സസ്യ-ജന്തുജാല൦
വൈവിധ്യമാര്‍ന്ന ജീവിവര്‍ഗങ്ങളാല്‍ സമ്പുഷ്ടമാണ് ലക്ഷദ്വീപുകള്‍. പവിഴപ്പുറ്റുകളുടെയും കണ്ടല്‍കാടുകളുടെയും സാന്നിധ്യം അനവധി ജീവജാലങ്ങള്‍ക്ക് ആവാസവ്യവസ്ഥയൊരുക്കുന്നു.
ഇന്ത്യന്‍ തീരങ്ങളില്‍ അപൂര്‍വമായി കാണപ്പെടുന്ന നിരവധി ജലജീവികളെ ലക്ഷദ്വീപസമൂഹത്തിലെ ലഗൂണുകളില്‍ കാണാം. ശാന്തമായ ആഴം കുറഞ്ഞ കടല്‍ജലത്തിലൂടെ നീന്തിക്കളിക്കുന്ന വര്‍ണഭംഗിയാര്‍ന്ന ജലജീവികള്‍ മനോഹരമായ കാഴ്ചയാണ്,ഈ കാഴ്ച കാണാനായി അടിഭാഗം ചില്ലിട്ട ബോട്ടില്‍ സഞ്ചരിക്കാനുള്ള സൗകര്യവും ചില ദ്വീപുകളിലുണ്ട്. പറവമത്സ്യം, പൂമ്പാറ്റ മത്സ്യം, ലയണ്‍ ഫിഷ്, സന്യാസി ഞണ്ട്, തുടങ്ങിയവയാണ് പ്രധാനമായും ഇവിടെ കാണപ്പെടുന്ന ജീവികള്‍.
പറവ മത്സ്യം
വെള്ളത്തിലെ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുന്നതിനു വായുവില്‍ പറക്കുന്ന പറവമത്സ്യം എന്ന അപൂര്‍വ്വയിനം മത്സ്യത്തെ ലക്ഷദ്വീപില്‍ കാണാം.
ലക്ഷികളെപ്പോലെ പറക്കുവാനൊന്നും ഈ പറവമത്സ്യത്തിന് കഴിവില്ല. വെള്ളത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന് അല്‍പദൂരം വായുവിലൂടെ തെന്നിനീങ്ങലാണ് ഇതിന്റെ പറക്കല്‍, അതുകൊണ്ട് തന്നെയാണ് ഇവയ്ക്ക് ഈ പേരു ലഭിച്ചതും ഇവയുടെ മുന്‍ചിറകുകള്‍ വെള്ളത്തില്‍ തുഴയാനും വായുവില്‍ പറക്കുവാനും ഒരുപോലെ സഹായിക്കുന്നവയാണ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ഇവയുടെ പറക്കല്‍.
കടലിലെ സിംഹം
ലക്ഷദ്വീപു കടലിലെ വില്ലനാണ് ലയണ്‍ ഫിഷ് എന്നയിനം മീന്‍. ദേഹത്തിനുചുറ്റും എഴുന്നു നില്‍ക്കുന്ന ചിറകുപോലുള്ള അവയവങ്ങളാണ് ഇവയുടെ പ്രത്യേകത.
പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ അക്രമകാരിയാണിവ. പാഞ്ഞു വന്നു കൊത്തുന്ന ഇവന്‍ ഫാഞ്ഞു കൊത്തി എന്നാണ് ലക്ഷദ്വീപുകളില്‍ അറിയപ്പെടുന്നത്.
ചൂര, പൂവന്‍ചൂര, റഗുണ്ടി, അയക്കൂറ, തിരുത, ഓലമീന്‍, ചെമ്മീന്‍, ചാള, തുടങ്ങി നൂറുകണക്കിന് മത്സ്യങ്ങളാല്‍ സമ്പുഷ്ടമാണ് ലക്ഷദ്വീപ് കടല്‍.
സന്യാസി ഞണ്ട്
സന്യാസി ഞണ്ടുകളാണ് ലക്ഷദ്വീപില്‍ കാണപ്പെടുന്ന മറ്റൊരു പ്രധാന ജീവി. മറ്റു ഞണ്ട് ഇനങ്ങളില്‍നിന്നു വ്യത്യസ്തമായി പുറന്തോടിനു കട്ടിയില്ലാത്ത ഇവ ഒഴിഞ്ഞ ശംഖുകള്‍ക്കുള്ളിലാണ് പാര്‍ക്കുന്നത്. വളരുന്നതിനനുസരിച്ച് തങ്ങള്‍ക്കു ചേരുന്ന ശംഖുകള്‍ കണ്ടെത്തി ഇവ അതിനുള്ളില്‍ കയറുന്നു. പേരില്‍ സന്യാസിയുണ്ടെങ്കിലും സ്വഭാവത്തില്‍ അത്ര മാന്യനൊന്നുമല്ല സന്യാസി ഞണ്ട്. വാടകവീടിനൊപ്പം വാടകഗുണ്ടകളുമായാണ് സന്യാസിഞണ്ടിന്റെ നടപ്പ്. തന്നെ ആക്രമിക്കാന്‍ വരുന്നവരെ തുരത്തുന്നതിനായി വിഷമുള്ളുകള്‍ ഉള്ള കടല്‍പ്പൂവുകള്‍ എന്ന ജീവിയെക്കൂടി സന്യാസിഞണ്ട് തന്‍റെവാടകപുറന്തോടിനുള്ളില്‍ താമസിപ്പിക്കുന്നുണ്ട്.
നീരാളി ആളൊരു പോരാളി
ഒളിപ്പോരാളിയെപ്പോലെ ചുറ്റുപാടുകള്‍ക്കിടയില്‍ ഒളിച്ചിരിക്കും. നിറം മാറ്റി ശത്രുക്കളെ കബളിപ്പിക്കും. ശത്രുക്കളെ വരിഞ്ഞുമുറുക്കാന്‍ കാലുകള്‍ എട്ട്. ബൈനോക്കുലറുകളെ തോല്‍പ്പിക്കുന്ന കാഴ്ചശക്തി. പൊത്തുകളില്‍ പതുങ്ങിയിരുന്ന് മീനുകള്‍, ഞണ്ടുകള്‍, കക്കകള്‍ തുടങ്ങിയവയ്ക്ക് നേരെ ചാടിവീണ്’ അവയെ വായിലാക്കും. കടലിലെ അപകടകാരിയായ പോരാളി തന്നെയാണ് നീരാളി. അപ്പല്‍ എന്നു ലക്ഷദ്വീപുകാര്‍ വിളിക്കുന്ന നീരാളികള്‍ ഇവിടെ ധാരാളമായുണ്ട്.
കടലാമകളുടെ കടമത്ത്
ലക്ഷദ്വീപുകളില്‍ ധാരാളമായുള്ള മറ്റൊരു ജീവിയാണ് കടലാമ. കടമത്തിലാണ് ഇവയെ ഏറ്റവുമധികം കാണാനാവുക. കടലാമയെന്നാണ് പേരെങ്കിലും ഇവ കരയില്‍വന്നാണ് മുട്ടയിടുക. പെണ്ണാമകള്‍ കടല്‍ത്തീരത്ത് കുഴുകുത്തി മുട്ടയിട്ട് കടലിലേക്ക് തന്നെ തിരിച്ചുപോകുന്നു. മുട്ടവിരിയുന്ന കടലാമക്കുഞ്ഞുങ്ങള്‍ തനിയെ കടലിലേക്ക് നീങ്ങുന്നു.
കടല്‍വെള്ളരി
വെള്ളരിയെന്നാണ് പേരെങ്കിലും വെജിറ്റേറിയന്‍മാര്‍ക്ക് കഴിക്കാന്‍പ്പറ്റുന്ന സാധനമല്ല കടല്‍വെള്ളരി. ഒരിനo കടല്‍ ജീവിയാണ് ഇവ.
മൃദുലമായ ശരീരമുള്ള കടല്‍വെള്ളരി സംരക്ഷിതവര്‍ഗത്തില്‍പെടുന്ന ജീവിയാണ്. ചൈനീസ് ഭക്ഷണങ്ങളിലെ പ്രധാന ചേരുവയായ ഇവയെ മനുഷ്യര്‍ ധാരാളമായി ശേഖരിക്കുന്നത് കൊണ്ട് വംശനാശ ഭീഷണി നേരിടുകയാണിന്ന്.