ഭീമന്‍ പാണ്ട
കരടിയുടെ കുടുംബക്കാരാണിവര്‍. കരിങ്കരടികളോടും ചെങ്കരടികളോടും ഇവയ്ക്ക് അടുത്തബന്ധമുണ്ട്. വംശനാശഭീഷണി നേരിടുന്നവരാണ് ഭീമന്‍പാണ്ടകള്‍. തെക്കന്‍ ചൈനയിലെ കാന്‍സു പ്രവിശ്യയിലെ ചിന്‍ലിംഗ് പര്‍വതനിരകളിലും ഉത്തര സെച്വാന്‍ പ്രദേശത്തെ മലനിരകളിലും മാത്രമാണ് ഇപ്പോള്‍ ഇവയുള്ളത്. മുളങ്കാടുകളിലാണ് ഭീമന്‍പാണ്ടകളുടെ വാസം. മുളംതണ്ടുകളും ഇലകളുമാണ് ഇഷ്ടഭക്ഷണം. ചിലപ്പോള്‍ പാണ്ടകള്‍ വലിയ മരങ്ങളില്‍ കയറിയിരിക്കാറുമുണ്ട്.
എയിലുറോ പോഡാ മെലാനോല്യൂക്ക എന്നതാണ് ഭീമന്‍ പാണ്ടയുടെ ശാസ്ത്രീയനാമം. കട്ടിയുള്ള കമ്പിളി പുതച്ചപോലുള്ള ശരീരത്തിന് 120 മുതല്‍ 140 വരെ കിലോ ഭാരം വരും. മൂന്നേ മുക്കാല്‍ അടി മുതല്‍ നാലേ മുക്കാല്‍ അടി വരെ നീളം ഇവയ്ക്കുണ്ടാകാറുണ്ട്. എഴുന്നേറ്റു നില്‍ക്കുമ്പോള്‍ തോള്‍ വരെ രണ്ടര അടി പൊക്കവും കാണും.
ഇഷ്ടാഹാരമായ മുളംതണ്ടും മുളയിലയും ഒടിക്കാനായി മുന്‍കാല്‍പത്തികളില്‍ വിരലുപോലുള്ള ഒരു പാഡ് ഉണ്ട്. അതുപോലെ മുളയില ചവച്ചരയ്ക്കുന്നതിനു പറ്റിയ അണപ്പല്ലുകളും ഇവയ്ക്കുണ്ട്. ദിവസത്തില്‍ 14 മണിക്കൂറെങ്കിലും പാണ്ടകള്‍ എന്തെങ്കിലും ചവച്ചു കൊണ്ടിരിക്കും. ദിവസേന 20-30 കിലോ മുളയിലയും തണ്ടും പാണ്ട കഴിക്കുമെന്നാണ് പറയപ്പെടുന്നത്.ഈ തീറ്റയ്ക്കു പിന്നിലൊരു രഹസ്യമുണ്ട്. മുളയിലയ്ക്കും മുളന്തണ്ടിനും പോഷകമൂല്യം തീരെ കുറവാണ് അതിനാല്‍ കൂടുതല്‍ കഴിച്ചാലേ ശരീരത്തിനാവശ്യമുള്ള പോഷകം കിട്ടുകയുള്ളൂ. അപൂര്‍വമായി നോണ്‍വെജിറ്റേറിയന്‍ ഭക്ഷണവും പാണ്ട കഴിക്കും. മുറിവേറ്റതോ ചത്തതോ ആയ ചെറിയ ജീവികളെ കണ്ടാല്‍ പാണ്ട ഉപേക്ഷിക്കാറില്ല.
ഒരുതവണ ഒന്നോ രണ്ടോ കുഞ്ഞുങ്ങളെ പാണ്ടയ്ക്ക് ജനിക്കാറുള്ളൂ. ഓരോന്നിനും 100 ഗ്രാം വീതം തൂക്കം കാണും. ഒരു പൂച്ചകുട്ടിയെപ്പോലെയായിരിക്കും ജനനസമയത്ത് പാണ്ടക്കുഞ്ഞുങ്ങള്‍. ആദ്യത്തെ ആറാഴ്ചക്കാലം അവയ്ക്ക് കണ്ണ് കാണില്ല. മൂന്നുമാസം പ്രായമാകുമ്പോള്‍ കുഞ്ഞുങ്ങള്‍ പതുക്കെ നടന്നു തുടങ്ങും, കൊച്ചുപാണ്ടകള്‍ക്ക് അമ്മയുടെ പാലിനേക്കാള്‍ ഇഷ്ടം മുളയുടെ ഇളം തണ്ടുകളാണ്. ഏഴുമാസമാകുമ്പോള്‍ പാണ്ടക്കുഞ്ഞുങ്ങള്‍ക്ക് 20 കിലോയോളം തൂക്കമുണ്ടാകും.
വളരെ വേഗം പെറ്റ്പെരുകുന്ന ജീവിയല്ല പാണ്ട. രണ്ടു വര്‍ഷം കൂടുമ്പോഴാണ് പാണ്ടകള്‍ക്ക് കുഞ്ഞുണ്ടാവുക. ജനിച്ചയുടന്‍ കുഞ്ഞുങ്ങള്‍ ചത്തുപോകാനുള്ള സാധ്യതയും കൂടുതലാണ്.14 വര്‍ഷമാണ് പാണ്ടകളുടെശരാശരി ആയുസ്.
മുളങ്കാടുകള്‍ വന്‍തോതില്‍ നശിച്ചു കൊണ്ടിരിക്കുന്നതാണ് പാണ്ടകളുടെ നിലനില്‍പ്പിനു ഭീഷണിയായിരിക്കുന്നത്. കാട്ടിലെ മരങ്ങള്‍ പോലെ മുളകള്‍ എപ്പോഴും വളര്‍ന്നു കൊണ്ടിരിക്കുകയില്ല. ഒരിക്കല്‍ പുഷ്പിച്ചു കഴിഞ്ഞാല്‍ ഒരു വലിയ പ്രദേശത്തെ മുളകളെല്ലാം കൂട്ടത്തോടെ നശിക്കുകയും ചെയ്യും. പിന്നീട് അവിടെ മുളകള്‍ പുതിയതായി വളര്‍ന്നു വരാന്‍ ഏറെ വര്‍ഷങ്ങളെടുക്കും. ഒരു കാലത്ത് രോമകുപ്പായങ്ങള്‍ ഉണ്ടാകുന്നതിനായി പാണ്ടകളെ മനുഷ്യര്‍ ധാരാളമായി വേട്ടയാടിയിരുന്നു. അതും ഭീമന്‍പാണ്ടകളുടെ എണ്ണം വന്‍തോതില്‍ കുറയാന്‍ കാരണമായി.
പാണ്ടകളുടെ സംരക്ഷണത്തിനായി ഇപ്പോള്‍ ഓപ്പറേഷന്‍ പാണ്ട എന്ന പേരില്‍ വലിയൊരു പ്രസ്ഥാനം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടായിരം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള വോളങ്ങ് നേച്ചര്‍ റിസര്‍വി ലാണ് പാണ്ടകളെ സംരക്ഷിക്കുന്നത്. ഒന്നാന്തരമൊരു ഗവേഷണകേന്ദ്രവും അവിടെയുണ്ട്. പാണ്ടകളെ വേട്ടയാടുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കാന്‍ ചൈനീസ് ഗവണ്മെന്റ് തീരുമാനിച്ചു കഴിഞ്ഞു. ഇപ്പോഴും ലോകത്തില്‍ ആയിരത്തില്‍ താഴേ ഭീമന്‍പാണ്ടകള്‍ മാത്രമെ അവശേഷിക്കുന്നുള്ളൂ. എന്നാണ് ഔദ്യോഗിക കണക്ക്.
പരിസ്ഥിതി സംരക്ഷണത്തിനും വന്യജീവിസംരക്ഷണത്തിനും വന്യജീവിസംരക്ഷണത്തിനുമായി സ്ഥാപിതമായിരിക്കുന്ന അന്താരാഷ്ട്ര സംഘടനയാണല്ലോ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍. അതിന്‍റെ ഔദ്യോഗിക ചിഹ്നമായി ഭീമന്‍ പാണ്ടയെ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. 1958-ല്‍ ചൈനയില്‍ നിന്നും ലണ്ടന്‍മൃഗശാലയിലെത്തിയ ചി-ചി എന്ന ഭീമന്‍പാണ്ടയെ കണ്ടപ്പോഴാണ് ഡബ്ലിയു ഡബ്ലിയു എഫിന്‍റെ ചെയര്‍മാനായിരുന്ന പീറ്റര്‍ സ്കോട്ട് സംഘടനയുടെ ലോഗോയില്‍ ഭീമന്‍ പാണ്ടയെ ഉള്‍പ്പെടുത്തിയത്.
1869-ല്‍ ഫ്രഞ്ച്മിഷനറിയായ പെരെ ആര്‍മണ്ട് ഡേവിഡ് ചൈനയിലെ ഒരു കര്‍ഷകനില്‍ നിന്നും പാണ്ടയുടെ രോമം കൊണ്ടുണ്ടാക്കിയ ഉടുപ്പ് വാങ്ങി വീട്ടിലേക്കയച്ചിരുന്നു. ആ രോമക്കുപ്പായം കണ്ട ചില ശാസ്ത്രജ്ഞ്ന്മാരാണ് ഭീമന്‍പാണ്ടയെപ്പറ്റിയുള്ള അന്വേഷണത്തിനും പഠനത്തിനും തുടക്കമിട്ടത്. 1913-ല്‍ യൂറോപ്പില്‍ നിന്നും ചൈനയിലെത്തിയ പര്യവേക്ഷകര്‍ ഭീമന്‍ പാണ്ടയെ നേരില്‍ കണ്ടു. അമേരിക്കയിലെ ചിക്കാഗോമൃഗശാലയില്‍ 1936-ല്‍ ഭീമന്‍പാണ്ടയെ എത്തിക്കുകയുണ്ടായി.
അമ്പതുകളിലും അറുപതുകളിലും ഭീമന്‍പാണ്ടകളെ പല രാജ്യങ്ങള്‍ക്കും ഔദ്യോഗിക സമ്മാനമെന്ന നിലയില്‍ നല്‍കിയിട്ടുണ്ട്. പ്രാചീനചൈനയില്‍ പാണ്ടകള്‍ക്ക് മാന്ത്രികശക്തിയുണ്ടെന്ന് വിശ്വസിച്ചു വന്നിരുന്നു. ദുഷ്ടപിശാചുക്കളെ ഓടിക്കാനായി പാണ്ടയുടെ മുഖം മൂടിയും ചൈനക്കാര്‍ ധരിച്ചിരുന്നു.