ഫൈസലാബാദ്
കിഴക്കൻ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന നഗരമാണ് ഫൈസലാബാദ്. കറാച്ചിയും ലാഹോറും കഴിഞ്ഞാൽ പാകിസ്താനിലെ ഏറ്റവും വലിയ നഗരമായ ഫൈസലാബാദ് ലയാൽപൂർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ വ്യക്തമായി രൂപകല്പന ചെയ്ത നഗരങ്ങളിലൊന്നാണിത്. പാകിസ്താനിലെ പ്രധാന വ്യാവസായി കനഗരമാണ് ഫൈസലാബാദ്.പാകിസ്താന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ 20 ശതമാനം സംഭാവനയും ഫൈസലാ ബാദിൽനിന്നുമാണ്. പാകിസ്താന്റെ മാഞ്ചസ്റ്റർ എന്നും ഈ നഗരം അറിയപ്പെടുന്നു. 2014ലെ കണക്കുകൾ അനുസരിച്ച് ഫൈസലാബാദ് നഗരത്തിലെ ജനസംഖ്യ എഴുപത്തിയഞ്ച് ലക്ഷത്തോളമാണ്.
ചരിത്രം
പതിനെട്ടാം നൂറ്റാണ്ടുവരെ സിഖുകളുടെ നിയന്ത്രണത്തിലായിരുന്ന ഈ പ്രദേശം 1849ൽ ആംഗ്ലോ സിഖ് യുദ്ധത്തിൽ വിജയിച്ച ബ്രിട്ടീഷുകാർ പിടിച്ചടക്കി. 1880ൽ ബ്രിട്ടീഷ് ഓഫീസറായിരുന്ന ക്യാപ്ടൻ പോം യങാണ് ഇവിടെ നഗരത്തിന്റെ നിർമ്മാണത്തിന് മുൻകൈയെടുത്തത്. ബ്രിട്ടന്റെ ദേശീയപതാകയായ യൂണിയൻ ജാക്കിന്റെ ആകൃതിയിലാണ് നഗരനിർമ്മാണം പുരോഗമിച്ചത്. 1892ൽ നഗരത്തിൽ റെയിൽപാത നിർമ്മിക്കാൻ ബ്രിട്ടീഷ് ഗവണ്മെന്റ് തീരുമാനിച്ചു. 1895ഓടെ റയില്പാത നിർമ്മാണം പൂർത്തിയായി. ഇക്കാലയളവിൽ പഞ്ചാബ് ഗവർണറായിരുന്ന സർ ജെയിംസ് ബ്രോഡ്വുഡ് ലയാലിനോടുള്ള ആദരസൂചകമായി നഗരത്തിനു ലയാൽപൂർ എന്ന പേർ നൽകി. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ കാർഷിക സർവകലാശാലയടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലയാൽപൂരിൽ സ്ഥാപിതമായി. 1906 മുതൽ ലയാൽപൂർ നഗരം അതേപേരിലുള്ള ജില്ലയുടെ ആസ്ഥാനമായി. ഈ കാലഘട്ടത്തിൽ കൈത്തറിവ്യവസായം ലയാൽപൂരിൽ പചപിടിക്കുവാൻ തുടങ്ങി. 1943ൽ ഇവിടെയെത്തിയ മുഹമ്മദ് അലി ജിന്ന നഗരചത്വരത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയും സ്വതന്ത്ര രാജ്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ പങ്കെടുക്കുവാൻ ജനങ്ങളോടാവശ്യപ്പെടുകയും ചെയ്തു. തുടർന്ന് നാലുവർഷത്തോളം ലയാൽപൂരടക്കമുള്ള പ്രദേശങ്ങളിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ ജനരോഷം ആളിപ്പടരുകയും സ്വതന്ത്രരാജ്യമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു. ഒടുവിൽ 1947ലെഇന്ത്യാവിഭജനത്തിന്റെ ഫലമായി പാകിസ്താൻ രൂപംകൊണ്ടു. ഇതോടെ പഞ്ചാബ് മേഖലയിൽനിന്നും ഹിന്ദു, സിഖ് മതസ്ഥർ ഇന്ത്യയിലേക്കും ഇന്ത്യയിലെ ഹരിയാന, കശ്മീർ മേഖലയിൽനിന്നും മുസ്ലീങ്ങൾ കൂട്ടത്തോടെ പാകിസ്താനിലേക്കും പലായനം ചെയ്തു. സ്വാതന്ത്ര്യത്തിനുശേഷം ലയാൽപൂർ വൻ വ്യാവസായികപുരോഗതി കൈവരിച്ചു. സൗദി അറേബ്യയിലെ സുൽത്താനായിരുന്നഫൈസൽ രാജാവ് വൻ വ്യാവസായിക നിക്ഷേപങ്ങൾ നഗരത്തിൽ നടത്തുവാൻ തീരുമാനിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി നഗരത്തിനു 1997ൽ ഫൈസലാബാദ് എന്ന് പുനർനാമകരണം ചെയ്തു.