EncyclopediaWild Life

ഗ്രേറ്റര്‍ ഗ്ലൈഡര്‍

സഞ്ചിമൃഗങ്ങളില്‍ ഗ്ലൈസ് ചെയ്യാന്‍ ഏറ്റവും സമര്‍ഥരാണ് ഗ്രേറ്റര്‍ ഗ്ലൈഡര്‍. പറക്കുന്നത് പോലെ വായുവില്‍ ഒഴുകി നടക്കുന്നതിനാണ് ഗ്ലൈഡ് എന്ന് പറയുന്നത്.കൈകള്‍ക്കും കാലുകള്‍ക്കും ഇടയില്‍ കാണുന്ന ചര്‍മ്മമാണ് പറക്കല്‍ സാധ്യമാക്കുന്നത്.കൈകാലുകള്‍ നിവര്‍ത്തുമ്പോള്‍ ഈ ത്വക്കും നിവരും വലിയ കണ്ണുകളും വലിയ ചെവികളും പറക്കല്‍ ചാട്ടത്തിനു അവരെ ഏറെ സഹായിക്കുന്നു. അവയ്ക്ക് ചെന്നെത്തേണ്ട ദൂരം കൃത്യമായി നിശ്ചയിക്കാന്‍ കണ്ണുകള്‍ക്ക് സാധിക്കും,കണ്ണും ചെവിയും ഒരുപോലെ പ്രവര്‍ത്തിച്ച് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്ന അവ നൂറു മീറ്റര്‍ വരെ അകലേക്ക് സുഖമായി ഗ്ലൈഡ് ചെയ്തെത്തും രാത്രിയിലാണ് ഈ സഞ്ചാരം നടത്തുക. അകലെയുള്ള മരക്കൊമ്പില്‍ കൃത്യമായി ചെന്നിരിക്കാനും അവയ്ക്ക് സാധിക്കുന്നു. പാരഷൂട്ട്‌ പോകുന്നതുപോലെയാണ് ഈ പറക്കല്‍. ഈ സമയത്ത് ചാട്ടത്തിന്‍റെ ഗതിയെ നിയന്ത്രിക്കുന്നത് നീണ്ട വാലാണ്. മരത്തില്‍ അള്ളിപ്പിടിച്ചിരിക്കാനും പാഞ്ഞുനടക്കാനും കൂര്‍ത്ത നഖങ്ങള്‍ക്ക് കാല്‍വിരലുകളിലുണ്ട്.അവ സഞ്ചരിക്കുന്ന മരത്തില്‍ നഖങ്ങള്‍ കൊണ്ട് പാടുകള്‍ ഉണ്ടാകും. അത് നോക്കിയാല്‍ ഗ്രേറ്റര്‍ ഗ്ലൈഡറുകളുടെ താവളം എളുപ്പത്തില്‍ കണ്ടെത്താം.
രാത്രിയില്‍ ഇര തേടി ഇറങ്ങുന്ന ഇക്കൂട്ടര്‍ക്ക് യൂക്കാലിപ്റ്റസ് മരത്തിന്‍റെ തളിരിലകളാണ് ഏറ്റവും ഇഷ്ടം. ഉടലിനു 35 മുതല്‍ 48 സെന്റിമീറ്ററും നീളമുണ്ടാകും,ഒന്നര കിലോഗ്രാമാണ് കൂടിയ ഭാരം.
ആണും പെണ്ണും ജോടിയായി വര്‍ഷം മുഴുവനും മരപ്പൊത്തില്‍ തന്നെ കഴിയുന്നു. പെണ്ണിന് ഒരു സമയം ഒരു കുഞ്ഞാണ് ജനിക്കുക, അമ്മയുടെ സഞ്ചിയില്‍ കയറിപ്പറ്റുന്ന അവ അഞ്ചുമാസം വരെ അവിടെ കഴിയും.അത് കഴിഞ്ഞു പുറത്തു വന്നാലും ഒന്ന് രണ്ടു മാസങ്ങള്‍ കൂടി കൂട്ടിലോ അമ്മയുടെ പുറത്തോ കഴിഞ്ഞു കൂടും. അങ്ങനെ പത്തു മാസം കഴിയുന്നതോടെ അച്ഛന്‍ അവയെ അമ്മയുടെ അടുത്തു നിന്ന് ഓടിച്ചുവിടും.
അടുത്തടുത്ത പ്രദേശത്തു തന്നെ രണ്ടു നിറങ്ങളില്‍ ഗ്രേറ്റര്‍ ഗ്ലൈഡറുകളെ കണ്ടുവരുന്നു. കറുപ്പും തവിട്ടും ചാരനിറവും കലര്‍ന്നതാണ് അവരില്‍ ഒരു കൂട്ടര്‍ക്ക് മങ്ങിയ ചാരനിറമോ ക്രീം കളറോ ആയിരിക്കും.
കിഴക്കന്‍ ഓസ്ട്രേലിയയിലാണ് ഗ്രേറ്റര്‍ ഗ്ലൈഡറുകളെ ധാരാളമായി കണ്ടുവരുന്നത്.