ഫ്രാൻസ്
ഫ്രാൻസ് (France) പടിഞ്ഞാറൻ യൂറോപ്പിലെ പ്രമുഖ രാജ്യമാണ്. ആധുനിക നൂറ്റാണ്ടിലെ രാജ്യാന്തര വേദികളിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഈ പശ്ചാത്യ രാജ്യം ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിലൊന്നാണ്. യൂറോപ്യൻ യൂണിയന്റെ സ്ഥാപകാംഗവും അതിൽ അംഗമായ ഏറ്റവും വലിയ രാജ്യവുമാണ് ഫ്രാൻസ്. ഐക്യരാഷ്ട്രസഭയുടെ രൂപവത്കരണത്തിലും നിർണ്ണായക സ്വാധീനം ചെലുത്തിയ ഇവർ, യു.എൻ രക്ഷാസമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങളിലൊന്നാണ്.
മെഡിറ്ററേനിയൻ കടലിന്റെയും അറ്റ്ലാന്റിക് മഹാസമുദ്രത്തിന്റെയും ഇടയിലുള്ള ഈ രാജ്യം തദ്ദേശീയരുടെ ഇടയിൽ ഹെക്സഗൺ എന്നും അറിയപ്പെടുന്നു. പഞ്ചഭുജാകൃതിയാണ് ഇതിനു കാരണം. ബെൽജിയം, ലക്സംബർഗ്, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഇറ്റലി, മൊണാക്കോ, അൻഡോറ, സ്പെയിൻ എന്നിവയാണ് ഫ്രാൻസിന്റെ അയൽരാജ്യങ്ങൾ.
ജനാധിപത്യ രാഷ്ട്രമായ ഫ്രാൻസിൽ നിന്നാണ് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലേക്കും മനുഷ്യാവകാശ സന്ദേശങ്ങൾ പ്രവഹിച്ചത്. ഫ്രഞ്ച് വിപ്ലവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച മനുഷ്യാവകാശ പ്രഖ്യാപനം ലോക ചരിത്രത്തെ തന്നെ മാറ്റിമറിച്ചു. ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യ സമരങ്ങൾക്ക് പ്രചോദനമായത് ഈ പ്രഖ്യാപനമായിരുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നത് ഫ്രാൻസിന്റെ മുദ്രാ വാക്യമാണ്.
അടിച്ചമർത്തലുകൾക്കും കൈയേറ്റങ്ങൾക്കും സ്വാതന്ത്ര്യനിഷേധത്തിനുമെതിരെയുള്ള ഫ്രഞ്ചുകാരുടെ സമരാവേശം വിഖ്യാതമാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഈറ്റില്ലം കൂടിയാണ് ഫ്രഞ്ച് റിപ്പബ്ലിക്ക്. ശാസ്ത്രം, കല, ഫാഷൻ, സംസ്കാരം, സാഹിത്യം, കായികമേഖല, സാങ്കേതികവിദ്യ എന്നിവയിലുള്ള സംഭാവന വിശേഷണങ്ങൾക്കൊക്കെ അപ്പുറമാണ്. ഫാഷന്റെ ഈറ്റില്ലം എന്ന് ഫ്രാൻസിനെ വിശേഷിപ്പിക്കാറുണ്ട്.
പതിനെട്ടാം നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വരെ കൊളോണിയൽ ശക്തികളിലൊന്നായിരുന്നു ഫ്രാൻസ്. കൊളോണിയൽ ഭരണത്തിന്റെ അവശേഷിപ്പുകളായി ഇന്നും വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഏഷ്യ എന്നീ വൻകരകളിൽ ഫ്രഞ്ച് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളുണ്ട്. പാരീസ് ആണ് ഫ്രാൻസിന്റെ തലസ്ഥാനം.
ചരിത്രം
റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഗൌൾ പ്രവിശ്യയെക്കുറിച്ചായിരുന്നു അഞ്ചാം ശതകത്തിൽ, ഇന്നത്തെ ഫ്രാൻസിനെക്കുറിച്ചുള്ള പരാമർശങ്ങളുള്ളത്. ഗൌൾ (കുതിരകളെന്നും കുതിരകളുമായി ബന്ധപ്പെട്ട ഇടമെന്നും അർഥം) എന്നായിരുന്നു ആദ്യം ഈ മേഖല അറിയപ്പെട്ടിരുന്നത്. നോർമാഡൻമാരുടെയും ബാർബാറിയന്മാരുടെയും ജർമാനൻമാരുടെയും ദേശാടനഭൂമിയായിരുന്നിത്. 486ൽ സാലിയൻ ഫ്രാങ്കൻ വംശത്തലവനായിരുന്ന ക്ലോവെ ആയിരുന്നു സൈൻ നദിയുടെ തീരത്ത് ഈ ദേശാടനക്കാരെ അണിനിരത്തി ഒരു രാജ്യത്തിനടിത്തറയിട്ടത്. അത് റോമൻ കത്തോലിക്കാസഭയുടെ അധീനതയിലുമായി.
511 ൽ ക്ലോവെയുടെ മരണാനന്തരം മൊറോവീംഗിയൻ വംശം ഈ മേഖലയുടെ അധിപന്മാരായി. 751 ൽ ചാൾസ് മാർട്ടലിന്റെ പുത്രൻ പപ്പാൻ കാരോളിംഗൻ വംശം സ്ഥാപിച്ചു ഫ്രാൻസിന്റെ അധിപന്മാരായി. 774 ൽ ഇറ്റലിയും 778 ൽ ജർമനിയും നിരന്തരമായ ആക്രമണമഴിച്ചുവിട്ടു, അന്നത്തെ ഫ്രാൻസിന്റെ അധിപന്മാരാകാൻ.
801 ആയപ്പോഴേക്കും അതിർത്തി രാജ്യമായ സ്പെയിൻ കടന്ന് മുസ്ലിം സൈന്യവും ഫ്രാൻസിലെത്തി. ഫ്രാൻസിന്റെ പൂർവതീരം അവരുടേതായപ്പോൾ പോപ്പുലിയോ മൂന്നാമന്റെ കാലത്ത് ലൂയി ഒന്നാമന്റെ നേതൃത്വത്തിൽ വിദേശ സൈനിക ഇടപെടലുകൾ ഒരുപരിധിവരെ തടഞ്ഞുനിർത്തി. ഫ്രാൻസിനെ മൂന്നു പ്രവിശ്യകളാക്കി ലൂയി ഒന്നാമന്റെ മൂന്നു പുത്രന്മാരെ ഈ മേഖലകളുടെ ചുമതലയേൽപ്പിച്ചു. ലൂയി പതിനാലാമന്റെ കാലത്തോളം അടിച്ചമർത്തലുകളും സ്വാതന്ത്ര്യധ്വംസനവും അനുഭവിച്ച ഫ്രഞ്ച് ജനത പിന്നീട് സ്വാതന്ത്ര്യസമരങ്ങളുടെ പര്യായങ്ങളായി. ഇതൊക്കെയാണെങ്കിലും വെറുമൊരു പട്ടാളക്കാരനായിരുന്ന നെപ്പോളിയൻ ചക്രവർത്തിയായതിനു ശേഷമുള്ള സാമ്രാജ്യവികസനത്തെ തുടർന്നാണ് ഫ്രാൻസ് ഗ്രാൻഡ്നാസിയോൺ ഗ്രേറ്റ്നേഷൻ എന്ന പേരിനുടമകളായത്.