ഗാലപ്പഗോസിലെ ഭീമന്മാര്‍
പരിണാമവാദത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിന്‍ തന്റെ പഠനങ്ങള്‍ പ്രധാനമായും നടത്തിയത് ശാന്ത സമുദ്രത്തിലെ ഗാലപ്പഗോസ് ദ്വീപസമൂഹങ്ങളിലാണ്. അവിടുത്തെ പ്രത്യേകതകളുള്ള ഒട്ടേറെ ജീവിവര്‍ഗങ്ങളില്‍ പ്രധാനമായ ഒരിനമാണ്, സമുദ്ര ഇഗ്വാനകള്‍(മറൈന്‍ ഇഗ്വാന).
കടല്‍ത്തീരത്തെ പാറക്കെട്ടുകളില്‍ കൂട്ടമായി കാണപ്പെടുന്ന ഇവ ഒരു മീറ്ററിലേറെ വളരാറുണ്ട്.ചാരനിറത്തിലുള്ള തടിച്ച ശരീരം ചെതുമ്പലുകളാല്‍ പൊതിയപ്പെട്ടതാണ്. തലയ്ക്ക് മുകളിലുള്ള മുള്ളുകള്‍ ഇവയ്ക്ക് ഒരു ഭീകരഭാവം നല്‍കുന്നുണ്ടെങ്കിലും ഇക്കൂട്ടര്‍ പാവത്താന്മാരാണ്. കടല്‍പ്പായലുകളാണ് മുഖ്യഭക്ഷണം.
പരസ്പരം പോരടിക്കുമെങ്കിലും മറ്റു ജീവികളെ ഇവ ആക്രമിക്കാറില്ല.പാറപ്പുറത്ത് വെയില്‍ കായാന്‍ സൗകര്യപ്രദമായ സ്ഥലത്തിനു വേണ്ടിയാണ് പ്രധാനമായും ഗുസ്തി കൂടുന്നത്.ശീതരക്തജീവികളായതിനാല്‍ തടിയന്‍ ശരീരത്തിന് ആവശ്യമായ ചൂട് കിട്ടുന്നതിന് ഈ വെയില്‍ കായല്‍ അത്യാവശ്യമാണ്. വെയിലേറ്റ് ഉഷാര്‍ ആകുന്നതോടെ ഇവ ഒന്നൊന്നായി കടല്‍ വെള്ളത്തിലേക്ക് ഊളിയിടും. കടല്‍പ്പാറകളില്‍ പറ്റിപ്പിടിച്ചു വളരുന്ന പായലുകള്‍ തിന്നു വയറു നിറയ്ക്കാന്‍ വേണ്ടിയാണ് ഇത്. എന്നാല്‍, തണുപ്പേറിയ സമുദ്രജലത്തില്‍ ഏറെ നേരം കിടക്കാന്‍ ഇവയ്ക്കാകില്ല, അങ്ങനെ ചെയ്‌താല്‍ ശരീരോഷ്മാവ് നഷ്ടപ്പെട്ടു ചത്തു പോകാനിടയാകും. അതിനാല്‍ അല്‍പനേരത്തിനു ശേഷം വീണ്ടും പാറപ്പുറത്ത് കയറി വെയില്‍ കായാന്‍ കിടക്കും.
വെള്ളത്തിലാശാന്മാരാണെങ്കിലും ശ്വസിക്കാന്‍ ഇവ കരയിലെത്തും.കടലാമകളെയും കടല്‍പ്പാമ്പുകളെയും മാറ്റി നിര്‍ത്തിയാല്‍ കടല്‍ വെള്ളത്തില്‍ കഴിയാനാകുന്ന ഏക ഉരഗങ്ങളാണിവ.
മറൈന്‍ ഇഗ്വാനകളെ പോലെ ജലം ഇഷ്ടപ്പെടുന്നവയാണ് തെക്കേ അമേരിക്കയിലെ ബസിലിക്സ് ഇഗ്വാന കളും ഈസ്റ്റ് ഇന്‍ഡീസിലെ ഹൈഡ്രോസോറസ്’ ഓന്തുകളും. ശുദ്ധജലാശയങ്ങളുടെ പരിസരത്ത് കഴിയാനാണ് ഇവയ്ക്കിഷ്ടം. വെള്ളത്തില്‍ നീന്താനും പിന്‍കാലുകളില്‍ എഴുന്നേറ്റ് ആഴം കുറഞ്ഞ വെള്ളത്തിലൂടെ ഓടാനും ഇവയ്ക്കാകും.ഒന്നാന്തരം മരം കയറ്റക്കാരും ആണിവര്‍.മുതുകിലും വാലിലുമുള്ള മീന്‍ചിറകുപോലുള്ള ഭാഗമാണ് ഇക്കൂട്ടരെ നീന്താന്‍ സഹായിക്കുന്നത്.