ഏഴിലംപാല
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന ഉഷ്ണമേഖലാ നിത്യഹരിതവൃക്ഷമാണ് ഏഴിലംപാല. 30 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 200 മീറ്റർ മുതൽ 700 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലും അർദ്ധനിത്യ ഹരിതവനങ്ങളിലും കാണുന്നു. ഇതിന്റെ ഇലകൾക്ക് ഏഴ് ഇതളുകൾ ഉള്ളതിനാൽ ആണ് ഏഴിലംപാല എന്ന പേർ കിട്ടിയത്. ഐതിഹ്യങ്ങളിലും മറ്റും, യക്ഷിയുമായി ഈ പാലയെ ബന്ധിപ്പിക്കാറുണ്ട്.
അപ്പോസൈനേസീ (Apocynaceae) എന്ന സസ്യ കുടുംബത്തിലെ അംഗമാണ് ഏഴിലം പാല. ഇന്ത്യയിൽ മാത്രമല്ല ആഫ്രിക്ക , മധ്യ അമേരിക്ക, ന്യൂസിലാന്റ് , ആസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലും പാലയുടെ സാന്നിധ്യമുണ്ട്. നിത്യ ഹരിത വനങ്ങളിലെ സജീവ സാന്നിധ്യമാണ് പാലമരങ്ങൾ . ഏഴിലംപാല , യക്ഷിപ്പാല , ദൈവപ്പാല, കുടപ്പാല, കുരുട്ടു പാല തുടങ്ങി കേരളത്തിൽ അങ്ങോളം ഇങ്ങോളം പാലകൾക്ക് അനവധി നാമധേയങ്ങൾ ഉണ്ട്. ആംഗലേയത്തിൽ ഇതിനു ഡെവിൾ ട്രീ എന്നും പേര് .