ഭൂട്ടാനിലെ ഭക്ഷണരീതി
ഭക്ഷണകാര്യത്തില്‍ വലിയ വൈവിധ്യം പുലര്‍ത്തുന്നവരല്ല ഭൂട്ടാന്‍കാര്‍. അവരുടെ ഇപ്പോഴത്തെ പ്രധാന ആഹാരം പോലും ഒരു ബ്രിട്ടീഷുകാരന്റെ സ്വാധീനം കാരണം ശീലമാക്കിയതാണത്രെ. 18ആം നൂറ്റാണ്ടില്‍ ഭൂട്ടാനിലെത്തിയ ഈ ബ്രിട്ടീഷുകാരന്‍ ചോറും ഉരുളക്കിഴങ്ങും പ്രധാനവിഭാഗങ്ങളായി ഉപയോഗിച്ചിരുന്നു. അതുകണ്ട് ഭൂട്ടാന്‍ കര്‍ഷകരും അതു ശീലമാക്കി. അതിന്റെ കൂടെ ഭൂട്ടാന്‍കാര്‍ക്ക് ഭക്ഷണത്തോടൊപ്പം നിര്‍ബന്ധമായിരുന്ന മുളകും അവര്‍ ചേര്‍ത്തു. 1950 കള്‍ വരെ മുളകു മാത്രമായിരുന്നു ഭക്ഷണത്തില്‍ ചേര്‍ത്തിരുന്നത്. പിന്നീട് ഇഞ്ചി, ഉള്ളി, വെളുത്തുള്ളി എന്നിവയും സ്ഥാനം നേടി.
തവിട് കലര്‍ന്ന അരി കൊണ്ടുള്ള ചോറാണ് ഭൂട്ടാന്‍കാര്‍ക്ക് കൂടുതല്‍ ഇഷ്ടം. അരി ലഭിക്കാത്ത പ്രദേശങ്ങളില്‍ ഗോതമ്പ് ഉപയോഗിച്ചുള്ള പാല്‍ കേക്കുകളും ന്യൂഡില്‍സും പ്രധാന വിഭവമായി ഉപയോഗിക്കുന്നു.
ഭൂട്ടാനില്‍ അറവുശാലകള്‍ വിരളമാണ്.ഇവര്‍ മൃഗങ്ങളെ കൊന്നു ഭക്ഷിക്കാറുമില്ല. പ്രായമായി ചകുന്നവയെയും അപകടങ്ങളില്‍ കൊല്ലപ്പെടുന്നവയെയും ഭക്ഷിക്കുന്നു. ഇന്ത്യയില്‍ നിന്നെത്തുന്ന ഉണക്കയിറച്ചി ഭൂട്ടാന്‍ ചന്തകളില്‍ സുലഭമാണ്.
പച്ചക്കറികള്‍ക്ക് യാതൊരു ക്ഷാമവുമില്ല ഭൂട്ടാനില്‍. കിഴങ്ങുകളും കൂണുകളുമെല്ലാം ഭൂട്ടാന്‍കാര്‍ കൃഷി ചെയ്തുണ്ടാക്കുന്നു. അതോടൊപ്പം വനങ്ങളില്‍ നിന്നുള്ള പച്ചക്കറികളും ലഭിക്കുന്നു. മഴക്കാലത്ത് വനവിഭവങ്ങള്‍ സുലഭമാകുകയും ഇന്ത്യയില്‍ നിന്നുള്ള മാംസ ഇറക്കുമതി കുറയുകയും ചെയ്യുമ്പോള്‍ ഭൂട്ടാന്‍കാരുടെ പ്രധാന ഭക്ഷണം സസ്യാഹാരം മാത്രമാകും.
ഭക്ഷണത്തില്‍ മുളക് പ്രധാന ഘടകമാണെന്ന് പറഞ്ഞല്ലോ. ദേശീയ ഭക്ഷണമായ ഇമദസെ മുളകും ചീസും ചേര്‍ത്തുള്ള വിഭവമാണ്.
അതിഥികള്‍ക്കു നല്‍കാനും കടകളില്‍ വില്‍ക്കാനുമായി നിരവധി പലഹാരങ്ങള്‍ ഭൂട്ടാന്‍കാര്‍ ഉണ്ടാക്കുന്നുണ്ട്. അരികൊണ്ടുണ്ടാക്കുന്ന സിപ്, ചോളം കൊണ്ടുണ്ടാക്കുന്ന ഗെഗാസിപ്, എന്നിവയാണ് പ്രധാനപലഹാരങ്ങള്‍. ഇവ പ്രഭാതഭക്ഷണമായും ഉപയോഗിക്കുന്നു.
ചായയാണ് ഭൂട്ടാന്‍കാരുടെ പ്രധാനപാനീയം. രണ്ടുതരം ചായയുണ്ട്. ചായയില്‍ ഉപ്പും വെണ്ണയും ചേര്‍ത്തുണ്ടാക്കുന്ന സൂദ്ജ യാണ് ഒന്നാമത്തേത്. ഇന്ത്യന്‍ രീതിയില്‍ പാലും പഞ്ചസാരയും ചേര്‍ത്ത നദുജ യാണ് മറ്റൊന്ന്‍. ആഘോഷവേളകളില്‍ ഭൂട്ടാന്‍കാര്‍ മദ്യം ഉപയോഗിക്കാറുണ്ട്.
മദ്യമോ ചായയോ നല്‍കിയാണ് അതിഥികളെ സ്വീകരിക്കുന്നത്. മദ്യപിക്കില്ലെങ്കിലും അതിഥി ഇതില്‍ നിന്നും അല്‍പമെങ്കിലും കുടിക്കാന്‍ നിര്‍ബന്ധിതരാണ്. വീണ്ടും ആവശ്യപ്പെടുന്നതും ആതിഥേയര്‍ക്ക് വലിയ സന്തോഷം നല്‍കും.