EncyclopediaHistoryTechnology

ഗലീലിയോയും പെന്‍ഡുലവും

സമയം സൂചിപ്പിക്കാന്‍ പെന്‍ഡുലത്തിന് കഴിയുമെന്നു ആദ്യം കണ്ടെത്തിയത് വിഖ്യാത ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലിയാണ്. യാദൃശ്ചികമായിരുന്നു ഈ കണ്ടുപിടിത്തം. അതേക്കുറിച്ച് ഒരു കഥയുണ്ട്.
1582-ല്‍ ഇറ്റലിയിലെ പിസയില്‍ വൈദ്യവിദ്യാര്‍ഥിയായിരുന്നു ഗലീലിയോ.അവിടെ ചരിഞ്ഞ ഗോപുരത്തിന് അടുത്തുള്ള പള്ളിയില്‍ അദ്ദേഹം പ്രാര്‍ത്ഥനയ്ക്ക് പോകാറുണ്ടായിരുന്നു.ഒരു ദിവസം പ്രാര്‍ത്ഥനയ്ക്കിടയില്‍ നീണ്ട ചങ്ങലയില്‍ കൊരുത്തിട്ടിരിക്കുന്ന വലിയ വെങ്കല വിളക്ക് അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ചങ്ങലയില്‍ ആടിക്കൊണ്ടിരിക്കുന്ന വിളക്ക് അദ്ദേഹം നിരീക്ഷിച്ചു, അതിന്‍റെ മുന്നോട്ടും പിന്നോട്ടുമുള്ള ആട്ടം തന്‍റെ നാഡിമിടിപ്പിനൊപ്പം ഗലീലിയോ എണ്ണി. വിളക്ക് ഒരു പ്രാവശ്യം ആടുവാന്‍ ഒമ്പതോ പത്തോ നാഡിമിടിപ്പ് വേണ്ടിവന്നു. ഇടയ്ക്ക് ആരെങ്കിലും പള്ളിയുടെ വാതില്‍ തുറക്കും, അതോടെ പള്ളിയ്ക്കകത്തേക്ക് കാറ്റ് ശക്തിയോടെ ഒഴുകിയെത്തും.കാറ്റിന്‍റെ ശക്തിക്ക് അനുസരിച്ച് വിളക്ക് കൂടുതല്‍ ആടും, എന്നാല്‍ ആട്ടത്തിന് ദൂരം കൂടിയാലും അതിന് എടുക്കുന്ന സമയത്തിന് ആദ്യത്തേതില്‍ നിന്ന് മാറ്റമില്ലായിരുന്നു.ഇത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി.
വീട്ടിലും ഗലീലിയോ പെന്‍ഡുലം പരീക്ഷണം ആവര്‍ത്തിച്ചു.അതില്‍ നിന്നും അദ്ദേഹം ചില നിരീക്ഷണങ്ങള്‍ നടത്തി. പെന്‍ഡുലം എത്ര ദൂരേയ്ക്ക് ആടിയാലും ഒരു ആട്ടത്തിന് അത് എടുക്കുന്ന സമയം തുല്യമായിരിക്കും. പെന്‍ഡുലത്തിന്‍റെ ഭാരം വര്‍ധിച്ചാലും ഒരു ദോലനത്തിന് എടുക്കുന്ന സമയം തന്നെ.
പെന്‍ഡുലത്തിന്‍റെ ചരടിന്റെ നീളവും അതിന്റെ ദോലനവും തമ്മില്‍ ബന്ധമുണ്ടെന്നും അദ്ദേഹം കണ്ടെത്തി. ചരടിന് നീളം കൂടുന്നതോടെ ദോലനത്തിനു വേഗം കുറയും.മാത്രമല്ല, ഒരു ദോലനത്തിനു എടുക്കുന്ന സമയം ചരടിന്റെ നീളത്തിന്റെ വര്‍ഗമൂലത്തിന് ആനുപാതികമായിരിക്കുമെന്ന് ഗലീലിയോ കണ്ടെത്തി .