EncyclopediaGeneralVegetables

ആനച്ചേമ്പ്

അരേസീ (Araceae) സസ്യകുടുംബത്തിൽപ്പെട്ട ഒരു കിഴങ്ങു വർഗമാണ് ആനച്ചേമ്പ്. പാണ്ടിച്ചേമ്പ്, ശീമച്ചേമ്പ്, മുണ്ട്യ, ആനച്ചേമ്പ്, ആസ്സാം ചേമ്പ്, ഈയച്ചേമ്പ്, ഈഴച്ചേമ്പ്, കപ്പച്ചേമ്പ്, കഴുങ്ങ് ചേമ്പ്, മങ്കുണ്ടച്ചേമ്പ്, മാറാൻ ചേമ്പ് എന്നീ പേരുകളിലും അറിയപ്പെടുന്നു. സംസ്കൃതത്തിൽ മാനകം, മഹാപത്രം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രനാമം അലൊക്കേഷ്യ മാക്രോറൈസ (Alocasia macrorrhizos). ഉദ്ദേശം 3 മുതൽ 5 വരെ മീറ്റർ ഉയരത്തിൽ വളരുന്ന വലിയ ഇനം ചേമ്പുകളാണ് ഇവ. ചേമ്പിലയ്ക്ക് ഉദ്ദേശം മുക്കാൽ മീറ്ററോളം നീളംവരും; ഇലയുടെ വശങ്ങൾ വളഞ്ഞതായിരിക്കും. ഇലയുടെ ഞരമ്പിനു നല്ല കട്ടിയുണ്ടാകും. ശ്രീലങ്കയിൽ അതിസമൃദ്ധമായി ഉണ്ടാകുന്ന ഈ ഇനം കേരളീയരുടെ ആഹാരപദാർഥങ്ങളിലൊന്നാണ്. ഇതിന്റെ വലിപ്പമുള്ള കാണ്ഡം മാത്രമല്ല, ഇലത്തണ്ടുകളും കറികൾക്ക് ഉപയോഗിക്കാറുണ്ട്. വിരലുകളിൽ പൊള്ളലുണ്ടായാൽ ആനച്ചേമ്പിന്റെ തണ്ട് മുറിച്ചു പുരട്ടുന്ന പതിവ് നാട്ടിൻപുറങ്ങളിലുണ്ട്. കാണ്ഡം, സദ്യവട്ടത്തിലെ അവിയൽ, കൂട്ടുകറി എന്നിവയിലെ ഘടകമാണ്. ഉപ്പേരിയുണ്ടാക്കാനും ഉപയോഗിക്കുന്നു. നന്നായി വേവിക്കാത്തപക്ഷം ചൊറിച്ചിൽ അനുഭവപ്പെടും.