Encyclopedia

പുഴയില്‍ തിളങ്ങുന്ന കണ്ണുകള്‍

അര്‍ദ്ധരാത്രിയില്‍ പുഴയിലൂടെ ഒഴുകി നീങ്ങുന്ന തിളങ്ങുന്ന കണ്ണുകള്‍, പലയിടത്തും ആളുകള്‍ ഈ കാഴ്ചകണ്ട് ബോധം കേട്ടിട്ടുണ്ട്. ചില സെമിത്തേരികളിലും തിളങ്ങുന്ന ഈ പ്രേതക്കണ്ണുകള്‍ കാണാം. ആളുകളെ പേടിപ്പിച്ചുകൊല്ലുന്ന ഈ കാഴ്ചക്കു പിന്നിലെ വില്ലന്‍ മറ്റാരുമല്ല. അസ്ഥിക്കഷണങ്ങള്‍.

  മൃഗങ്ങളുടെയും മനുഷ്യരുടെയുമൊക്കെ അസ്ഥികള്‍ കാത്സ്യം എന്ന മൂലകം ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. അല്പം ഫോസ്ഫറസും ഇതിന്റെ കൂടെയുണ്ടാകും. ഒരു രസികന്‍ മൂലകമാണ് ഫോസ്ഫറസ്. പ്രകാശത്തില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ചശേഷം കുറേക്കഴിഞ്ഞു അത് പ്രകാശരൂപത്തില്‍ത്തന്നെ പുറത്തുവിടാന്‍ ഇതിന് കഴിവുണ്ട്. ഫോസ്ഫോറസെന്‍സ് എന്നാണ് ഈ പ്രതിഭാസത്തിന്റെ പേര്.

  ഊര്‍ജ്ജം സ്വീകരിച്ച് ഉയര്‍ന്ന ഊര്‍ജ്ജനിലയിലെത്തുന്ന ഫോസ്ഫറസ് ഇലക്ട്രോണുകള്‍ പിന്നീട് പ്രകാശം പുറത്തുവിട്ടുകൊണ്ട് പഴയ അവസ്ഥയിലേക്ക് തിരിച്ചുവരുന്നു. ഇതാണ് അസ്ഥികളുടെ തിളക്കത്തിന് കാരണം.

  കടലില്‍ ചില പ്രത്യേക പ്രദേശങ്ങള്‍ രാത്രിയില്‍ വെട്ടിത്തിളങ്ങാറുണ്ട്. പ്രകാശം പുറത്തുവിടാന്‍ കഴിവുള്ള ചിലയിനം ബാക്ടീരിയകളും പ്ലവകങ്ങളുമൊക്കെയാണ് ഇതിനു പിന്നില്‍, ഈ പ്രതിഭാസം ബയോലൂമിനസെന്‍സ് എന്നറിയപ്പെടുന്നു.