ജീവനേക്കാള്‍ വിലയുള്ള സ്വര്‍ണ്ണം!
തെക്കേ അമേരിക്കയിലെ ആന്‍ഡീസ് പര്‍വതനിരകള്‍ക്കിടയിലെ കൂസ്ക്കോ എന്ന പട്ടണo എ.ഡി 1200 മുതല്‍ മൂന്നു നൂറ്റാണ്ടുകാലം നിലനിന്ന ഇന്‍കാ സാമ്രാജ്യത്തിന്‍റെ തലസ്ഥാനനഗരമായിരുന്നു. അവിടം പട്ടണത്തിന്റെ ഒത്തനടുക്ക് ഒരു സൂര്യക്ഷേത്രമുണ്ട്. അതിനുചുറ്റും ഒരുഗ്രന്‍ തോട്ടവും ഈ തോട്ടത്തിനൊരു പ്രത്യേകതയുണ്ട്. അതിലെ മരങ്ങളും കുറ്റിച്ചെടികളും പഴങ്ങളും കിളികളുമെല്ലാം സ്വര്‍ണത്തില്‍ തീര്‍ത്തതായിരുന്നു.
1530-ല്‍ ഫ്രാന്‍സിസ്കോ പിസ്സാറോ എന്ന സ്പാനിഷ് നാവികനും കൂട്ടരും അവിടെയെത്തി അതിവിശാലവും സമ്പന്നവുമായ ഇന്‍കാ സാമ്രാജ്യം അന്ന് ഭരിച്ചിരുന്നത് അതാവാല്‍പാ എന്ന രാജാവായിരുന്നു. മഹാക്രൂരനും ചതിയനുമായ പിസ്സാറോ അതാവാല്‍പായെ ഒരു വിരുന്നിനു ക്ഷണിച്ചു. അതിഥികളെ ദൈവത്തെപ്പോലെ കരുതി നിരായുധനായിച്ചെന്ന രാജാവിനെ അയാള്‍ തടവിലാക്കി. അതാവാല്‍പായേ മോചിപ്പിക്കുന്നതിനു പകരമായി വലിയൊരു മുറി നിറയെ സ്വര്‍ണ്ണം പിസ്സാറോ ആവശ്യപ്പെട്ടു.
ആവശ്യപ്പെട്ടത്രയും സ്വര്‍ണ൦ തലച്ചുമടായി നാട്ടുകാര്‍ എത്തിച്ചുകൊടുത്തു, ആകെ ഏതാണ്ട് 24 ടണ്‍ സ്വര്‍ണ്ണം! എന്നിട്ടും പിസ്സറോ രാജാവിനെ വധിച്ചു.
തങ്ങളുടെ രാജാവിനെ വിട്ടയയ്ക്കാനുള്ള സ്വര്‍ണവുമായി സാമ്രാജ്യത്തിന്‍റെ പല ഭാഗത്ത് നിന്നായി അപ്പോഴും ജനങ്ങള്‍ വരുന്നുണ്ടായിരുന്നു. അതാവാല്‍പായുടെ മരണവാര്‍ത്തയറിഞ്ഞു അവര്‍ ആ സ്വര്‍ണമെല്ലാം ആന്‍ഡീസ് പര്‍വതത്തിലെ ഏതോ ഗുഹയില്‍ ഒളിപ്പച്ചത്രേ. പിന്നീട് 50 വര്‍ഷങ്ങള്‍ക്കുശേഷം വാല്‍വെര്‍ദെ എന്ന സ്പെയിന്‍കാരനായ അതു കണ്ടെത്തിയെങ്കിലും അദ്ദേഹത്തിന്‍റെ മരണശേഷം വീണ്ടും ആ സ്ഥലം ദുരൂഹമായി തുടര്‍ന്നു.
പിന്നീട് ബാര്‍ത്ത് ബ്ലേക്ക് എന്ന അമേരിക്കന്‍ നിധിവേട്ടക്കാരനും അവിടം കണ്ടെത്തിയതായി കഥകളുണ്ട്. എന്നാല്‍ കണ്ണഞ്ചിപ്പിക്കുന്ന ആ വമ്പന്‍ നിധിശേഖരം കൊണ്ടുപോകാന്‍ ആളെ കൂട്ടാനായി നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം പിന്നീടൊരിക്കലും തിരിച്ചെത്തിയില്ലത്രെ ചരിത്രത്തിലെ വലിയൊരു ചതിയുടെ ബാക്കിപത്രമായ ആ നിധി ഇന്നും ഇക്വഡോര്‍ മലനിരകളിലെങ്ങോ മറഞ്ഞിരിക്കുന്നു.