ഈജിപ്ഷ്യന്‍ കലണ്ടര്‍
ഈജിപ്തുകാര്‍ തങ്ങളുടെ നാടിന്‍റെ ജീവനാഡിയായ നൈലിനെയാണ് കലണ്ടര്‍ നിര്‍മാണത്തിന് അടിസ്ഥാനമാക്കിയത്.
ഈജിപ്തില്‍ കൃത്യമായി ആവര്‍ത്തിക്കപ്പെടുന്ന പ്രതിഭാസമായിരുന്നു നൈല്‍ നദിയിലെ വെള്ളപ്പൊക്കം. അതിനാല്‍ കലണ്ടര്‍ നിര്‍മിക്കുവാന്‍ അവര്‍ വെള്ളപ്പൊക്കം തന്നെ തിരഞ്ഞെടുത്തു.നദിയില്‍ ഏറ്റവും കൂടുതല്‍ വെള്ളം ഉയരുന്ന ദിവസം പുതുവര്‍ഷദിനമായി അവര്‍ ആഘോഷിച്ചു. അതിന് ശേഷം വെള്ളത്തിന്‍റെ അളവ് നിത്യേന കണക്കാക്കിക്കൊണ്ടിരിരുന്നു.
വെള്ളത്തിന്‍റെ അളവ് ഏറ്റവും ഉയര്‍ന്ന നിലയില്‍ വീണ്ടും എത്താന്‍ 360 ദിവസം വേണ്ടിവന്നു. അതിനാല്‍ അവര്‍ തങ്ങളുടെ ഒരു വര്‍ഷം 360 ദിവസമായി നിര്‍ണയിച്ചു. 30 ദിവസം വീതമുള്ള 12 മാസങ്ങളായും കലണ്ടറിനെ തിരിച്ചിരുന്നു.
പിന്നീട് ഈജിപ്ഷ്യന്‍ ജ്യോതിശാസ്ത്രജ്ഞര്‍ സിറിയസ് നക്ഷത്രത്തിന്‍റെ ഉദയത്തോട് അനുബന്ധിച്ചാണ് നൈലില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്നതെന്ന് കണ്ടെത്തി.നേരത്തെ കണക്കാക്കിയ പുതുവര്‍ഷദിനത്തില്‍ നിന്നും അഞ്ച് ദിവസം മുന്‍പായിരുന്നു സിറിയസിന്റെ ഉദയം. അതിനാല്‍ അഞ്ച് ദിവസം കൂടി ചേര്‍ത്ത് അവര്‍ കലണ്ടര്‍ പരിഷ്കരിച്ചു.അങ്ങനെ ഈജിപ്തുകാരുടെ വര്‍ഷം 365 ദിവസമായി. അധികം ലഭിച്ച അഞ്ച് ദിവസം അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കുള്ള ഉത്സവാഘോഷങ്ങള്‍ക്കായി മാറ്റിവച്ചു.
ഈജിപ്ത് ഗ്രീക്കുകാരുടെ ഭരണത്തില്‍ കീഴിലായിരുന്നപ്പോള്‍ അധിവര്‍ഷം കലണ്ടറില്‍ ചേര്‍ത്തിരുന്നു.