ആന എന്നാ അത്ഭുത മൃഗം
ഇന്ന് ഭൂമിയില്‍ കരയില്‍ ജീവിക്കുന്ന ഏറ്റവും വലിയ ജീവികളില്‍ ഒന്നാണ് ആന. പ്രോബോസിഡിയ (Proboscidea) എന്ന സസ്തനികുടുംബത്തിൽ (Mammalia) ഉൾപ്പെടുന്ന ജീവിയായ ആന, ഈ ജന്തുവംശത്തിൽ ഇന്നു വംശനാശംനേരിടാതെ ഭൂമിയിലവശേഷിക്കുന്ന ഏകജീവിയാണ്. ഇപ്പോളുപയോഗത്തിലില്ലാത്ത പാക്കിഡെർമാറ്റ (Pachydermata) എന്ന വർഗ്ഗത്തിലായിരുന്നു ആനയെ നേരത്തേ വർഗ്ഗീകരിച്ചിരുന്നത്. ഭൂമുഖത്ത്, മൂന്ന് ആനവംശങ്ങൾ ഇന്നു നിലവിലുണ്ട്: ആഫ്രിക്കൻ ബുഷ് ആന, ആഫ്രിക്കൻ കാട്ടാന, ഏഷ്യൻ ആന (ഈയടുത്തകാലംവരെ ആഫ്രിക്കൻ ബുഷ് ആനയും, ആഫ്രിക്കൻ കാട്ടാനയും ആഫ്രിക്കൻ ആന എന്ന ഒറ്റപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.
ഇന്ത്യൻ ആന ഏഷ്യൻ ആനയുടെ ഉപവിഭാഗമാണ്). മറ്റ് ആനവംശങ്ങൾ, കഴിഞ്ഞ ഹിമയുഗത്തിനുശേഷം, എകദേശം പതിനായിരംവർഷം മുമ്പ്, നാമാവശേഷമായിപ്പോയി. കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്കാരികമണ്ഡലത്തിൽ ആനകൾക്കു പ്രത്യേകസ്ഥാനമുണ്ട്.[അവലംബം ആവശ്യമാണ്] ആനയെ ഇന്ത്യയുടെ പൈതൃക മൃഗമായി 2010 ഒക്ടോബർ 22 നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഇത്, ആനകളുടെ സംരക്ഷണപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ്.
ആനകൾ സസ്തനികളാണ്. കരയിൽ ജീവിക്കുന്ന ജീവികളിൽ ഏറ്റവും വലുതും ആനയാണ്.ഒരു ശരാശരി മനുഷ്യന്റെ 85 മടങ്ങ് ശരീരഭാരം ഉണ്ട് ആനക്ക്. 3.5 ഏകദേശം മീറ്റർ ഉയരവും ഉണ്ടാകും. 1956-ൽ അങ്കോളയിൽ വെടിവച്ച് കൊല്ലപ്പെട്ട ഒരാനയാണ് ഇതുവരെ ജീവിച്ചിരുന്നതിൽ ഏറ്റവും ഭാരമുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. 12,000 കിലോഗ്രാം (26,400 പൗണ്ട്) തൂക്കമുള്ള ഒരു ആണാനയായിരുന്നു അത്. 22 മാസമാണ് ആനയുടെ ഗർഭകാലം. ഇതു കരയിലെ ജീവികളിൽ ഏറ്റവും ദൈർഘ്യമേറിയതാണ്. ജനനസമയത്ത് ഒരു ആനക്കുട്ടിക്ക് 120 കിലോഗ്രാം ( 265 പൗണ്ട്) ഭാരമുണ്ടാകാറുണ്ട്. ആനകൾ 70 വയസ്സ് വരെയും അതിനു മുകളിലും ജീവിക്കാറുണ്ട്.
മേൽച്ചുണ്ട് രൂപാന്തരം പ്രാപിച്ചുണ്ടായ അവയവമായ തുമ്പിക്കൈ ഉള്ള ജന്തുവർഗ്ഗങ്ങളാണ് പ്രൊബോസിഡിയ. ഇക്കൂട്ടത്തിൽപ്പെട്ട മൃഗങ്ങൾ ഉരുത്തിരിഞ്ഞത് ഏതാണ്ട് 75 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. ആനയുടെ ഏറ്റവും സവിശേഷമായ അവയവമാണ് തുമ്പികൈ.
ആനയുടെ ചാർച്ചക്കാരായി അറിയപ്പെടുന്ന മറ്റു നാമാവശേഷമായ വർഗ്ഗങ്ങൾ ആണ് മെറിത്തീറിയം, ഡൈനോത്തീറിയം, ട്രൈലോഫണോൺ, പ്ലാറ്റിബിലാഡോൺ, ഗൊംഫോതെറിസ്, മാസ്റ്റഡോൺ, സ്റ്റെഗോഡോൺ, മാമത്ത് എന്നിവ. എന്നാൽ കടൽപ്പശുക്കൾ എന്നറിയപ്പെടുന്ന സിറേനിയ (Sirenia), ഹൈറാക്സ്( hyrax) എന്നീ ഗണങ്ങളുടെ വിദൂരപാരമ്പര്യക്കാരാണ് ആനകൾ എന്നും ചിലർ വാദിക്കുന്നുണ്ട്. ഹൈറാക്സ് എന്ന ആ കുടുംബത്തിലുള്ള ജീവികൾ ആനകളെപ്പോലെത്തന്നെ വളരെ വലിപ്പമുള്ളവയായിരുന്നു. അതിനാൽ തന്നെ ഈ മൂന്നു കുടുംബങ്ങളുടേയും ഉറവിടം ആംഫിബയസ് ഹൈറാകോയ്ഡ് (amphibious hyracoid) എന്ന ഒരേ വംശം ആണെന്നു കരുതപ്പെടുന്നു. ഈ മൃഗങ്ങൾ അധിക സമയവും വെള്ളത്തിനടിയിലാണു ചിലവഴിച്ചിരുന്നതെന്നും തുമ്പിക്കൈ വെള്ളത്തിനു മുകളിൽ ഉയർത്തിയാണ് അവ ശ്വസിച്ചിരുന്നത് എന്നും ചില ശാസ്ത്രജ്ഞർ കരുതുന്നു. പിന്നീടാകണം വിവിധ ഗണങ്ങളുണ്ടായത്. അവയിൽ ചിലതാണ് മാമോത്ത്, സ്റ്റെഗോഡൻ, ഡൈനോതെറിയം എന്നിവ.
പ്രാചീനകാലത്ത്, ഏതാണ്ട് ക്രി.മു. 3000 വരെ, ഒരു പശുക്കിടാവിന്റേയോ, ഒരു വലിയ പന്നിയുടേയോ വലിപ്പമുള്ള ആനകൾ ക്രേറ്റ് ദ്വീപുകളിൽ ഉണ്ടായിരുന്നതായി ഫോസിൽ തെളിവുകളുണ്ട്. അതുപോലെ പോത്തിനോളം വലിപ്പമുള്ള കല്ലാന എന്ന ആനകൾ, കേരളത്തിലെ അഗസ്ത്യമലയിലും ആനമലയിലും ഉണ്ടെന്നു പ്രദേശത്തെ ആദിവാസികൾ അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ആനയുടെ അവയവങ്ങള്
തുമ്പിക്കൈ
തുമ്പിക്കൈ പല ആവശ്യങ്ങൾക്ക് ആന ഉപയോഗിക്കാറുണ്ട്. ആന കണ്ണ് തുടയ്ക്കുന്നതാണ് ഇത്. തുമ്പിക്കൈ മേൽച്ചുണ്ടും മൂക്കും കൂടിച്ചേർന്ന ഒരു അവയവമാണ്. നീളത്തിൽ ഉള്ള ഇത് ആനയുടെ ഏറ്റവും സവിശേഷമായ അവയവമാണ്. ആഫ്രിക്കൻ ആനകൾക്ക് തുമ്പിക്കൈയുടെ അറ്റത്ത് വിരൽ പോലെ രണ്ട് അറ്റങ്ങൾ ഉണ്ടാകാറുണ്ട്. ആനയ്ക്ക് തുമ്പിക്കൈയിൽ നാൽപ്പതിനായിരത്തില്പരം പേശികൾ ഉണ്ടാകുമെന്നാണ് ജീവശാസ്ത്രജ്ഞർ പറയുന്നത്. ഇത് ആനയെ ചെറിയ പുൽനാമ്പുകൾ മുതൽ വലിയ ഭാരമുള്ള മരങ്ങൾ വരെ കൈകാര്യം ചെയ്യാൻ സഹായികുന്നു.
വെള്ളം കുടിക്കാനായും ആന തുമ്പിക്കൈ ഉപയോഗിക്കുന്നു. ആനകൾ തുമ്പിക്കൈയിൽ പതിനാലിൽപ്പരം ലിറ്റർ വെള്ളം വലിച്ചെടുത്ത് വായിലേക്ക് ഊതാറുണ്ട്. ഈ തുമ്പിക്കൈ സാമൂഹികജീവിതത്തിലും ആന ഉപയോഗപ്പെടുന്നു. പരിചയമുള്ള ആനകൾ തമ്മിൽ മനുഷ്യർ കൈകൊടുക്കുന്നതുപോലെ തുമ്പിക്കൈ കുരുക്കിയാണ് പരിചയം കാണിക്കാറുള്ളത്. ആനകൾ തമ്മിൽ അടികൂടുമ്പോഴും, ശാരീരികമായി ബന്ധപ്പെടുമ്പോഴും, സ്വന്തം മേൽക്കോയ്മ കാണിക്കുമ്പോഴും തുമ്പിക്കൈ ഉപയോഗിക്കുന്നു. (തുമ്പിക്കൈ ഉയർത്തി ചിന്നം വിളിക്കുന്നത് ഒരു താക്കീതോ പേടിപ്പെടുത്തലോ ആകാം. തുമ്പിക്കൈ താഴ്ത്തി പിടിക്കുന്നത് പരാജയം സമ്മതിച്ച് കൊടുക്കലുമാകാം). മറ്റ് ആനകളുമായി വഴക്കുണ്ടാകുമ്പോൾ സ്വയരക്ഷയ്ക്ക് ആനകൾ തുമ്പിക്കൈ കൊണ്ട് അടിക്കുകയും ചുറ്റിപ്പിടിച്ച് വലിച്ചെറിയാൻ ശ്രമിക്കുകയും ചെയ്യും.
മണം പിടിക്കുവാനും ആനകൾ തുമ്പിക്കൈ ആണ് ഉപയോഗിക്കാറ്. തുമ്പിക്കൈ ഉയർത്തിപ്പിടിച്ച് മണം പിടിച്ച് ആനകൾ കൂട്ടുകാരേയും ശത്രുക്കളേയും ഭക്ഷണമുള്ള സ്ഥലങ്ങളേയും മനസ്സിലാക്കുന്നു.
തുമ്പിക്കൈയുടെ അറ്റത്തു കാണുന്ന വിരൽപോലെയുള്ള അവയവത്തെ തൂണിക്കൈ എന്നു പറയും. ഏഷ്യൻ ആനയ്ക്ക് മുമ്പിലായി ഒരു തൂണികൈ മാത്രവും ആഫ്രിക്കൻ ആനയ്ക്ക് മുമ്പിലും പിമ്പിലും ആയി രണ്ട് തൂണിക്കൈയും കാണുന്നു. തുമ്പിക്കൈകൊണ്ട് മണം പിടിക്കുന്നതിനെ വാട എടുക്കുക എന്നാണ് പറയുന്നതു്.
ആനക്കൊമ്പ്
ആനയുടെ വായിലെ മുകളിലുള്ള രണ്ടാം ഉളിപ്പല്ലാണ് ആനക്കൊമ്പ്. ഇത് ജീവിതാവസാനം വരെ വളർന്നുകൊണ്ടേയിരിക്കും. വലിയ ഒരു ആനയുടെ കൊമ്പ് വർഷത്തിൽ ഏഴ് ഇഞ്ച് വരെ വളരും. കൊമ്പ് ആനകൾക്ക് വളരെ ഉപയോഗമുള്ള ഒന്നാണ്: മണ്ണ് കുഴിച്ച് വെള്ളമെടുക്കാനും, വേരുകൾ ധാതുലവണങ്ങൾ എന്നിവ മണ്ണിൽ നിന്ന് കുഴിച്ചെടുക്കാനും, മരങ്ങളുടെ തൊലി പൊളിച്ചെടുത്ത് കഴിക്കാനും, ചില മരങ്ങൾ (ബോബാബ്) തുരന്ന് അകത്തുള്ള പൾപ്പ് ഭക്ഷിക്കാനും മാർഗ്ഗതടസ്സമുണ്ടാക്കുന്ന മരങ്ങളും മരച്ചില്ലകളും മാറ്റാനുമൊക്കെ ഈ കൊമ്പുകൾ ഉപയോഗിക്കുന്നു. കൂടാതെ, മരങ്ങളിൽ സ്വന്തം അധീശപ്രദേശം അടയാളപ്പെടുത്താനും ആയുധമാക്കി ഉപയോഗിക്കാനും വരെ ആനകൾ കൊമ്പുകളെ ഉപയോഗപ്പെടുത്തുന്നു.
മനുഷ്യരിൽ ഇടതുകൈയ്യന്മാരും വലതുകൈയ്യന്മാരും ഉള്ളതുപോലെ, ആനകൾക്ക് ഒരു വശത്തുള്ള കൊമ്പിന് സ്വാധീനം കൂടുതലുണ്ടാകും. രണ്ട് കൊമ്പുകളിൽ വച്ച് പ്രബലമായ കൊമ്പ് (master tusk), ചെറുതും ഉപയോഗം മൂലം അറ്റം കൂടുതൽ ഉരുണ്ടതുമായിരിക്കും. ആഫ്രിക്കൻ ആനകളിൽ ആണാനയ്ക്കും പെണ്ണാനയ്ക്കും വളരെ വലിയ കൊമ്പുകൾ ഉണ്ടാകും. ഇവയ്ക്ക് പത്തടി (മൂന്ന് മീറ്റർ) നീളവും 90 കിലോഗ്രാം തൂക്കവും ഉണ്ടാകും. എന്നാൽ ഏഷ്യൻ വിഭാഗങ്ങളിൽ ആണാനയ്ക്ക് മാത്രമാണ് കൊമ്പുണ്ടാകുക. പെണ്ണാനകളിൽ ചിലതിനു ചെറിയ കൊമ്പുണ്ടാകുമെങ്കിലും പൊതുവിൽ പെണ്ണാനയ്ക്കു കൊമ്പുകൾ ഉണ്ടാകാറില്ല. ഏഷ്യൻ ആനകൾക്ക് ആഫ്രിക്കൻ ആനകൾക്കുള്ളതിന്റെ അത്രയും വലിപ്പമുള്ള കൊമ്പുകൾ ഉണ്ടായേക്കാമെങ്കിലും, അവ വണ്ണത്തിലും ഭാരത്തിലും ചെറുതായിരിക്കും. ഇതേവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഭാരമുള്ള കൊമ്പ് 39 കിലോ ആണ്. ആനക്കൊമ്പിന്റെ മുഖ്യമായ ഘടകം കാത്സ്യം ഫോസ്ഫേറ്റ് എന്ന ലവണമാണ്. ജീവനുള്ള കോശം ആണെന്നതിനാൽ അതു മറ്റു ലവണങ്ങളേക്കൾ (പാറ പോലുള്ള) ലോലമായിരിക്കും.
ആനക്കൊമ്പ് ശിൽപ്പങ്ങളുണ്ടാക്കാൻ ധാരാളമായി ഉപയോഗിച്ചു വരുന്നു. പണ്ടുകാലം മുതൽക്കേ ആനക്കൊമ്പിനു വേണ്ടി ആനകളെ കൊന്നിരുന്നതാണ് ഇന്ന് അനകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിന്റെ മുഖ്യകാരണം. ഇന്ന് ആനക്കൊമ്പ് വില്പന നിയമപരമായി നിഷിദ്ധമാണ്. എങ്കിലും അനധികൃതമായി ആനക്കൊമ്പ് വില്പന ഗണ്യമായ തോതിൽ നടക്കുന്നുണ്ട്.
നാമാവശേഷമായ ചില ഗജഗണങ്ങൾക്ക് കീഴ്ത്താടിയിൽ നിന്നും മേൽത്താടിയിൽ നിന്നും കൊമ്പുകൾ വളർന്നിരുന്നു [ഉദാ: ‘ “ഗോംഫോതെറിയം’. മറ്റു ചിലവക്ക് കീഴ്ത്താടിയിൽ മാത്രമാണ് മുന്നോട്ട് വളർന്നിരുന്ന കൊമ്പുകൾ ഉണ്ടായിരുന്നത് (ഉദാ: ടെട്രാബെലോൺ), വേറെ ചിലതിന്ന് കീഴ്ത്താടിക്ക് പകരമെന്നോണം താഴോട്ട് വളഞ്ഞ് വളർന്നിരൂന്ന കൊമ്പുകളും ഉണ്ടായിരുന്നു (ഉദാ: ഡിനോതെറിയം).
ആദ്യം താഴേക്കും പിന്നെ വശങ്ങളിലേക്ക് നീണ്ടുവളർന്ന് അറ്റം മേൽപ്പോട്ടു വളഞ്ഞ എടുത്തു പിടിച്ച കൊമ്പുകൾക്കാണു് കേരളത്തിൽ കൂടുതൽ ഭംഗി കൽപ്പിക്കപ്പെടുന്നത്. താഴേക്കു ചാഞ്ഞ് വളർന്ന കൊമ്പുകളെ കീഴ്കൊമ്പ് എന്നും വശങ്ങളിലേക്ക് വളർന്നതിനെ പകച്ച കൊമ്പ് എന്നും വളരെ വണ്ണം കുറഞ്ഞ കൊമ്പുകളെ ചുള്ളികൊമ്പ് എന്നും പറയുന്നു[5]
പല്ലുകൾ
ആനകളുടെ പല്ലുകൾ മറ്റു സസ്തനികളുടേതിൽ നിന്നും വളരെ വ്യത്യസ്തമാണ്. ആനയുടെ വായിൽ ഒന്നര വയസ്സിൽ പല്ലുകൾ പ്രത്യക്ഷപ്പെടും, രണ്ടര വയസ്സോടെ ഇവ കൊഴിയാൻ തുടങ്ങുകയും ആറു വയസ്സോടെ രണ്ടാമത്തെ ഗണം പല്ലുകൾ വരികയും ചെയ്യും. പിന്നീട് 25- ആമത്തെ വയസ്സിൽ മൂന്നാമത്തെ ദന്ത നിരകൾ പ്രത്യക്ഷപ്പെടുന്നു, 5൦- ആമത്തെ വയസ്സിൽ നാലാമത്തേതും, നൂറാമത്തെ വയസ്സില് അഞ്ചാമത്തേതുമായ ദന്തനിരകൾ വളരുന്നു. ഇതിനാൽ ആനകളുടെ പല്ലു നോക്കി അവയുടെ പ്രായം കണ്ടു പിടിക്കാവുന്നതാണ്. ജീവിതകാലത്ത് ആനകൾക്ക് ഒരേ സമയത്ത് 28 പല്ലുകൾ ഉണ്ടാകാം.
ത്വക്ക്
ആനകൾ കട്ടിത്തൊലിയുള്ള ജീവികൾ എന്ന അർത്ഥത്തിൽ പാക്കിഡേർമ്സ് എന്നും അറിയപ്പെടുന്നു. ശരീരത്തിൽ മിക്കയിടങ്ങളിലും ആനയുടെ ത്വക്കിന് ഏതാണ്ട് രണ്ടര സെന്റീമീറ്റർ കട്ടിയുണ്ടാകും. എന്നാൽ വായ്ക്കു ചുറ്റുമുള്ളതും ചെവിക്കകത്തുമുള്ളതുമായ തൊലി വളരെ കട്ടികുറഞ്ഞതായിരിക്കും. ഏഷ്യൻ ആനകളുടെ ത്വക്കിൽ ആഫ്രിക്കൻ ആനകൾക്കുള്ളതിനേക്കാൾ അധികം രോമങ്ങളുണ്ടാകും. ഇത് കുട്ടിയാനകളിലാണ് കൂടുതലായി തിരിച്ചറിയാൻ കഴിയുക. ഏഷ്യൻ കുട്ടിയാനകൾക്ക് ശരീരമാസകലം തവിട്ടു നിറത്തിലുള്ള കട്ടിരോമങ്ങളാണ്. പ്രായമാകുന്തോറും ഇവ കുറയുകയും നിറം കറുപ്പായി മാറുകയും ചെയ്യും. എങ്കിലും ശരീരത്തിലും വാലിലും ഉള്ള രോമങ്ങൾ നില നിൽക്കും.
ആനകൾക്ക് കടുത്ത ചാരനിറമാണെങ്കിലും, ദേഹം മുഴുവൻ മണ്ണു വാരിയിടുന്നതു കാരണം തവിട്ട് അല്ലെങ്കിൽ ചുവപ്പ് നിറമാണ് തോന്നിക്കുക. മേലാസകലം പൂഴി വാരിയിടുന്നത് ആനകളുടെ സഹജസ്വഭാവമാണ്. ഇതു സാമൂഹികജീവിതത്തിന് ആവശ്യമാണെന്ന് മാത്രമല്ല, ഈ പൊടിയും മണ്ണും ആനയെ സൂര്യതാപത്തിൽ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. ത്വക്കിനു കട്ടിയുണ്ടെങ്കിലും സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും പ്രാണികളുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ പൊടിവാരിയിടൽ ആവശ്യമായി വരുന്നു.
ഓരോ കുളിക്കു ശേഷവും ആന മണ്ണ് ദേഹത്തു വാരിയിടുന്നത് ആവർത്തിക്കും. ആനയ്ക്ക് സ്വേദഗ്രന്ഥികൾ വളരെക്കുറവായതിനാൽ ശരീരതാപനില നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്. ഇതിനായി ദിനംമുഴുവൻ പ്രയത്നിക്കേണ്ടി വരുന്നു. ശരീരത്തിന്റെ വലിപ്പവും ത്വക്കിന്റെ പ്രതലവും തമ്മിലുള്ള അനുപാതം ആനയ്ക്ക് മനുഷ്യരുടേതിനേക്കാൾ വളരെ കൂടുതലാണ്. കാലിൽ നഖത്തിനടുത്തായി സ്വേദഗ്രന്ഥികൾ ഉള്ളതിനാൽ അവിടെ വായുലഭ്യത കൂട്ടാൻ ആന കാലുകൾ ഉയർത്തിപ്പിടിക്കാറുമുണ്ട്.
കാലുകളും പാദങ്ങളും
കാലുകൾ ഉപയോഗിച്ച് ചില ഭക്ഷണ പദാർത്ഥങ്ങൾ ഉടയ്ക്കുവാനും സാധിക്കും. വളരെ വലിപ്പം കൂടിയ തൂണുകൾ പോലെയാണ് ആനയുടെ കാലുകൾ. കാലുകൾ നേരെയുള്ളവയായതിനാൽ ആനയ്ക്ക് നിൽക്കാൻ ആയാസപ്പെടേണ്ടി വരാറില്ല. ഇക്കാരണത്താൽ ആനകൾക്ക് തുടർച്ചയായി ഏറെനേരം ക്ഷീണമില്ലാതെ നിൽക്കാൻ കഴിയും. ആഫ്രിക്കൻ ആനകൾ അസുഖം വന്നാലോ മുറിവേറ്റാലോ മാത്രമേ നിലത്ത് കിടക്കാറുള്ളൂ. എന്നാൽ ഏഷ്യൻ ആനകൾ ഇടയ്ക്കിടക്ക് കിടക്കാറുണ്ട്.
ആനയുടെ കാൽപ്പാദങ്ങൾക്ക് ഏകദേശം വൃത്താകൃതിയാണ്. ആഫ്രിക്കൻ സവാന ആനകൾക്ക് പിൻകാലുകളിൽ മൂന്നു വീതവും മുൻകാലുകളിൽ നാലു വീതവും നഖങ്ങൾ ഉണ്ടാകും. ആഫ്രിക്കൻ കാട്ടാനകൾക്കും, ഏഷ്യൻ ആനകൾക്കും പിന്നിൽ നാലു വീതവും മുന്നിൽ അഞ്ചു വീതവും ആണ് നഖങ്ങൾ ഉണ്ടാകുക. പാദങ്ങളുടെ എല്ലുകൾക്കുള്ളിലുള്ള വളരെ കട്ടിയുള്ളതും ജെലാറ്റിൻ പോലുള്ളതുമായ കൊഴുപ്പ് മെത്ത പോലെ പ്രവർത്തിച്ച് ആഘാതങ്ങൾ താങ്ങാൻ സഹായിക്കുന്നു. ആനയുടെ ഭാരം കാരണം പാദങ്ങൾക്ക് വീതി കൂടുതലായിരിക്കും. ഭാരമില്ലാത്ത അവസ്ഥയിൽ പാദങ്ങൾക്ക് വീതി കാലിന്റേതിന് തുല്യമായിരിക്കും. കാൽ പൊക്കുമ്പോൾ പാദങ്ങൾ ചെറുതാകുമെന്നതിനാൽ ചളിയിൽ പൂണ്ട് പോയാലും കാല് എളുപ്പം തിരിച്ചെടുക്കാൻ സാധിക്കും.
ആനയ്ക്ക് നന്നായി നീന്താനും കയറ്റങ്ങൾ കേറാനും കഴിയുമെങ്കിലും തുള്ളാനോ ചാടാനോ പെട്ടെന്ന് ഓടുമ്പോൾ നല്ല വേഗം ആർജ്ജിക്കാനോ കഴിയില്ല. ഏറ്റവും വേഗത്തിലോടുന്ന മനുഷ്യനേക്കാളും വേഗത്തിൽ ഓടാൻ ആനയ്ക്കു കഴിയുമെങ്കിലും ഒരേ വേഗതയിൽ ഓടാനേ ആനകൾക്ക് കഴിയൂ; വേഗം ഇഷ്ടം പോലെ കുറയ്ക്കാനോ കൂട്ടാനോ കഴിയില്ല. ആന ഒരു ദിവസം സഞ്ചരിക്കുന്ന അത്രയും ദൂരം സഞ്ചരിക്കുന്ന മൃഗങ്ങൾ വളരെ കുറവാണ്.
സാധാരണ വേഗത്തിൽ സഞ്ചരിക്കുന്ന ആനകൾ രണ്ടു മുതൽ നാലു മൈലുകൾ വരെ (മൂന്നു തൊട്ട് ആറു കിലോമീറ്റർ ) മണിക്കൂറിൽ വേഗം ആർജ്ജിക്കാറുണ്ട്. പക്ഷേ ഓടുന്ന സമയത്ത് ആനയ്ക്ക് മണിക്കൂറിൽ ഇരുപത്തിനാല് മൈൽ (നാൽപ്പത് കിലോമീറ്റർ) വരെ വേഗം ഉണ്ടാകും. ആനയുടെ മുൻകാലുകളെ നട എന്നും പിൻ കാലുകളെ അമരം എന്നും വിളിക്കും.
ചെവികൾ
ആഫ്രിക്കൻ സവാന ആന ചെവി വട്ടം പിടിച്ച് ശ്രദ്ധിക്കുന്നു വലിയ ചെവികൾ ശരീരതാപനില ക്രമീകരിക്കുന്നതിന് ആനയെ സഹായിക്കുന്നു. ആനയുടെ ചെവികൾക്ക് വളരെ കട്ടികുറവാണ്. എല്ലുകൾ ഇതിൽ ഉണ്ടാവില്ല. എന്നാൽ വളരെയധികം ധമനികളും ഞരമ്പുകളും ചെവികളിലുണ്ട്. ആന ചെവി വീശുമ്പോൾ ഉണ്ടാകുന്ന കാറ്റ് ആനയുടെ ഞരമ്പുകളിൽ കൂടി ഓടിക്കൊണ്ടിരിക്കുന്ന രക്തത്തിനെ തണുപ്പിക്കും. ഈ തണുത്ത രക്തം പിന്നീട് തിരിച്ച് ശരീരത്തിലേക്കൊഴുകി ശരീരം തണുപ്പിക്കും. ചെവിയിലേക്ക് വരുന്ന ചുടുരക്തത്തിന്റെ താപനില പത്ത് ഡിഗ്രീ ഫാരൻഹീറ്റോളം കുറയ്ക്കാൻ ഈ ചെവിയാട്ടൽ സഹായിക്കും. ആഫ്രിക്കൻ ആനകൾക്കും ഏഷ്യൻ ആനകൾക്കും ചെവിയുടെ വലിപ്പത്തിൽ പ്രകടമായ വ്യത്യാസം ഉണ്ടാകാൻ കാരണം അവർ അധിവസിക്കുന്ന പ്രദേശത്തെ താപനിലയിലുള്ള വ്യത്യാസമാണ്. ഭൂമധ്യരേഖയ്ക്കു തൊട്ടുകിടക്കുന്ന ആഫ്രിക്കയിൽ ചൂടു കൂടുതലും, വടക്കോട്ട് നീങ്ങി സ്ഥിതി ചെയ്യുന്ന ഏഷ്യയിൽ താരതമ്യേന ചൂട് കുറവായതുമാണ് ചെവിയുടെ വലിപ്പവ്യത്യാസത്തിന് കാരണമായി കരുതപ്പെടുന്നത്.
ദേഷ്യം പ്രകടിപ്പിക്കുമ്പോഴും ഇണ ചേരുമ്പോഴും ആന ചെവികൾ ഉപയോഗപ്പെടുത്താറുണ്ട്. ആനയ്ക്കു മറ്റൊരാനയെ പേടിപ്പിക്കണമെന്നുണ്ടെങ്കിൽ ചെവി വ്യാപിപ്പിച്ച് ശരീരത്തിനെ വലുതാക്കി കാണിക്കാൻ ശ്രമിക്കും. ഇണ ചേരുന്ന മാസങ്ങളിൽ ആന തന്റെ കണ്ണിനു പിന്നിലുള്ള ഗ്രന്ഥിയിൽ നിന്ന് പ്രത്യേകതരം മണം പുറപ്പെടുവിക്കും. ഈ മണം ദൂരപ്രദേശങ്ങളിലേക്കെത്തിക്കാൻ ആന ചെവികൾ ഉപയോഗിക്കാറുണ്ടെന്ന് ജോയസീ പൂൾ എന്ന പ്രശസ്ത ആനഗവേഷകൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആനയുടെ പ്രായം കൂടുന്നതനുസരിച്ച് ചെവിയുടെ മേലരിക് മുന്നിലേക്ക് വളയാറുണ്ട്. ഇതിന്റെ അളവുനോക്കി ആനയുടെ പ്രായം ഏകദേശം കണക്കാക്കാം.
നാവ്
ആനയുടെ നാക്കിന്റെ അടിഭാഗം കീഴ്ത്താടിയിൽ ഉറപ്പിച്ചിരിക്കുന്ന കാരണം ആനയ്ക്കു് നാക്ക് പുറത്തേക്കു് നീട്ടുവാൻ കഴിയില്ല. ഭക്ഷണ സാധനങ്ങൾ കഴിക്കുമ്പോൾ നാക്കിന്റെ മുകൾഭാഗം ഉയർന്നു കൊളുത്തു പോലെയായി ഭക്ഷണത്തെ പിടിച്ചു വായിനകത്തേക്കു തള്ളും.
ഭക്ഷണം നാവിന്റെ ഉപരിതലത്തിൽ നിന്ന് വളച്ച് വശങ്ങളിലേക്ക് ഒതുക്കി പല്ലുകൾക്കിടയിലേക്ക് കൊണ്ടു പോകുന്നു. നാവിന്റെ നിറം ഇളം ചുവപ്പ് കലർന്ന് പിങ്ക് നിറമാണ്. അസുഖം ഉള്ള ആനകളുടെ നാവിന്റെ നിറം വ്യത്യാസപ്പെട്ടിരിക്കും. ആനയുടെ നാക്കിന് 50-60 സെ.മീ. നീളവും 4 – 6 വരെ കി.ഗ്രാം വരെ തൂക്കവും ഉണ്ടായിരിക്കും.
ആമാശയം
ആമാശയത്തിന് ഒരു അറയേ ഉള്ളൂ. . ഉടലിന്റെ ഇടതു വശത്തായാണ് ആമാശയം കാണപ്പെടുന്നതു്. അയവെട്ടാത്ത ജീവിയായതു കൊണ്ട് ആമാശയത്തിനു് ഒരു അറ മാത്രമെ ഉള്ളു [5]ഒരാഫ്രിക്കൻ ആനയുടെ കുടലിന്ന് 19 മീറ്ററോളം{ഉദ്ദേശം 60 അടി} നീളമുണ്ടാകും[8]
കരൾ
കരൾ വളരെ വലുതാണ്. പൂർണ്ണവളർച്ചയെത്തിയ ഒരു ആനയുടെ കരളിന് 40-45 കി. ഗ്രാം തൂക്കം കാണും .
ഹൃദയം
മനുഷ്യനടക്കമുള്ള മറ്റു സസ്തനികളെപ്പോലെ ആനയ്ക്കും നാലറകളുള്ള ഹൃദയമാണുള്ളത്. ഹൃദയത്തിന്റെ കൂർത്ത അറ്റത്ത് ഒരു മുനമ്പിനു പകരം രണ്ടെണ്ണം കാണുന്നു. ആനയ്ക്കു് ഒരു കൊറോണറി സിരയും രണ്ടു ആന്റീരിയർ വീനാകാവ സിരകളും കാണുന്നു.(ഇതു സാധാരണ സസ്തനികളിൽ നിന്നും വ്യത്യസ്തമാണ്). ഹൃദയത്തിന്റെ തൂക്കം 12 – 24 കി.ഗ്രാം വരെയാണു്. നിൽക്കുമ്പോൾ ഹൃദയം 28 പ്രാവശ്യവും കിടക്കുമ്പോൾ 32 പ്രാവശ്യവും മിടിക്കും.
വൃഷണങ്ങൾ
രണ്ട് വൃഷണങ്ങൾ ഉണ്ട്. വൃഷണസഞ്ചിയിലല്ലാതെ ശരീരാശയത്തിനുള്ളിൽ വൃഷണങ്ങൾ കാണപ്പെടുന്ന അപൂർവം സസ്തനികളിലൊന്നാണ് ആന. കരയിൽ ജീവിക്കുന്ന സസ്തനികളിൽ ആനക്കുപുറമേ ഈ പ്രത്യേകതയുള്ളത് ആരമഡില്ലോ, സ്ലോത്ത്, കണ്ടാമൃഗം എന്നിവക്കും മുട്ടയിടുന്ന സസ്തനികൾക്കും മാത്രമാണ്. താഴ്ന്ന ശരീരോഷ്മാവാണ് ഈ സസ്തനികളുടെയെല്ലാം പ്രത്യേകത.
ലൈംഗികാവയവം
ആണാനയുടെ ലിംഗത്തെ കണ (Penis) എന്നും വിളിക്കുന്നു. നാലര അടിയോളം നീളവും ഏഴ് കിലോഗ്രാം തൂക്കവും ഉണ്ടാകും. പിടിയാനകളുടെ യോനി ഈറ്റം എന്നാണ് പറയുന്നത്. ഇത് പിൻകാലുകൾക്കിടയിലായി കാണപ്പെടുന്നു. മുലക്കാമ്പുകൾ മുൻകാലുകൾക്കിടയിലായും കാണാം.
ആശയവിനിമയം
മനുഷ്യനു കേൾക്കാൻ സാധിക്കാത്ത അത്ര താഴ്ന ആവൃത്തിയിലുള്ള ഇൻഫ്രാസൗണ്ട് പുറപ്പെടുവിച്ചും ശ്രവിച്ചുമാണ് ആനകൾ ആശയവിനിമയം നടത്തുന്നത്. ആനകൾ പുറപ്പെടുവിക്കുന്ന ഈ ശബ്ദം വായുവിലൂടെ സഞ്ചരിക്കുന്നതിനേക്കാൾ വേഗതയിൽ ഭൌമോപരിതലത്തിൽ കൂടി സഞ്ചരിക്കും. ചെണ്ടയുടെ തല പോലെയുള്ള കാൽപ്പാദങ്ങൾ ഉള്ളതിനാൽ ഭൂമിക്കടിയിലൂടെയുള്ള ഈ ശബ്ദം കാലിൽക്കൂടിയും തുമ്പിക്കൈയ്യിൽ കൂടിയും ശ്രവിക്കാൻ ആനക്കു കഴിയും. നന്നായി കേൾക്കാനായി ആനക്കൂട്ടം മുഴുവനും മുൻകാലുകളിൽ ഒന്ന് പൊക്കി ശബ്ദത്തിന്റെ ദിശയിലേക്ക് നോക്കി നിൽക്കും, അല്ലെങ്കിൽ തുമ്പിക്കൈ നിലം തൊടീച്ച് നിൽക്കും. ഒരു കാൽ ഉയർത്തുമ്പോൾ മറ്റ് കാലുകൾ കൂടുതൽ ഭാരം വരികയും, നിലത്ത് കൂടുതൽ ദൃഢമായി അമരുകയും ചെയ്യുമെന്നതിനാലാണ് ഇപ്രകാരം ചെയ്യുന്നത്. ഇതര സ്രോതസ്സുകളിൽ നിന്നുള്ള ഇൻഫ്രാസൗണ്ട് സ്വീകരിച്ച് വഴികണ്ട് പിടിക്കാനും ആന ഈ കഴിവ് ഉപയോഗിക്കുന്നു. എലിഫന്റ് ലിസണിങ്ങ് പ്രോജക്റ്റ് (Elephant Listening Project) എന്ന പദ്ധതിയിലെ കാത്തി പെയ്ൻ ആനകളുടെ ഇൻഫ്രാസൗണ്ട് ആശയവിനിമയത്തെക്കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുണ്ട് . തന്റെ സൈലന്റ് തണ്ടർ എന്ന പുസ്തകത്തിൽ ആനകളുടെ ആശയവിനിമയത്തെപ്പറ്റി കാത്തി വിവരിച്ചിട്ടുണ്ട്. ഈ പഠനങ്ങൾ ഇന്നും ശൈശവാവസ്ഥയിൽ തന്നെയാണെങ്കിലും പല സംശയങ്ങളും ദൂരീകരിക്കാൻ സഹായിച്ചിട്ടുണ്ട്. എങ്ങനെ ദൂരെയുള്ള ഇണകളെ ആന കണ്ടെത്തുന്നുവെന്നും വലിയൊരു സ്ഥലത്ത് ജീവിക്കുന്ന കൂട്ടങ്ങളെ ആനകൾ എങ്ങനെ പരിപാലിപ്പിക്കുന്നുണ്ടെന്നും പ്രസ്തുത പഠനങ്ങളിലൂടെയാണ് തെളിയിക്കപ്പെട്ടത്.