ആധുനികഭൂട്ടാന്റെ പിതാവ്
1952 ല്‍ ഭൂട്ടാന്റെ മൂന്നാമത്തെ രാജാവായി ജിഗ്മേ ദോര്‍ജി വാങ് ചുക് സ്ഥാനമേറ്റു. ഭൂട്ടാനെ ആധുനികവല്‍ക്കരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് ഇദ്ദേഹം.അതുകൊണ്ട് തന്നെ ആധുനികഭൂട്ടാന്റെ പിതാവ് എന്ന് ജിഗ്മേ ദോര്‍ജി അറിയപ്പെടുന്നു.
1956 ല്‍ ജിഗ്മേ ദോര്‍ജി രാജ്യത്ത് അടിമത്തം നിരോധിച്ചു. 1958 ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ ഔദ്യോഗികസന്ദര്‍ശനത്തിനായി ഭൂട്ടാനിലേക്ക് ക്ഷണിച്ചു.
1961 ല്‍ രാജാവ് ഭൂട്ടാനിലെ ആദ്യത്തെ പഞ്ചവത്സരപദ്ധതിക്ക് തുടക്കമിട്ടു. റോഡ് നിര്‍മാണത്തിനു ബൃഹത്തായ ജല വൈദ്യുതപദ്ധതിക്കും ഊന്നല്‍ നല്കുന്ന പദ്ധതിയായിരുന്നു ഇത്. 1966 ല്‍ ഭരണകാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി തലസ്ഥാനം തിമ്പുവിലേക്ക് മാറ്റി.
‘ഒറ്റപ്പെടല്‍ നയം’ അധികകാലം തുടരാനാകുന്ന തന്ത്രമല്ലെന്ന് രാജാവിനു ബോധ്യമുണ്ടായിരുന്നു.1971 ല്‍ ഭൂട്ടാന് ഐക്യരാഷ്ട്രസഭയില്‍ അംഗമായി. ഇന്ത്യന്‍ അംബാസഡറെ ഭൂട്ടാനില്‍ സ്വീകരിക്കുകയും ഭൂട്ടാന് അംബാസിഡറെ ഇന്ത്യയിലേക്കയയ്ക്കുകയും ചെയ്തത് കൊണ്ട് അയല്‍രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധത്തിനു തുടക്കം കുറിച്ചു.
സോംഘാ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത് ജിഗ്മേ ദോര്‍ജിയുടെ കാലത്താണ്. ഭൂട്ടാന്റെ നാഷണല്‍ അസംബ്ലിയായി ഷോങ്ഡു സ്ഥാപിക്കുകയും പന്ത്രണ്ടു വാല്യങ്ങള്‍ ഉള്ള നിയമസംഹിതയ്ക്കു രൂപം നല്‍കുകയും ചെയ്തു അദ്ദേഹം. റോയല്‍ ഭൂട്ടാന് ആര്‍മിക്കും ദേശീയ പോലീസ് സേനയ്ക്കും ഹൈക്കോടതിക്കും രൂപം നല്കി. കൂടാതെ, പാരോവില്‍ നാഷണല്‍ ലൈബ്രറി, നാഷണല്‍ ആര്‍ക്കൈവ്സ് നാഷണല്‍ സ്റ്റേഡിയം എന്നിവ സ്ഥാപിച്ചതും ജിഗ്മേ ദോര്‍ജിയുടെ ഭരണനേട്ടത്തില്‍ പെടുന്നു.