ഗ്യൂനോണ്‍ കുരങ്ങുകള്‍
ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന അധികം വലിപ്പമില്ലാത്ത ഒരിനം കുരങ്ങുകളുണ്ട്. ഇവയാണ് ഗ്യൂനോണ്‍ കുരങ്ങുകള്‍.
ഇവയുടെ കൈകള്‍ക്ക് കാലുകളെക്കാള്‍ അല്പം കൂടി നീളമുണ്ടാകും.വാലിനും നല്ല നീളമുണ്ട് ഗ്യൂനോണുകള്‍ക്ക്. വര്‍ണ്ണശബളമായ കുപ്പായമാണ് ഈയിനം വാനരന്മാരുടെ മറ്റൊരു പ്രത്യേകത.
ഒതുങ്ങിയ ദേഹമായതിനാല്‍ മരക്കൊമ്പുകളിലൂടെ അതിവേഗം ചാടിനീങ്ങാന്‍ ഇവയ്ക്കാകും. ചിലയിനം ഗ്യൂനോണ്‍കുരങ്ങുകള്‍ നല്ല നീന്തല്‍ക്കാരുമാണ്.
പൊതുവേ, ശാന്തശീലരാണ് ഇവ. എളുപ്പം ഇണങ്ങുകയും ചെയ്യും. അതുകൊണ്ട്,ആഫ്രിക്കന്‍നാടുകളിലെ കുരങ്ങുകളിക്കാര്‍ ഇവയെയാണ് ഇണക്കിക്കൊണ്ട് നടക്കാറുള്ളത്.
വളരെ കൗതുകകരമാണ് ഗ്യൂനോണുകളുടെ വിദ്യകള്‍.കുസൃതിത്തരങ്ങള്‍ ഒപ്പിക്കാന്‍ മിടുക്കരായതിനാല്‍ മൃഗശാലകളിലെ താരങ്ങളായി ഇവര്‍ വിലസാറുണ്ട്. പുരാതനകാലത്ത് തന്നെ ഗ്രീസിലേക്കും റോമിലേക്കും ഒക്കെ ഗ്യൂനോണുകലെ പിടികൂടി കൊണ്ട്പോകാറുണ്ടായിരുന്നത്രേ! മൃഗശാലകളിലേക്കും മറ്റുമായിരുന്നു ഈ യാത്ര.
നാല് വിഭാഗങ്ങളിലായി 19 ഇനം ഗ്യൂനോണുകളുണ്ട്. മാള്‍ബ്രൂക്ക്, ഗ്രിവറ്റ്,വെര്‍വെറ്റ് , നിസാന്‍സ്, പട്ടാസ്,ഡയാന, മോന, ഹോഷ്യൂര്‍,സൈക്കസ്,മുസ്റ്റാഷ്,ബര്‍ണറ്റ് മുതലായവയാണ് ഇക്കൂട്ടത്തിലെ പ്രധാനികള്‍.
മനുഷ്യര്‍ ഓടുന്നതിനേക്കാള്‍ വേഗത്തില്‍ ചില ഗ്യൂനോണുകള്‍ക്ക് മരങ്ങളിലൂടെ പാഞ്ഞു പോകാന്‍ കഴിയും. കുരങ്ങുകള്‍ക്കിടയില്‍ ഏറ്റവും വേഗതയേറിയവര്‍ പട്ടാസ് കുരങ്ങുകള്‍ ആണെന്ന് പറയാം. മരങ്ങളെക്കാള്‍ പുല്‍മേടുകളും കുറ്റിക്കാടുകളും ഇഷ്ടപ്പെടുന്ന ഇവ സഹാറ മരുപ്രദേശങ്ങളിലും കാണപ്പെടുന്നുണ്ട്. ചുവപ്പ് കുരങ്ങുകള്‍ എന്നും ഇവ അറിയപ്പെടുന്നു.ചുവപ്പ് കലര്‍ന്ന തവിട്ടു രോമങ്ങളാല്‍ ശരീരം മൂടിയിരിക്കുന്നതാണ് ഈ പേരിനു കാരണം.
മീശക്കാരനാണ് മുസ്റ്റാഷ് ഗ്യൂനോണ്‍. നീല മൂക്ക്, ഇരുകവിളിലും പന്തുപോലെ മഞ്ഞരോമങ്ങള്‍ തുടങ്ങിയവയാണ് സവിശേഷതകള്‍.ചുണ്ടിനിരുഭാഗത്തെക്കും നീളുന്ന കറുത്ത രോമങ്ങളുടെയും മൂക്കിനുമിടയിലും ആണിവരുടെ വെളുത്ത കട്ടിമീശ.