EncyclopediaGeneralVegetables

വഴുതന

ആഹാരയോഗ്യമായതും “സൊളാനേസീ” (Solanaceae) കുടുംബത്തിൽ പെട്ടതുമായ സസ്യമാണ് വഴുതന. “സൊളാനം മെലോൻജീന” (Solanum melongena) എന്നാണ് വഴുതനയുടെ ശാസ്ത്രീയ നാമം. ഇംഗ്ലീഷിൽ ബ്രിഞ്‌ജാൾ (Brinjal) / എഗ്ഗ് പ്ലാന്റ് (Egg plant) / ഓബർജിൻ (Aubergine) എന്നു പറയുന്നു.പ്രധാനമായും ഇത് വേവിച്ച് ഭക്ഷണമായി ഉപയോഗിക്കുന്നു.ഒരു വാർഷിക വിളയായിട്ടാണ് ഇത് സാധാരണ കൃഷിചെയ്യുന്നത്. സാധാരണഗതിയിൽ ഇത് 40 മുതൽ 150 സെന്റീമീറ്റർ (16 to 57 ഇഞ്ച്) ഉയരത്തിൽ വളരുന്നു. ഇതിന്റെ ഇലകൾക്ക് 10 മുതൽ 20 സെന്റീമീറ്റർ (4–8 ഇഞ്ച്) വരെ നീളവും 5 മുതൽ 10 സെന്റീമീറ്റർ (2–4 ഇഞ്ച്) വരെ വീതിയുമുള്ളതാണ്. സെമിവൈൽഡ് വിഭാഗത്തിൽ പെട്ടവ അല്പം കൂടുതൽ വളരുന്നവയാണ്. ഇത് 225 സെന്റീമീറ്റർ (7 അടി) ഉയരത്തിലും ഇലകൾ 30 സെന്റീമീറ്റർ (12 ഇഞ്ച്) മുകളിൽ നീളമുള്ളവയും 15 സെന്റീമീറ്റർ (6 ഇഞ്ച്) വരെ വീതിയുള്ളവയുമാണ്. ഇതിന്റെ പൂക്കൾ വെളുപ്പ് അല്ലെങ്കിൽ പർപ്പിൾ നിറത്തിലുള്ളതും പഴം വളരെ മാംസളമായതുമാണ്.