സ്വര്‍ണാഭരണങ്ങള്‍
സ്വര്‍ണമെന്ന് കേട്ടാലുടന്‍ ആഭരണങ്ങളാണ് നമ്മുടെ ഓര്‍മയിലെത്തുക. മഞ്ഞ നിറത്തില്‍ വെട്ടിത്തിളങ്ങുന്ന ഈ ലോഹം കണ്ടെത്തിയ കാലം മുതലേ മനുഷ്യന്‍ അത് ആഭരണങ്ങളായി ഉപയോഗിച്ചിരുന്നു.
എന്നാല്‍ മനുഷ്യന്‍ ആദ്യമായി ആഭരണം ഉണ്ടാക്കിയത് സ്വര്‍ണം കൊണ്ടായിരുന്നില്ല. കല്ലും എല്ലും പല്ലുമൊക്കെയായിരുന്നു ആദ്യകാല ആഭരണങ്ങള്‍ അലങ്കാരത്തെക്കാള്‍ അധികാര ചിഹ്നങ്ങളായിരുന്നു അവ.
ലോഹങ്ങള്‍ കണ്ടെത്തിയതോടെ കല്ലിന്റെയും എല്ലിന്റെയുമൊക്കെ സ്ഥാനത്ത് പലതരം ലോഹങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. മോതിരം, വള, കാല്‍ത്തള മുതലായ ആഭരണങ്ങള്‍ നിര്‍മ്മിക്കാനും അണിയാനും തുടങ്ങിയത് ഇക്കാലത്താണ്.
സ്വര്‍ണത്തിന്റെ വരവോടെ മറ്റു ലോഹങ്ങളെല്ലാം ആഭരണലോകത്തു നിന്ന് പുറത്തായി. നിഷ്പ്രയാസം എല്ലാ മാതൃകയിലും രൂപപ്പെടുത്താo, തുരുമ്പു പിടിക്കില്ല എന്നിങ്ങനെ പലതായിരുന്നു ഈ മഞ്ഞലോഹത്തിന്റെ ഗുണങ്ങള്‍.ബി.സി 3000-ല്‍ തന്നെ ഈജ്പ്തുകാരുടെ ഇടയില്‍ സ്വര്‍ണം പ്രചാരം നേടിയിരുന്നു. പിരമിഡുകളില്‍ നിന്ന് കിട്ടിയ അളവറ്റ സ്വര്‍ണാഭരണങ്ങള്‍ ഇതിനു തെളിവാണ്.
ബി.സി 2500 ആയപ്പോഴേക്കും സുമേറിയക്കാര്‍ സ്വര്‍ണം കൊണ്ട് കമ്മലും മാലയുമൊക്കെ ഉണ്ടാക്കി ഈജിപ്തില്‍ നിന്ന് ഗ്രീസിലെക്കും അവിടെ നിന്ന് യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലേക്കും സ്വര്‍ണപ്പണി വ്യാപിച്ചു, കൊട്ടാരങ്ങള്‍ , പള്ളികള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് യൂറോപ്പില്‍ സ്വര്‍ണാഭരണ നിര്‍മാണം പുരോഗമിച്ചത്.
ബി.സി 2500-നു൦ 500-നും ഇടയിലുള്ള മിനോയന്‍-മൈസീനീയര്‍ വിഭാഗക്കാര്‍ സ്വര്‍ണാഭരണ നിര്‍മാണത്തില്‍ വിദ്ഗ്ദ്ധരായിരുന്നു. കയറിന്റെയും ചങ്ങലയുടെയുമൊക്കെ രൂപത്തില്‍ അവര്‍ ആഭാരങ്ങളുണ്ടാക്കി.
പുരാതന ചൈനക്കാര്‍ നേര്‍ത്ത സ്വര്‍ണക്കമ്പി കൊണ്ട് മനോഹരമായ ചിത്രപ്പണികള്‍ ചെയ്യാന്‍ മിടുക്കരായിരുന്നു.താങ്ങ്, സുങ്ങ് വംശങ്ങളുടെ കാലത്ത് ചൈനയില്‍ സ്വര്‍ണാഭരണങ്ങള്‍ പ്രചാരം നേടി. തെക്കേഅമേരിക്കയിലുള്ള പെറുവിയന്‍ സംസ്കാരകാലത്തെ ജനങ്ങള്‍ ബി.സി 1200 കളില്‍ തന്നെ സ്വര്‍ണത്തകിടുകൊണ്ട് ആഭരണങ്ങള്‍ നിര്‍മിച്ചു. പക്ഷിമൃഗാദികളുടെ ചിത്രങ്ങളായിരുന്നു ഈ ആഭരണങ്ങളില്‍ കൊത്തിയിരുന്നത്.