സഹായവുമായി ഈജിപ്ത്
പോര്‍ച്ചുഗീസുകാരെ നിലയ്ക്ക് നിര്‍ത്താന്‍ തങ്ങള്‍ക്കു കച്ചവടബന്ധമുള്ള പല ഭരണാധികാരികളോടും സാമൂതിരി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അക്കൂട്ടത്തില്‍ ഈജിപ്ത് സുല്‍ത്താനാണ് സഹായവുമായെത്തിയത്. പോര്‍ച്ചുഗീസുകാര്‍ മൂലം അവരുടെ കച്ചവടവും മുടങ്ങിക്കിടക്കുകയായിരുന്നു.
ഏതാനും ഈജിപഷ്യന്‍ കപ്പലുകള്‍ യുദ്ധസന്നാഹത്തോടെ അറബിക്കടലിലേക്കെത്തി. അവര്‍ക്ക് സഹായവുമായി കുഞ്ഞാലിമരയ്ക്കാര്‍ ഒന്നാമന്റെ നേതൃത്വത്തില്‍ സാമൂതിരിയുടെ കപ്പലുകളും പുറപ്പെട്ടു. പല തുറമുഖങ്ങളില്‍ നിന്ന് ഒരേ ലക്ഷ്യം വച്ച് സാമൂതിരിയുടെ കപ്പലുകള്‍ യാത്ര തുടങ്ങി. ആ കപ്പല്‍പ്പടയെക്കുറിച്ച് സഞ്ചാരിയായ വര്‍ത്തേമ ഇങ്ങനെയാണ് വിവരിച്ചത്.
208 കപ്പലുകളും ആയിരക്കണക്കിനു പടയാളികളുമടങ്ങിയ വന്‍ വ്യൂഹമായിരുന്നു അത്. കപ്പലുകളില്‍ 84 എണ്ണം വലുതും ബാക്കിയുള്ളവ ചെറുതുമായിരുന്നു. മലബാറിലെ പേരുകേട്ട മുസ്ലീം നാവികരാണ് ഈ പട നയിച്ചത്. കണ്ണഞ്ചിപ്പിക്കുന്ന പട്ടുതുണികളും പരുത്തിത്തുണികളും കൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിച്ച അവര്‍ കൂര്‍ത്ത തൊപ്പികള്‍ ധരിച്ചിരുന്നു. വില്ലും വാളും ശരവും കുന്തവും നമ്മള്‍ ഉപയോഗിക്കുന്നത് പോലുള്ള പലതരം തോക്കുകളും അവര്‍ക്കുണ്ടായിരുന്നു. നിശ്ചിത ക്രമത്തിലാണ് കപ്പലുകള്‍ മുന്നോട്ടുകുതിച്ചത്. ഒരു വലിയ കാട് നീങ്ങി വരികയാണെന്നു തോന്നിപ്പിച്ച ആ മുന്നേറ്റം പേടിപ്പിക്കുന്നതായിരുന്നു.