ജിറാഫ്
ആഫ്രിക്കയിൽ കാണപ്പെടുന്ന ഇരട്ട കുളമ്പുള്ള ഒരു സസ്തനിയാണ് ജിറാഫ്. ജന്തു വർഗ്ഗങ്ങളിൽ ഏറ്റവും ഉയരമുള്ളതും അയവിറക്കുന്ന ജീവികളിൽ ഏറ്റവും വലുതും ജിറാഫാണ്. ആണിന് 4.8 മുതൽ 5.5 മീറ്റർ (18 മുതൽ 19 അടി) വരെ ഉയരവും 1,700 കിലോഗ്രാം വരെ ഭാരവും ഉണ്ടാകും. ആണിനേക്കാൾ ഉയരവും ഭാരവും അല്പം കുറവായിരിക്കും പെണ്ണിന്. കെനിയയിൽ നിന്നും 1934-ൽ പിടിക്കപ്പെട്ട 5.87 മീറ്റർ ഉയരവും ഏകദേശം 2000 കിലോ ഭാരവുമുള്ള ജിറാഫാണ് ഇതേവരെ കണ്ടെത്തിയവയിൽ ഏറ്റവും വലിപ്പമേറിയത്. ജിറാഫിന്റെ വേഗത മണിക്കൂറിൽ 35 മുതൽ 60 വരെ കിലോമീറ്റർ ആണ്.
സാവന്ന, പുൽമേടുകൾ, എന്നിവയിൽ ജിറാഫുകൾ അധിവസിക്കുന്നു. അകേഷ്യ സസ്യങ്ങൾ കൂടുതൽ വളരുന്നയിടങ്ങളാണ് ഇവയ്ക്കിഷ്ടം. വളരെയധികം വെള്ളം കുടിക്കുന്നതിനാൽ ഇവയ്ക്ക് വരണ്ട പ്രദേശങ്ങളിൽ കൂടുതൽ സമയം കഴിയുവാനാകും. കൂടുതൽ ഭക്ഷണം ആവശ്യമായി വരുമ്പോൾ ജിറാഫുകൾ സസ്യങ്ങൾ കൂടുതൽ കാണപ്പെടുന്ന ഭാഗങ്ങളിലേക്ക് സഞ്ചരിക്കും.
മാൻ, പശു എന്നിവയോട് ജിറാഫിന് ബന്ധമുണ്ട്. എങ്കിലും ജിറാഫും അടുത്ത ബന്ധുവായ ഒകാപിയും മാത്രമുള്ള ജിറാഫിഡേ കുടുംബത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ചാഡ് മുതൽ ദക്ഷിണാഫ്രിക്ക വരെയുള്ള പ്രദേശത്തെ ഇവ കാണപ്പെടുന്നു. അക്കേഷ്യയുടെ ഇലയാണ് ഇവയുടെ പ്രധാന ആഹാരം. ദിവസം 16 – 20 മണിക്കൂർ വരെ മേഞ്ഞു നടക്കും. 134 കിലോഗ്രാം ഭക്ഷണം വരെ ഇവ അകത്താക്കും. ദിവസം പരമാവധി 20 മിനിറ്റ് മാത്രമേ ഉറങ്ങാറുള്ളു. എന്നാൽ ഇവയുടെ ശരാശരി ആയുസ്സ് 25 വയസ്സു വരെയാണ്.
ജിറാഫ് പ്രസവിക്കുന്നത് നിന്നുകൊണ്ടാണ്, അതിനാൽ നവജാതശിശു ഏതാണ്ട് ആറടി താഴ്ചയിലേക്ക് വീഴും. കിടാവിന് ഏതാണ്ട് ആറടി ഉയരമുണ്ടാകും. ജിറാഫിന്റെ കാഴ്ചശക്തി അപാരമാണ്, ഏതാണ്ട് ഒന്നര കിലോമീറ്റർ ദൂരത്തിലുള്ള മറ്റു ജിറാഫുമായി ഇവ ആശയവിനിമയം നടത്തുന്നത് കണ്ണുകൊണ്ടാണ്.ഇവക്ക് ശബ്ദമുണ്ടാക്കാനുള്ള കഴിവില്ല.
ജിറാഫിന്റെ കഴുത്ത്
നീണ്ട കഴുത്തുണ്ടെങ്കിലും, മറ്റു സസ്തിനികളെ പോലെ ഏഴു കശേരുകികളാണു് കഴുത്തിലുള്ളതു്. ജിറാഫിനു് കഴുത്തു് ഏറെ നേരം താഴ്ത്തിപ്പിടിക്കാൻ പറ്റില്ല. കഴുത്തിന്റെ നീളം കാരണം തലയിലെ രക്തസമർദ്ദം കൂടുന്നതിനാലാണിത്.
വാൽ
ഏറ്റവും നീളം കൂടിയ വാലുള്ള ജീവിയാണ് ഇവ.
ലോക ജിറാഫ് ദിനം
ജൂൺ 21 ലോക ജിറാഫ് ദിനമായി ആചരിക്കുന്നു.