ഭൂമിയുടെ പുതപ്പ്
സൂര്യനു ചുറ്റും വിശ്രമമില്ലാതെ ഓടിക്കൊണ്ടിരിക്കുകയാണല്ലോ ഭൂമി. നല്ല കട്ടിയുള്ള ഒരു പുതപ്പുകൊണ്ട് ആകെ പുതച്ചു മൂടിയാണ് ഭൂമിയുടെ ഈ ഓട്ടം. ഭൂമിയുടെ അന്തരീക്ഷമാണ് ഈ പുതപ്പ്, നൂറുകണക്കിന് കിലോമീറ്റര്‍ ആണ് ഈ പുതപ്പിന്റെ കട്ടി.
ഭൂമിയുടെ അന്തരീക്ഷത്തില്‍ ഭൂരിഭാഗവും പലതരം വാതകങ്ങളാണ്.നൈട്രജന്‍ എന്ന വാതകമാണ് ഏറ്റവും കൂടുതല്‍. രണ്ടാം സ്ഥാനം ഓക്സിജനാണ്. അന്തരീക്ഷ വായുവിന്‍റെ ഏതാണ്ട് അഞ്ചിലൊരു ഭാഗം ഓക്സിജനുണ്ട്.
ഇത്രയധികമൊന്നുമില്ലെങ്കിലും ഭൂമിക്ക് വളരെയേറെ ഉപകാരങ്ങള്‍ ചെയ്യുന്ന വാതകമാണ് കാര്‍ബണ്‍ ഡയോക്സൈഡ്.മനുഷ്യരും മൃഗങ്ങളുമൊക്കെ ശ്വസിക്കുന്നത് ഒക്സിജനാണെങ്കിലും ചെടികളും മരങ്ങളുമെല്ലാം ശ്വസിക്കുന്നത്. കാര്‍ബണ്‍ ഡയോക്സൈഡ് ആണ്. ചെടികള്‍ക്ക് ആഹാരമുണ്ടാക്കാന്‍ കാര്‍ബണ്‍ ഡയോക്സൈഡ് കൂടിയേ തീരൂ.
അന്തരീക്ഷത്തിനു പല അടുക്കുകളുണ്ട്. ആകാശത്ത് വളരെ ഉയരത്തില്‍ പറക്കുന്ന മേഘങ്ങള്‍ അന്തരീക്ഷത്തിന്റെ ഏറ്റവും താഴെയുള്ള അടുക്കില്‍പെട്ടതാണ്! നീരാവിയും പൊടി പടലങ്ങളുമൊക്കെ ഈ പാളിയിലാണുള്ളത്. നീരാവിയുടെ ചെറിയ കണികകളാണ് മേഘമായി നമ്മള്‍ കാണുന്നതെന്നറിയാമല്ലോ.
അന്തരീക്ഷത്തിന്‍റെ അടുക്കുകള്‍ക്ക് പ്രത്യേകം പേരുകള്‍ കൊടുത്തിട്ടുണ്ട്.ഏറ്റവും ചുവട്ടിലുള്ള അടുക്കിനെ ട്രോപോസ്ഫിയര്‍ എന്നാണ് വിളിക്കുക. ട്രോപോസ്ഫിയറിന് ഭൂമിയുടെ ഓരോ ഭാഗത്തും കനം ഓരോ തരത്തിലാണ് .ഭൂമധ്യരേഖയ്ക്ക് മുകളിലെ ട്രോപോസ്ഫിയറിന് ഏതാണ്ട് 20 കിലോമീറ്റര്‍ കനം വരും. എന്നാല്‍ ധ്രുവപ്രദേശങ്ങളിലാവട്ടെ വെറും എട്ടു കിലോമീറ്ററെ ഉണ്ടാകൂ.മുകളിലേക്കു പോകുന്തോറും ട്രോപോസ്ഫിയറിന്‍റെ കനം കുറഞ്ഞു കുറഞ്ഞു വരും.
രണ്ടാമത്തെ അടുക്കിന്റെ പേര് സ്ട്രാറ്റോസ്ഫിയര്‍ എന്നാണ്. ട്രോപോസ്ഫിയറിലുള്ളതുപോലെ തിങ്ങിനില്‍ക്കുന്ന വായുകണികകള്‍ സ്ട്രാറ്റോസ്ഫിയറിലില്ല. അതുകൊണ്ട് ഒരു കുഴപ്പമുണ്ട്. വായുകണികകളില്‍ സൂര്യപ്രകാശം തട്ടുന്നതുകൊണ്ടാണല്ലോ നമുക്ക് ആകാശം കാണാന്‍ കഴിയുന്നത്.വേണ്ടത്ര വായുകണികകള്‍ ഇല്ലെങ്കില്‍ ആകാശം ഇരുണ്ടു തുടങ്ങും. സ്ട്രാറ്റോസ്ഫിയര്‍ കുറേ ഉയരത്തില്‍ ചെന്നാല്‍ ആകാശം കറുത്ത് ഇരുണ്ടാണ് കാണാനാവുക. അതായത് രാത്രി സൂര്യന്‍ ഉദിച്ചത് പോലെ തോന്നും, സൂര്യനെ മാത്രമല്ല നക്ഷത്രങ്ങളെയും എപ്പോഴും അവിടെ കാണാം.
സ്ട്രാറ്റോസ്ഫിയറിനു മുകളില്‍ മിസോസ്ഫിയര്‍ എന്ന അടുക്കാണ്. ഭൂമിയില്‍ നിന്ന് 50 കിലോമീറ്റര്‍ ഉയരത്തിലാണ് മിസോസ്ഫിയര്‍ തുടങ്ങുന്നത്. ഏതാണ്ട് 30 കിലോമീറ്റര്‍ ആണ് ഈ അടുക്കിന്റെ കട്ടി. താഴെയുള്ള രണ്ടടുക്കിനെക്കാളും ചൂടു കുറവാണ് ഇവിടെ.
മിസോസ്ഫിയറിനും മുകളില്‍ തെര്‍മോസഫിയറാണ്. അതിനും മുകളില്‍, അതായത് ഏറ്റവും പുറമേ എക്സോസ്ഫിയര്‍ എന്ന അടുക്കുമുണ്ട്.
ഭൂമിക്കും അതിലെ ജീവജാലങ്ങള്‍ക്കും ഏറെ ഉപകാരങ്ങള്‍ ചെയ്യുന്ന രക്ഷകനാണ് അന്തരീക്ഷം. സൂര്യന്‍റെ കഠിനമായ ചൂടു മുഴുവന്‍ ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് സൗകര്യമായി ജീവിക്കാന്‍ പാകത്തിന് എയര്‍കണ്ടീഷന്‍ ചെയ്തു കൊടുക്കുന്ന ജോലിയാണ് അന്തരീക്ഷത്തിന്. പകല്‍ സമയത്തെ ചൂട് വലിച്ചെടുത്ത്, രാത്രി സുര്യന്‍ ഇല്ലാത്തപ്പോഴും ആവശ്യത്തിനു ചൂടു നിലനിര്‍ത്തി ഭൂമിയിലെ ജീവന്‍ സംരക്ഷിക്കുന്നത് ഈ പുതപ്പാണ്.