EncyclopediaWild Life

ഭീമന്‍ ഗുഹക്കരടി

20,000 വര്‍ഷങ്ങള്‍ക്കുമുമ്പ് യൂറോപ്പിലെ വനങ്ങളിലും പര്‍വതങ്ങളിലുമുള്ള ഗുഹകളില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന കരടികളാണ് ഭീമന്‍ ഗുഹക്കരടികള്‍. ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍, സ്പെയിന്‍, ഇറ്റലി, മധ്യയൂറോപ്പ്, ദക്ഷിണ റഷ്യ, ടര്‍ക്കി, ഗ്രീസ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇവയുടെ അസ്ഥികളും മറ്റും കണ്ടെത്തിയിട്ടുള്ളത്.

  മുഖ്യമായും സസ്യഭുക്കുകളായിരുന്നു ഈ കരടികള്‍. ആധുനികകാലത്തെ ചെങ്കരടികളോടായിരുന്നു ഇവയ്ക്ക് സാമ്യം. മനുഷ്യരുടെ കടന്നുവരവോടെ ഗുഹക്കരടികള്‍ക്ക് വംശനാശം സംഭവിക്കാന്‍ തുടങ്ങി. മനുഷ്യന്‍റെ നായാട്ടിനു ഇരയായ പ്രധാന ജീവിയായിരുന്നു ഇത്തരം കരടികള്‍. ഭക്ഷണത്തിനും തോലിനും വേണ്ടിയാണ് ആദ്യകാലത്ത് കരടികളെ വേട്ടയാടിയിരുന്നത്. പിന്നീട് തടിക്കും മറ്റുമായി മനുഷ്യര്‍ വനം കൈയേറാന്‍ തുടങ്ങിയപ്പോള്‍ കരടികള്‍ക്ക് പല വനങ്ങളില്‍ നിന്നും പലായനം ചെയ്യേണ്ടിവന്നു. ഏതാണ്ട് പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ ഗണത്തില്‍പെട്ട അവസാനകരടിയും ഇല്ലാതായത്.

 അര്‍സസ് സ്പേലിയസ് എന്ന ശാസ്ത്രനാമമുള്ള ഈ കൂറ്റന്‍കരടികള്‍ക്ക് 1500 കിലോ തൂക്കം വരെയുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 3 മീറ്ററിലധികം ഉയരവും ഈ കരടികള്‍ക്കുണ്ടായിരുന്നത്രേ.