EncyclopediaHistory

ഫുമിയോ കിഷിദ

2021 ഒക്ടോബർ 4 മുതൽ ജപാനിലെ പ്രധാനമന്ത്രിയാണ് ഫുമിയോ കിഷിദ. 2021 സെപ്റ്റംബർ 29 മുതൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (LDP) പ്രസിഡണ്ടുമാണ് അദ്ദേഹം.ഹൗസ് ഒഫ് റെപ്രെസെന്റേറ്റീവ് അംഗമായ അദ്ദേഹം നേരത്തെ 2012 മുതൽ 2017 വരെ വിദേശകാര്യ വകുപ്പ് മന്ത്രിയായും 2017-ൽ താൽകാലികമായി പ്രതിരോധ വകുപ്പ് മന്ത്രിയുമായി പ്രവർത്തിച്ചിട്ടുണ്ട്.

1957 ജൂലൈ 29-ന് ഒരു രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിൽ ജനിച്ച കിഷിദ തന്റെ കുട്ടിക്കാലം ചിലവഴിച്ചത് അമേരിക്കയിലായിരുന്നു, ന്യൂയോർക്ക് നഗരത്തിലാണ് പ്രൈമറി സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. ധനകാര്യ സ്ഥാപനത്തിൽ തന്റെ ജോലി ആരംഭിച്ച ശേഷം, കിഷിദ രാഷ്ട്രീയത്തിൽ പ്രവേശിച്ചു, 1993 ൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി അംഗമായി ഹൗസ് ഒഫ് റെപ്രെസെന്റേറ്റീവ് ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2007-2008 കാലഘട്ടത്തിൽ പ്രധാനമന്ത്രിമാരായ ഷിൻസോ ആബെ, യാസുവോ ഫുകുഡ എന്നിവരുടെ മന്ത്രിസഭകളിൽ വിവിധ തസ്തികകളിലേക്ക് അദ്ദേഹം നിയമിതനായി, 2012 ലെ പൊതുതെരഞ്ഞെടുപ്പിൽ അബെയുടെ വിജയത്തിന് ശേഷം 2012 ൽ വിദേശകാര്യ മന്ത്രിയായി നിയമിക്കപ്പെട്ടു, ജാപ്പനീസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം വിദേശകാര്യ മന്ത്രിയായിരുന്നത് ഫുമിയോ കിഷിദയാണ്. എൽ‌ഡി‌പിയുടെ പോളിസി റിസർച്ച് കൗൺസിലിന്റെ തലവനായി പ്രവർത്തിക്കാൻ വേണ്ടി 2017-ൽ അബെ മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. എൽഡിപിയുടെ കൊച്ചികൈ വിഭാഗത്തിന്റെ നേതാവായിരുന്ന മക്കോട്ടോ കോഗയുടെ മരണത്തെത്തുടർന്ന് 2012-ൽ കൊച്ചികൈ വിഭാഗത്തിന്റെ നിയന്ത്രണവും കിഷിദ ഏറ്റെടുത്തു.

ഒരു നല്ല വാഗ്മിയായിരുന്ന അദ്ദേഹം ജപ്പാനിലെ പ്രധാനമന്ത്രിയായിത്തീരുമെന്ന് നേരത്തേ കരുതപ്പെട്ടിരുന്നു. 2020-ൽ എൽ‌ഡി‌പിയുടെ നേതൃത്വ തിരഞ്ഞെടുപ്പിൽ മൽസരിച്ചുവെങ്കിലും യോഷിഹിതെ സുഗയോട് പരാജയപ്പെട്ടു. കിഷിദ 2021-ൽ പാർട്ടി നേതൃത്വത്തിനായി വീണ്ടും മത്സരിച്ചു, ഇത്തവണ എതിരാളിയായ ടാരോ കോനോയ്‌ക്കെതിരെ വിജയിച്ചു. നാല് ദിവസത്തിന് ശേഷം 2021 ഒക്ടോബർ 4-ന് നാഷണൽ ഡയറ്റ് കിഷിദയെ പ്രധാനമന്ത്രിയായി സ്ഥിരീകരിച്ചു.

ആദ്യകാല ജീവിതം
1957 ജൂലൈ 29 ന് ടോക്കിയോയിലെ ഷിബുയയിലെ രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു കുടുംബത്തിലാണ് കിഷിദ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഫുമിറ്റേക്ക് കിഷിദ സാമ്പത്തിക, വ്യാപാര വ്യവസായ മന്ത്രാലയത്തിലെ സർക്കാർ ഉദ്യോഗസ്ഥനും ദി സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസ് ഏജൻസിയുടെ ഡയറക്ടറുമായിരുന്നു. കിഷിദ കുടുംബം ഹിരോഷിമയിൽ നിന്നുള്ളവരായതിനാൽ എല്ലാ വേനൽക്കാലത്തും കുടുംബം അവിടെ സന്ദർശിക്കാറുണ്ടായിരുന്നു. കിഷിദ കുടുംബത്തിലെ നിരവധി അംഗങ്ങൾ അണുബോംബാക്രമണത്തിൽ മരിച്ചിരുന്നു, അണുബോംബാക്രമണത്തെ അതിജീവിച്ചവരുടെ കഥകൾ കേട്ടാണ് ഫ്യൂമിയോ വളർന്നത്. അദ്ദേഹത്തിന്റെ പിതാവ് ഫുമിറ്റേക്കും മുത്തച്ഛൻ മസാകി കിഷിദയും ജനപ്രതിനിധിസഭയിലെ അംഗങ്ങളായിരുന്നു. മുൻ സാമ്പത്തിക, വ്യാപാര, വ്യവസായ മന്ത്രി യോച്ചി മിയാസാവ അദ്ദേഹത്തിന്റെ കസിനും മുൻ പ്രധാനമന്ത്രി കിച്ചി മിയസാവ അദ്ദേഹത്തിന്റെ അകന്ന ബന്ധുവുമായിരുന്നു.

തൻറെ പിതാവ് അക്കാലത്ത് യു.എസിൽ ജോലിക്ക് നിയമിക്കപ്പെട്ടിരുന്നതിനാൽ അദ്ദേഹം ന്യൂയോർക്കിലെ ക്വീൻസിലുള്ള എൽമ്ഹർസ്റ്റ് പ്രദേശത്തിലെ ക്ലെമന്റ് സി. മൂർ എലിമെന്ററി സ്കൂളിലാണ് പ്രാഥമ്മിക വിദ്യാഭ്യാസം തുടങ്ങിയത്, പിന്നീട് കോജിമാച്ചി എലിമെന്ററി സ്കൂളിലും കോജിമാച്ചി ജൂനിയർ ഹൈസ്കൂളിലും അദ്ദേഹം പഠിച്ചു. കിഷിദ കൈസെയ് അക്കാദമിയിൽ നിന്ന് ബിരുദം നേടി, അവിടെ അദ്ദേഹം ബേസ്ബോൾ ടീമിലും കളിച്ചു. നിരവധി തവണ ടോക്കിയോ സർവ്വകലാശാലയിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടർന്ന്, കിഷിദ വസേഡ യൂണിവേഴ്സിറ്റിയിൽ നിയമം പഠിക്കുകയും 1982-ൽ ബിരുദം നേടുകയും ചെയ്തു. വസേഡയിൽ, പിൽക്കാലത്ത് രാഷ്ട്രീയക്കാരനായ തകേഷി ഇവായയുമായി അദ്ദേഹം സൗഹൃദത്തിലായിരുന്നു.