Encyclopedia

ഗോബി മരുഭൂമി

ഏഷ്യയിലെ ഏറ്റവും വലിയ മരുഭൂമിയാണ് ഗോബി (മംഗോളിയൻ: Говь, ഗോവി അല്ലെങ്കിൽ ഗോവ്, “ചരൽ പ്രദേശം”. ചൈനയുടെ വടക്ക്, വടക്ക്-പടിഞ്ഞാറ്, മംഗോളിയയുടെ തെക്ക് ഭാഗം എന്നീഭാഗങ്ങളിലായി ഇത് വ്യാപിച്ച് കിടക്കുന്നു. വടക്ക് മംഗോളിയയിൽ അൾതായ് പർവ്വതനിരകൾ പുൽമേടുകൾ, സ്റ്റെപ്പികൾ എന്നിവയും തെക്ക്-വടക്ക് തിബത്തും വടക്കൻ ചൈന ഫലകം തെക്ക്-കിഴക്കും സ്ഥിതിചെയ്യുന്നു. ഭൂമിശാസ്ത്രപരമായും കാലാവസ്ഥയിലെ വ്യത്യസ്തതയെ അടിസ്ഥാനമാക്കിയുള്ള ആവാസപരമായും നിരവധി മേഖലകൾ ഉൾക്കൊള്ളുന്നതാണ് ഗോബി. ഇത് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ മരുഭൂമിയാണ്.

ഭൂമിശാസ്ത്രം

തെക്ക്-പടിഞ്ഞാറ് മുതൽ വടക്ക്-കിഴക്ക് വരെ 1,610 കി.മീറ്ററും (1,000 മൈൽ) വടക്ക് മുതൽ തെക്ക് വരെ 800 കി.മീറ്ററും (497 മൈൽ) ആണ്‌ ഇതിന്റെ വലിപ്പം. പടിഞ്ഞാറ് വീതികൂടുതലുണ്ട്. 1,295,000 ചതുരശ്ര കി.മീ ആണ് ഇതിന്റെ വിസ്തീർണ്ണം, അതായത് ലോകത്തിലെ നാലമത്തേതും ഏഷ്യയിലെ ഏറ്റവും വലുതും. ഗോബി മരുഭൂമിയുടെ ഭൂരിഭാഗവും മണൽനിറഞ്ഞതല്ല പകരം ചരൽ, ഉരുളൻ കല്ലുകൾ തുടങ്ങിയവയാണ് ഇവിടെ കാണപ്പെടുന്നത്.

ഇതിന്‌ നിരവധി ചൈനീസ് നാമങ്ങളുണ്ട്,  (ഷാമോ, മരുഭൂമികളെ പൊതുവായി സൂചിപ്പിക്കുന്നത്), (ഹാൻഹായി, അറ്റമില്ലാത്ത കടൽ) എന്നിവ അതിൽപ്പെടുന്നു. കുറച്ചുകൂടി വിശാലമായ അർത്ഥത്തിൽ ഇത് നീണ്ട മരുഭൂമിയും പാമിറിന്റെ കീഴ്ഭാഗം (77°) മുതൽ മഞ്ചൂരിയയുടെ അതിർത്തയിൽ കിങൻ പർവ്വതനിരകൾ (116°-118°) വരെയും; വടക്ക് അൾതായ്, സായൻ, യബ്ലോനോവി തുടങ്ങിയ പർവ്വതങ്ങളുടെ താഴ്ഭാഗത്തിലെ ഉയരംകുറഞ്ഞ കുന്നുകൾ മുതൽ കുൻലുൻ ഷാൻ, അൽതൻ ഷാൻ, ക്വിലിയൻ ഷാൻ തുടങ്ങിയവ വരെയും ഉള്ള അർദ്ധ-മരുഭൂമേഖലകളും ഇതിൽ പെടുന്നു.

സോങ്ങുവാ, ലിയാഓ-ഹോ എന്നീ നദികളുടെ ഉപരിഭാഗങ്ങൾക്കിടയിലുള്ള കിങ്ങൻ നിരകളുടെ കിഴക്കുള്ള വിശാലമായ പ്രദേശങ്ങൾ പരമ്പരാഗതമായി ഇതിൽ ഉൾപ്പെട്ടതാണെന്ന് കരുതിപോരുന്നു. മറ്റൊരുരീതിയിൽ ഭൂമിശാസ്ത്രകാരന്മാരും ആവാസമേഖലാ ഗവേഷകരും മുകളിൽ വിവരിച്ച പടിഞ്ഞാറൻ മേഖല തകെലമഗൻ എന്ന് മറ്റൊരു മരുഭൂമിയായിട്ടാണ്‌ കണക്കാക്കുന്നത്.ഗോബിയിലെ വടക്ക്-പടിഞ്ഞാറുള്ള നെമെഗ്ത് മേഖല അവിടെ നിന്നും ലഭിച്ച പുരാതന ഫോസിലുകൾ കൊണ്ട് പ്രസിദ്ധമാണ്. ആദ്യകാലത്തെ സസ്തനികൾ, ദിനോസറുകളുടെ മുട്ടകൾ കൂടാതെ 100,000 വർഷം മുൻപ് വരെയുള്ള ശിലാരൂപങ്ങൾ എന്നിവ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്