ഈജിപ്റ്റ്
വടക്കേ ആഫ്രിക്കയിലെ ഒരു രാജ്യമാണ്. ആഫ്രിക്കയിൽ നിന്ന് ഏഷ്യയിലേക്കുള്ള കരമാർഗ്ഗമായ സിനായ് ഉപദ്വീപ് ഈജിപ്തിലാണ്. ഈജിപ്തിന്റെ വിസ്തീർണ്ണം 1,001,450 ച.കി.മീ (386,560 ച.മൈൽ) ആണ്. ലിബിയ (പടിഞ്ഞാറ്), സുഡാൻ (തെക്ക്), ഗാസ, ഇസ്രായേൽ (കിഴക്ക്) എന്നിവയാണ് ഈജിപ്തിന്റെ അതിരുകൾ. ഈജിപ്തിന്റെ വടക്കേ തീരം മെഡിറ്ററേനിയൻ കടലും (മദ്ധ്യധരണ്യാഴി) കിഴക്കേ തീരം ചെങ്കടലും ആണ്.
ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളിൽ ഒന്നാണ് ഈജിപ്ത്. ഈജിപ്തിലെ 7.8 കോടി ജനങ്ങളിൽ (2007-ലെ വിവരം) ഭൂരിഭാഗവും നൈൽ നദീതടങ്ങൾക്ക് സമീപം താമസിക്കുന്നു. (ഏകദേശം 40,000 ച.കി.മീ അല്ലെങ്കിൽ 15,450 ച.മൈൽ) നൈൽ നദീതടങ്ങൾ മാത്രമാണ് ഈജിപ്തിൽ കൃഷിക്ക് അനുയോജ്യമായ ഭൂവിഭാഗം. ഈജിപ്തിലെ ഒരു വലിയ ഭാഗം സഹാറ മരുഭൂമിയുടെ ഭാഗമാണ്. ഇവിടെ ജനവാസം വളരെ കുറവാണ്. ഈജിപ്തിന്റെ ജനസംഖ്യയുടെ പകുതിയും നഗരങ്ങളിൽ താമസിക്കുന്നു. ഇതിൽ കൂടുതലും ജനസാന്ദ്രത കൂടിയ കൈറോ, അലക്സാണ്ഡ്രിയ, എന്നീ നഗരങ്ങളിലും നൈൽ നദീതടത്തിലെ മറ്റ് നഗരങ്ങളിലും വസിക്കുന്നു.
പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിനു പ്രശസ്തമാണ് ഈ രാജ്യം. ഗിസയിലെ പിരമിഡുകൾ, സ്ഫിങ്സ്, തുടങ്ങി ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളിൽ ചിലത് ഈജിപ്തിലാണ്. തെക്കൻ നഗരമായ ലക്സറിൽ ഒരുപാട് പുരാതന സ്മാരകങ്ങൾ ഉണ്ട്. കർണാക്ക് ക്ഷേത്രം, രാജാക്കന്മാരുടെ താഴ്‌വര (വാലി ഓഫ് കിങ്ങ്സ്) തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ഇന്ന് ഈജിപ്ത് മദ്ധ്യപൂർവ്വ ദേശത്തെ ഒരു പ്രധാന രാഷ്ട്രീയ സാംസ്കാരിക കേന്ദ്രമാണ്.
ചരിത്രം
കറുത്ത ഭൂമി എന്നർത്ഥം വരുന്ന കെമെറ്റ് എന്നായിരുന്നു ഈജിപ്തിന്റെ പഴയ പേര്. നൈൽ നദിയിലെ വെള്ളപ്പൊക്കം വഴി വന്നടിയുന്ന കറുത്ത മണ്ണാണ് ഭൂരിഭാഗവും. നൈൽ നദീതീരങ്ങളിൽ ശിലായുഗമനുഷ്യർ ജീവിച്ചിരുന്നു എന്ന് ശിലാലിഖിതങ്ങൾ പറയുന്നു. ചില ഭാഗങ്ങൾ മരുഭൂമിയാകും വരെ വേട്ടയാടലും മീൻപിടുത്തവും മുഖ്യ ഉപജീവനമാർഗ്ഗമായിരുന്നു. ബി.സി. 6000-ത്തോടെ ധാരാളം കെട്ടിടങ്ങളും കൃഷിയിടങ്ങളും ഉണ്ടായി. നവീന ശിലായുഗ കാലത്ത് ഗോത്രങ്ങളുണ്ടാവുകയും രാജവംശങ്ങളായി പരിണമിയ്ക്കുകയും ചെയ്തു. ഫറോവമാർ ഉൾപ്പെടെ പ്രശസ്തങ്ങളായ പല രാജവംശങ്ങളും ഈജിപ്ത് ഭരിച്ചു.
ബി.സി 3100-ഓടേയാണ് നൈൽ നദീതീരത്ത് ആദ്യത്തെ രാജസ്വരൂപമുണ്ടാകുന്നത്. അന്ന് താവി എന്നറിയപ്പെടുന്ന രണ്ടു മേഖലകളായിരുന്നു പിൻകാല ഈജിപ്തിന് ജൻമം കൊടുത്തത്.ചരിത്രം ഈ മേഖലകളെ അപ്പർ ഈജിപ്ത് എന്നും ലോവർ ഈജിപ്ത് എന്നും വിളിച്ചു. കൃഷിക്ക് ഏറെ അനുയോജ്യമായ മണ്ണും പരിസ്ഥിതിയുമുണ്ടായിരുന്ന ലോവർ ഈജിപ്തിനെ ബി.സി 3100-ൽ മെനെസ് രാജാവ് കീഴടക്കി. മെനെസിന്റെ പിൻതലമുറ രാജാക്കൻമാരായിരുന്നു മഹത്തായ ഈജിപ്ഷ്യൻ സംസ്കാരത്തിന് തുടക്കമിട്ടത്. നാലു നൂറ്റാണ്ടോളം മെനെസ് രാജവംശം ഈജിപ്ത് ഭരിച്ചു. ജലസേചനം ശിൽപ കല, ഹൈറോഗ്ലിഫിക് എന്ന എഴുത്തുവിദ്യ, ലോഹ ആയുധങ്ങൾ എന്നിവയും രൂപപ്പെട്ടത് ഈ കാലത്താണ്. ബി.സി 2700-2200 കാലഘട്ടത്തിൽ പല നാട്ടുരാജ്യങ്ങളും കൂട്ടിച്ചേർക്കപ്പെട്ടു .ഈജിപ്ത് ഒറ്റ രാജ്യമായിത്തീർന്നു. ചരിത്രം ഇതിനെ ഓൾഡ് കിങ്ഡം എന്ന് വിളിച്ചു. ശിൽപ കലയിൽ പുരാതന ഈജിപ്തുകാർ മഹത്തായ നേട്ടം കൈവരിച്ചതും ഇക്കാലത്താണ്.പിരമിഡുകൾ രൂപം കൊണ്ടത് ഈ കാലഘട്ടത്തിലാണ്. 20 പടുകൂറ്റൻ പിരമിഡുകൾ ഇക്കാലത്ത് ഉയർന്നു വന്നു. ഇംഹൊതെപ് (Imhotep) രാജാവ് രൂപകൽപന ചെയ്ത പിരമിഡ് ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള നിർമ്മിതിയാണ്. മെംഫിസിനു വടക്കായി ഗിസ എന്ന സ്ഥലത്ത് മൂന്ന് പടുകുറ്റൻ പിരമിഡുകൾ ഉയർത്തപ്പെട്ടു. ഈ പിരമിഡുകളിൽ ഏറ്റവും വലുത് ഖുഫു രാജാവാണ് പണികഴിപ്പിച്ചത്. ബി.സി 2050-1800-ൽ തേബിലെ പ്രമാണി കുടുംബം ശക്തി നേടുകയും മറ്റു നാട്ടുരാജ്യങ്ങളെ കീഴടക്കുകയും വീണ്ടും ഏകീകൃത ഈജിപ്ത് നിലവിൽ വരികയും ചെയ്തു അമെനെം ഹെത് മൂന്നാമനായിരുന്നു .(Amnembet-III)ഇക്കാലത്തെ ഏറ്റവും ശക്തനായ ഭരണാധികാരി. പിന്നീട് ഏഷ്യയിൽ നിന്നുള്ള ഹൈക്സൊ ഗോത്രങ്ങൾ ഈജിപ്തിൽ വൻ അധിനിവേശം നടത്തി.ബി.സി.1570-1300 കാലഘട്ടത്തിൽ ഹൈക്സൊകളിൽ നിന്നും പുതിയ യുദ്ധമുറകൾ പഠിച്ച ഈജിപ്തുകാർ അതേ രീതിയിൽ തന്നെ പ്രത്യാക്രമണങ്ങൾ നടത്തി.ബി.സി. 1570-ൽ ഏഷ്യാക്കാർ പിൻ വാങ്ങി. വീണ്ടും നാട്ടുരാജ്യങ്ങൾ ഒന്നാവുകയും ചെയ്തു.
ബി.സി 343ഓടെ പേർഷ്യൻ ആക്രമത്തോടെ ഫറവോവംശം നാമാവശേഷമായി.പിന്നീട് ഗ്രീക്,റോമൻ ഭരണാധികാരികളാണ് ഭരിച്ചത്.എ.ഡി ഒന്നാംനൂറ്റാണ്ടോടെ ക്രിസ്തുമതം ഈജിപ്തിൽ പ്രചരിച്ചു.തുർക്കി അസ്ഥാനമായ സാമ്രാജ്യം ആക്രമിയ്ക്കപ്പെട്ടതുവഴി ക്രിസ്തുമതക്കാർ പീഡിപ്പിയ്ക്കപ്പെടുകയും ശേഷം എ.ഡി639വരെ മുസ്‌ലിം ഭരണത്തിൻകീഴിലായി. 1798-ൽ നടന്ന ഫ്രഞ്ച് അധിനിവേശത്തെത്തുടർന്ന് ഈജിപ്തിൽ സാമൂഹികപരിവർത്തനങ്ങളുണ്ടായി. തത്ഫലമായി അനേകം ആഭ്യന്തരയുദ്ധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അൽബേനിയനായ മുഹമ്മദ് അലി ഭരണം ഏറ്റെടുത്തു. ഈജിപ്തിനെ ആധുനികവൽക്കരിയ്ക്കുന്നതിൽ ഇദ്ദേഹം മുഖ്യപങ്ക് വഹിച്ചു. ജലസേചനം, കാർഷികവികസനം, വ്യവസായവത്ക്കരണം ഇങ്ങനെ പല മേഖലകളിലും പുരോഗതിയുണ്ടായി. 1869ൽ ഇദ്ദേഹത്തിന്റെ ചെറുമകൻ ഇസ്മയിൽ പാഷയാണ് സൂയസ് കനാലിന്റെ പണിപൂർത്തിയാക്കിയത്. തുടർന്ന് ബ്രിട്ടീഷുകാർ ഈജിപ്ത് കീഴടക്കി. 1822 മുതൽ 1906വരെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങൾ നടന്നു. ഇക്കാലത്ത് ആദ്യരാഷ്ട്രീയപ്പാർട്ടി രൂപംകൊണ്ടു. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ശക്തിയേറിയ സ്വാതന്ത്ര്യസമരങ്ങൾക്ക് ഒടുവിൽ 1922 ഫെബ്രുവരി22ന് ഈജിപ്ത് സ്വതന്ത്രമായി.
ഭരണഘടന
1923-ൽ ഭരണഘടന നിലവിൽ വരികയും സാദ്‌സഗ്‌ലുൽ ആദ്യപ്രധാനമന്ത്രി ആവുകയും ചെയ്തു. ദുർബലമായ ഭരണസംവിധാനമായിരുന്നു ഇക്കാലങ്ങളിൽ ഉണ്ടായത്. നിരുത്തരവാദിത്വവും അരാജകത്വവും 1952-ൽ ഭരണകൂടത്തിന്റെ പിരിച്ചുവിടലിൽ അവസാനിച്ചു. ശേഷം 1953 ജൂൺ18ന് ഈജിപ്ത് റിപബ്ലിക് ആയി പ്രഖ്യാപിയ്ക്കപ്പെട്ടു. ജനറൽ മുഹമ്മദ് നയ്യിബ് ആദ്യ പ്രസിഡന്റായി അധികാരമേറ്റു. 1956-ഓടെ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിൽനിന്നും പൂർണ്ണമായും ഈജിപ്ത് സ്വതന്ത്രമയി.