ഗോലെസ്ഥാൻ കൊട്ടാരം
ഗോലെസ്ഥാൻ കൊട്ടാരം (പേർഷ്യൻ: کاخ گلستان, കാഖ്-ഇ ഗോലെസ്താൻ), അല്ലെങ്കിൽ ഗുലിസ്ഥാൻ കൊട്ടാരം പേർഷ്യൻ ഭാഷയിൽ റോസ് ഗാർഡൻ കൊട്ടാരം എന്നും അറിയപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ കൊട്ടാരം നവീകരിച്ചത് 18-ആം നൂറ്റാണ്ടിൽ ആണ്. ഒടുവിൽ 1865-ൽ പുനർനിർമ്മിക്കപ്പെട്ടു. ടെഹ്‌റാനിലെ മുൻ ഔദ്യോഗിക രാജകീയ ഖ്വജർ സമുച്ചയമാണിത്.
ടെഹ്‌റാൻ നഗരത്തിലെ ഏറ്റവും പ്രാചീനമായ ചരിത്ര സ്മാരകങ്ങളിലൊന്നായ ഗോലെസ്ഥാൻ കൊട്ടാരം ലോക പൈതൃക പദവിയുള്ളതും ഒരു കൂട്ടം രാജകീയ കെട്ടിടങ്ങളുടേ ഭാഗവുമാണ്. അത് ഒരിക്കൽ ടെഹ്‌റാൻ ആർഗിന്റെ (“സിറ്റാഡൽ”) മണ്ണ് കൊണ്ട് പൊതിഞ്ഞ ചുവരുകൾക്കുള്ളിൽ അടച്ചിരുന്നു. പൂന്തോട്ടങ്ങൾ, രാജകീയ കെട്ടിടങ്ങൾ, ഇറാനിയൻ കരകൗശല വസ്തുക്കളുടെ ശേഖരം, 18-ഉം 19-ഉം നൂറ്റാണ്ടുകളിലെ യൂറോപ്യൻ സമ്മാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ചരിത്രം
സഫാവി രാജവംശത്തിലെ (1502-1736) തഹ്മാസ്പ് I (ആർ. 1524-1576) കാലത്ത് ടെഹ്‌റാൻ ആർഗ് (“സിറ്റാഡൽ”) നിർമ്മിച്ചതാണ്. പിന്നീട് ഇത് സാന്ദ് രാജവംശത്തിലെ (ആർ. 1750-1779) കരീം ഖാൻ നവീകരിച്ചു. ഖ്വജർ രാജവംശത്തിലെ ആഘ മുഹമ്മദ് ഖാൻ (1742-1797) ടെഹ്‌റാൻ തന്റെ തലസ്ഥാനമായി തിരഞ്ഞെടുത്തു. ആർഗ് ഖജാറുകളുടെ (1794-1925) ഇരിപ്പിടമാകുകയും ചെയ്തു. ഗോലെസ്താനിലെ കൊട്ടാരവും ഖജർ രാജവംശത്തിന്റെ ഔദ്യോഗിക വസതിയായി മാറി. 1865-ൽ ഹാജി അബ് ഓൾ ഹസൻ മിമർ നാവായ് ആണ് കൊട്ടാരം നിലവിലെ രൂപത്തിലേക്ക് പുനർനിർമ്മിച്ചത്.
പഹ്‌ലവി കാലഘട്ടത്തിൽ (1925-1979), ഗൊലെസ്ഥാൻ കൊട്ടാരം ഔപചാരികമായ രാജകീയ സ്വീകരണങ്ങൾക്കായി ഉപയോഗിച്ചിരുന്നു. പഹ്‌ലവി രാജവംശം നിവാരനിൽ സ്വന്തം കൊട്ടാരം (നിയവാരൻ കോംപ്ലക്സ്) പണിതു. പഹ്‌ലവിയുടെ കാലഘട്ടത്തിൽ കൊട്ടാരത്തിൽ നടന്ന ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകൾ മാർബിൾ സിംഹാസനത്തിൽ റെസ ഷായുടെ (ആർ. 1925-1941) കിരീടധാരണവും മ്യൂസിയം ഹാളിൽ വെച്ച് മുഹമ്മദ് റെസ പഹ്‌ലവിയുടെ (ആർ. 1941 – 1979) കിരീടധാരണവുമാണ്.
1925 നും 1945 നും ഇടയിൽ, റെസ ഷായുടെ ഉത്തരവനുസരിച്ച് സമുച്ചയത്തിന്റെ കെട്ടിടങ്ങളുടെ വലിയൊരു ഭാഗം നശിപ്പിക്കപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഖജർ കൊട്ടാരം ഒരു ആധുനിക നഗരത്തിന്റെ വളർച്ചയെ തടസ്സപ്പെടുത്തരുതെന്ന് അദ്ദേഹം വിശ്വസിച്ചു. പഴയ കെട്ടിടങ്ങളുടെ സ്ഥാനത്ത്, 1950 കളിലെയും 1960 കളിലെയും ആധുനിക ശൈലിയിലുള്ള വാണിജ്യ കെട്ടിടങ്ങൾ ഉയർന്നു.