EncyclopediaWild Life

ആഫ്രിക്കന്‍ ഫയര്‍ സ്കിങ്ക്

ശരീരത്തിന്റെ വശങ്ങളില്‍ തീ നിറമുള്ള ജീവി! കരിയിലകളില്‍ ഇവയിലിരിക്കുമ്പോള്‍ കരിയില കത്തുന്നത് പോലെ തോന്നുകയും ചെയ്യും. ആഫ്രിക്കന്‍ ഫയര്‍ സ്കിങ്ക് എന്നാണ് ഈ വിരുതന്റെ പേര്.

        ഉരഗങ്ങളുടെ വര്‍ഗത്തില്‍പ്പെട്ട തീ സ്കിങ്കിനു നമ്മുടെ ഒന്തിന്റെ ആകൃതിയും വലിപ്പവുമാണ്‌ ഉള്ളത്. തീ ജ്വാലയുടെ നിറം കൂടാതെ തിളങ്ങുന്ന മറ്റു നിറങ്ങളുമുണ്ട് ഇവയുടെ ശരീരത്തില്‍. സ്വര്‍ണ്ണനിറവും,കറുപ്പും നീലയും ചുവപ്പും അവിടവിടെയായി ഉടലില്‍ നിറഞ്ഞു നില്‍ക്കുന്നു. കാലുകള്‍ നാലും കറുപ്പും നിറത്തിലാണ്. അതില്‍ ചെറിയ വെള്ളക്കുത്തുകളും കാണാം.

     വളരുന്ന കുഞ്ഞുങ്ങള്‍ക്ക് വെട്ടിത്തിളങ്ങുന്ന നിറങ്ങളാണ്. പ്രായപൂര്‍ത്തിയാകുമ്പോള്‍ നിറം കുറയും.

ശരീരത്തിലെ കടും നിറങ്ങളാണ് ശത്രുക്കളെ വിരട്ടാനും ഇവയെ സഹായിക്കുന്നത്. എന്നാല്‍ ചില ശത്രുക്കള്‍ അതൊന്നും കാര്യമാക്കാറില്ല. കടുംനിറം കാണുമ്പൊള്‍ അവര്‍ സ്കിങ്കുകളെ പെട്ടെന്ന് തിരിച്ചറിയും. പിടികൂടി ശാപ്പിടുകയും ചെയ്യും!

 ഒരടി നീളക്കാരാണ് ആഫ്രിക്കന്‍ സ്കിങ്കുകള്‍. ചെറിയ ജീവികളെ ശാപ്പിടും. കാട്ടില്‍ കഴിയാനാണ് കൂടുതലിഷ്ടം.

 പെണ്‍ സ്കിങ്കുകള്‍ ഒരു വര്‍ഷം നാല് മുതല്‍ ഒമ്പത് മുട്ടകള്‍ വരെയിടും. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ ഒരു വര്‍ഷം കൊണ്ട് പ്രായപൂര്‍ത്തിയാകും. പത്തു വയസ്സാണ് ഇവയുടെ പരമാവധി ആയുസ്സ്. വംശനാശ ഭീഷണി നേരിടുന്ന ഇവയെ പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് കണ്ടുവരുന്നത്.