EncyclopediaWild Life

സ്വര്‍ണ്ണ നിറമുള്ള സുന്ദരന്‍

സ്വര്‍ണ നിറത്തില്‍ പളപളാ തിളങ്ങുന്ന കുപ്പായവുമായൊരു സുന്ദരന്‍ കുരങ്ങുകള്‍ക്കിടയില്‍ ഉണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡമാണ് ഇവന്റെ സ്വദേശം. കൃത്യമായി പറഞ്ഞാല്‍ അസ്സം സംസ്ഥാനത്ത് ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തിയിലെ സാംഘോഷ് നദിക്കും മനാസ് നദിക്കുമിടയിലുള്ള ഇടതൂര്‍ന്ന നിത്യഹരിതവനങ്ങളില്‍.ഭൂട്ടാന്റെ മധ്യഭാഗങ്ങള്‍ വരെ ഇവയെ കാണാറുണ്ട്.
1907 ലാണ് ഇങ്ങനെയൊരു കുരങ്ങുവര്‍ഗത്തെക്കുറിച്ച് പുറംലോകം ആദ്യമായി കേള്‍ക്കുന്നത്.എങ്കിലും 1953 വരെ കാത്തിരിക്കേണ്ടിവന്നു ഇവയെപ്പറ്റി കൂടുതല്‍ അറിയാന്‍.
ഇ.പി. ഗീ എന്ന പ്രകൃതിസ്നേഹിയാണ് ഇവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലോകത്തിന് നല്‍കിയത്. മങ്ങിയ മഞ്ഞനിറമാണ് ഇവയുടെ രോമാക്കുപ്പായത്തിന്. വെയിലേല്‍ക്കുമ്പോള്‍ ഇത് സ്വര്‍ണ നിറത്തില്‍ വെട്ടിത്തിളങ്ങും. ശരീരത്തിന്റെ അടിഭാഗത്ത് രോമങ്ങള്‍ അല്പം ഇരുണ്ട നിറത്തിലാണ്.മുഖത്തിനും കൈ,കാല്‍ പത്തികള്‍ക്കും ചെവികള്‍ക്കും നല്ല കറുപ്പ് നിറമാണ്.
‘ഗോള്‍ഡന്‍ ലാംഗൂര്‍’ എന്നറിയപ്പെടുന്ന ഇവയ്ക്ക് ഇ.പി.ഗീയുടെ ഓര്‍മയ്ക്കായി പ്രെസ്സ് ബൈറ്റിസ് ഗീ എന്ന ശാസ്ത്രീയനാമമാണ് നല്‍കിയത്. ഗീസ് ലാംഗൂര്‍ എന്നും ഇവ അറിയപ്പെടുന്നു.
മുപ്പതോളം അംഗങ്ങളുള്ള കൂട്ടങ്ങളായാണ് സാധാരണയായി ഗോള്‍ഡന്‍ ലാംഗൂറുകള്‍ കാണപ്പെടുന്നത്. മരങ്ങളുടെ ഉയരമുള്ള ഭാഗത്ത് തങ്ങാനാണ്‌ ഇവയ്ക്കു കൂടുതലിഷ്ടം. വെള്ളം കുടിക്കാന്‍ അതിരവിലെയോ വൈകുന്നേരമോ ഇവ താഴെയിറങ്ങി വരും. പൂക്കളും തളിരിലകളും ആണ് ഗോള്‍ഡന്‍ ലാംഗൂറിന്റെ ഇഷ്ടഭക്ഷണം.
പേരില്‍ ഇവയോട് സാമ്യമുള്ള ഒരു തരം കുരങ്ങുകള്‍ ചൈനയില്‍ ഉണ്ട് ഗോള്‍ഡന്‍ സ്നബ് നോസ്ഡ് മങ്കി!