ഒരു യുഗത്തിന്‍റെ അന്ത്യം
പോര്‍ച്ചുഗീസുകാരുടെ കുതന്ത്രം പൂര്‍ണമായി വിജയിച്ചു. കുഞ്ഞാലിയെ വിട്ടുതരണമെന്ന പോര്‍ച്ചുഗീസുകാരുടെ ആജ്ഞ തികഞ്ഞ മനോവേദനയോടെയാണെങ്കിലും സാമൂതിരിക്ക് അനുസരിക്കേണ്ടിവന്നു.
കുഞ്ഞാലിയെയും കൂട്ടുകാരെയും പോര്‍ച്ചുഗീസുകാര്‍ ഗോവയിലേക്കാണ് കൊണ്ടുപോയത്, വിചാരണ നടത്തി അവരെയെല്ലാം വധശിക്ഷയ്ക്ക് വിധിച്ചു. വൈസ്രോയിയുടെ ഓഫീസിനു മുന്നില്‍ പ്രത്യേകം കെട്ടിയ തറയിലാണ് വധശിക്ഷ നടപ്പാക്കിയത്. കൈയിലും കാലിലും വിലങ്ങുവച്ച് കുഞ്ഞാലിയെ തൂക്കുമരത്തിലേക്ക് കൊണ്ടുവന്നു. ഉറച്ച കാലടികളോടെ ആ ധീരദേശാഭിമാനി മരണത്തിന്‍റെ മുന്നിലേക്കു നടന്നു ചെന്നു. അവസാനനിമിഷം വരെ അദ്ദേഹം പ്രദര്‍ശിപ്പിച്ച ധീരത ഏവരേയും അമ്പരപ്പിച്ചു.
കേരളം കണ്ടിട്ടുള്ളതിന്റെ ഏറ്റവും ധീരനായ ദേശാഭിമാനികളിലൊരാളായ കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ മൃതദേഹത്തോടുപോലും പോര്‍ച്ചുഗീസുകാര്‍ ആദരവ് കാട്ടിയിട്ടില്ല. അവര്‍ ആ ശരീരം ശൂലങ്ങളില്‍ കുത്തി പൊതു വഴിയില്‍ പ്രദര്‍ശിപ്പിച്ചു. വിദേശശക്തിയുടെ മുന്നില്‍ ഒരിക്കലും താഴ്ന്നിട്ടില്ലാത്ത ആ ശിരസ്സ് കണ്ണൂരിലേക്കയച്ചു. അവിടെത്തെ സമരക്കാരെ ഭയപ്പെടുത്താനായി അത് ഒരു കുന്തത്തില്‍ കോര്‍ത്ത് കണ്ണൂരങ്ങാടിയില്‍ നാട്ടി. കുടില തന്ത്രം കൊണ്ട് മരയ്ക്കാര്‍പ്പടയെ ഒതുക്കാനായതിലാണ് മലബാര്‍ തീരത്ത് കുറച്ചുകാലം കൂടി പിടിച്ചുനില്‍ക്കാന്‍ പോര്‍ച്ചുഗീസുകാര്‍ക്ക് കഴിഞ്ഞത്.
സാമൂതിരിയുടെ ഏത് ആജ്ഞതയും ശിരസാവഹിച്ച് പറങ്കികള്‍ക്കെതിരെ സന്ധിയില്ലാ സമരം നടത്തിയിരുന്ന കുഞ്ഞാലി മരയ്ക്കാര്‍ നാലാമനെയും അദ്ദേഹത്തെ പുത്രതുല്യം സ്നേഹിച്ച സാമൂതിരിയെയും തമ്മില്‍ തെറ്റിക്കാന്‍ അസൂയാലുക്കള്‍ ധാരാളം കള്ളക്കഥകള്‍ പ്രചരിപ്പിച്ചിരുന്നു. കുഞ്ഞാലി മരയ്ക്കാരുടെ അഹങ്കാരമോ സാമൂതിരിയുടെ നന്ദികേടോ കൊണ്ട് സംഭവിച്ചതായിരുന്നില്ല ഈ ദുരന്തം. ഇത് ഏറെക്കുറെ കുഞ്ഞാലിമരയ്ക്കാരുടെ ബന്ധുക്കള്‍ക്കും അനുയായികള്‍ക്കും അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ മുഴുവന്‍ പകയും പോര്‍ച്ച്ചുഗീസുകാരോടായിരുന്നു. ഇതിന് ഉത്തമ ഉദാഹരണമാണ് കുഞ്ഞാലി മരയ്ക്കാരുടെ ബന്ധുവായിരുന്ന റോഡ്‌റിഗ്സിന്‍റെ കഥ. 1607-ല്‍ ഫ്രഞ്ച് സഞ്ചാരിയായ പിറാര്‍ട് ഡി ലാവലാണ് ആ വീരന്റെ കഥ രേഖപ്പെടുത്തിയത്.