വെളുത്തുള്ളി
അമരില്ലിഡേസി (Amaryllidaceae) സസ്യകുടുംബത്തിൽ പെട്ട, പാചകത്തിനും ഔഷധത്തിനുമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ് വെളുത്തുള്ളി (ഇംഗ്ലീഷ്:Garlic) (ശാസ്ത്രീയനാമം: Allium sativum). ഇതിന്റെ കാണ്ഡമാണ് ഉപയോഗയോഗ്യമായ ഭാഗം. പാചകത്തിൽ രുചിയും മണവും കൂട്ടുന്നതിന് വെളുത്തുള്ളി ഉപയോഗിക്കുന്നു. വെളുത്തുള്ളി, വെള്ളുള്ളി, വെള്ളവെങ്കായം, പൂണ്ട് എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു.
ഉള്ളിയെപ്പോലെ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും കൃഷിചെയ്തു വരുന്ന ഒരു വിളയാണ് വെളുത്തുള്ളി. മധ്യേഷ്യയും മെഡിറ്ററേനിയൻ പ്രദേശങ്ങളുമാണ് വെളുത്തുള്ളിയുടെ ജന്മസ്ഥലങ്ങൾ എന്നു പറയുന്നു. വളരെ പുരാതനകാലം മുതൽതന്നെ ഈജിപ്തിലും ഗ്രീസിലും കൃഷി ചെയ്തുവന്നിരുന്നതായി രേഖകൾ ഉണ്ട്. പുരാതന ഈജിപ്തിൽ പിരമിഡ്ഢുകൾ പണിയുന്ന അടിമകൾക്ക് കായികക്ഷമതക്കും, രോഗപ്രതിരോധത്തിനുമായി വെളുത്തുള്ളി നൽകിയിരുന്നതായി പറയപ്പെടുന്നു.