേഹം സത്യാഗ്രഹത്തിനു 1932, 1942, 1944 എന്നീ വർഷങ്ങളിൽ ജയിലിൽ കിടന്നിട്ടുണ്ട്.
രാഷ്ട്രീയ ജീവിതം
ഗുൽസാരിലാൽ നന്ദ 1937-ൽ ബോംബെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം 1937 മുതൽ 1939 വരെ ബോംബെ സർക്കാരിൽ തൊഴിൽ, എക്സൈസ് എന്നീ വകുപ്പുകളുടെ നിയമസഭാ സെക്രട്ടറിയായിരുന്നു. 1946 മുതൽ 1950 വരെ ബോംബെ നിയമസഭയിൽ തൊഴിൽ മന്ത്രിയായിരുന്ന അദ്ദേഹം ബോംബെ നിയമസഭയിൽ തൊഴിൽതർക്ക ബിൽ വിജയകരമായി അവതരിപ്പിച്ചു. അദ്ദേഹം കസ്തൂർബ മെമ്മോറിയൽ ട്രസ്റ്റിന്റെ ഖജാൻജി, ഹിന്ദുസ്ഥാൻ മസ്ദൂർ സേവക് സംഘിന്റെ സെക്രട്ടറി, ബോംബെ ഹൌസിംഗ് ബോർഡിന്റെ അദ്ധ്യക്ഷൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. അദ്ദേഹം ദേശീയ ആസൂത്രണ കമ്മീഷന്റെ അംഗമായിരുന്നു. ഇൻഡ്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് (ഐ.എൻ.ടി.യു.സി.) രൂപവത്കരിക്കുന്നതിൽ അദ്ദേഹം ഒരു വലിയ പങ്കു വഹിച്ചു. ഐ.എൻ.ടി.യു.സി.യുടെ അദ്ധ്യക്ഷനായിരുന്നു.
1947-ൽ ജനീവയിൽ നടന്ന അന്താരാഷ്ട്ര തൊഴിൽ സമ്മേളനത്തിൽ അദ്ദേഹം ഇന്ത്യാ സർക്കാരിനെ പ്രതിനിധീകരിച്ചു. ഈ സമ്മേളനം അദ്ദേഹത്തെ ‘ഫ്രീഡം ഓഫ് അസോസിയേഷൻ കമ്മിറ്റി’ യുടെ അംഗമായി തിരഞ്ഞെടുത്തു. ഈ കമ്മിറ്റിയുടെ ഭാഗമായി തൊഴിലാളി പാർപ്പിടങ്ങളുടെ അവസ്ഥയെക്കുറിച്ചു പഠിക്കാൻ അദ്ദേഹം സ്വീഡൻ, ഫ്രാൻസ്, സ്വിറ്റ്സർലാന്റ്, ബെൽജിയം, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു.
മാർച്ച് 1950-ൽ അദ്ദേഹം ആസൂത്രണ കമ്മീഷന്റെ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1951 സെപ്തംബറിൽ അദ്ദേഹം ഇന്ത്യാ സർകാരിലെ ആസൂത്രണ മന്ത്രിയായി. ജലസേചന, ഊർജ്ജവകുപ്പുകളും അദ്ദേഹത്തിന്റെ കീഴിലായിരുന്നു. അദ്ദേഹം 1952-ൽ അദ്ദേഹം ബോംബെയിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിനുശേഷം ആസൂത്രണ, ജലസേചന, ഊർജ്ജവകുപ്പുകൾ അദ്ദേഹത്തിനു വീണ്ടും ലഭിച്ചു. സിംഗപ്പൂരിൽ 1955-ൽ നടന്ന ‘പ്ലാൻ കൺസൽട്ടേട്ടീവ് കമ്മിറ്റി’യിലും 1959-ൽ ജനീവയിൽ നടന്ന അന്താരാഷ്ട്ര തൊഴിൽ സമ്മേളനത്തിലും അദ്ദേഹം ഇന്ത്യൻ പ്രതിനിധിസംഘത്തെ നയിച്ചു.
അദ്ദേഹം 1957-ൽ വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിനുശേഷം അദ്ദേഹം തൊഴിൽ, ജോലി (employment), ആസൂത്രണം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷനുമായിരുന്നു. 1959-ൽ അദ്ദേഹം പശ്ചിമജർമനി, യുഗോസ്ലാവിയ, ഓസ്ട്രിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു.
1962-ൽ അദ്ദേഹം ഗുജറാത്തിലെ സബർക്കന്ത മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1962-ൽ അദ്ദേഹം ‘സോഷ്യലിസ്റ്റ് ആക്ഷനുവേണ്ടിയുള്ള കോൺഗ്രസ് ഫോറം‘ രൂപവത്കരിച്ചു. 1962-63-ൽ അദ്ദേഹം തൊഴിൽ, ജോലി കാര്യ മന്ത്രിയായിരുന്നു. 1963 മുതൽ 1966 വരെ ആഭ്യന്തരമന്ത്രിയായിരുന്നു.
താൽകാലിക പ്രധാനമന്ത്രി
നെഹ്റുവിനു ശേഷം
നെഹ്റുവിന്റെ മരണത്തിനുശേഷം പാർട്ടി ഒരു പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ ഗുൽസാരിലാൽ നന്ദയെ പ്രധാനമന്ത്രിയാക്കാൻ കാബിനറ്റ് മന്ത്രിമാർ തീരുമാനിച്ചു.ലാൽ ബഹാദൂർ ശാസ്ത്രി താഷ്കെന്റിൽ വെച്ച് 1966-ൽ മരണമടഞ്ഞപ്പോൾ അദ്ദേഹം വീണ്ടും താൽകാലിക പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭരണകാലത്ത് പുതിയ പരിഷ്കാരങ്ങൾ ഒന്നും നടപ്പാക്കിയില്ല എങ്കിലും രണ്ടു യുദ്ധങ്ങൾക്കുശേഷമുള്ള അദ്ദേഹത്തിന്റെ ഭരണകാലം രാജ്യരക്ഷാ കാഴ്ചപ്പാടിൽ നിന്നുനോക്കുമ്പോൾ ഗൌരവതരമാണ്. നെഹ്റുവിന്റെ മരണം ചൈനയുമായുള്ള 1962-ലെ യുദ്ധം കഴിഞ്ഞ് രണ്ടുവർഷത്തിനുശേഷമായിരുന്നു. ശാസ്ത്രിയുടെ മരണം പാകിസ്താനുമായുള്ള 1965-ലെ യുദ്ധം കഴിഞ്ഞ് അല്പകാലത്തിനുശേഷമായിരുന്നു.