EncyclopediaMajor personalities

ഇ.കെ. നായനാർ

ഏറമ്പാല കൃഷ്ണൻ നായനാർ അഥവാ ഇ.കെ. നായനാർ (ഡിസംബർ 9, 1918 – മേയ് 19, 2004) കേരളത്തിന്റെ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ നേതാവുമായിരുന്നു. 1980 മുതൽ 1981 വരെയും 1987 മുതൽ 1991 വരെയും 1996 മുതൽ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 11 വർഷം ഭരണാധികാരിയായിരുന്ന ഇദ്ദേഹമാണ് ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി ( മൂന്ന് തവണയായി 4010 ദിവസം). സി.പി.എം.പോളിറ്റ്ബ്യൂറോ അംഗമായിരുന്നു.

ജീവിതരേഖ

കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരിയിൽ ഏറമ്പാല നാരായണി അമ്മയുടേയും എം. ഗോവിന്ദൻ നമ്പ്യാരുടേയും രണ്ടാമത്തെ മകനായി 1919 ഡിസംബർ 9-ന് നായനാർ ജനിച്ചു. നാരായണൻ നായനാരും ലക്ഷ്മിക്കുട്ടിയമ്മയുമായിരുന്നു സഹോദരങ്ങൾ. സ്വാതന്ത്ര്യ സമരത്തിൻ്റെ ആവേശം ഉൾക്കൊണ്ട് സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോഴെ കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തനം തുടങ്ങി. കോൺഗ്രസിലെ ഇടതുപക്ഷ ചിന്താഗതിക്കാർ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയ്ക്ക് രൂപം നൽകിയപ്പോൾ അവർക്കൊപ്പമായി പ്രവർത്തനം. മൊറാഴ കയ്യൂർ സമരങ്ങളോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃനിരയിലേക്കുയർന്നു.

രാഷ്ട്രീയ ജീവിതം

1940-ൽ ആറോൺ മിൽ സമരത്തെ തുടർന്നാണ് നായനാർ ആദ്യമായി അറസ്റ്റിലായത്. അതിനടുത്ത വർഷം നടന്ന ചരിത്ര പ്രസിദ്ധമായ കയ്യൂർ സമരത്തിൽ മൂന്നാം പ്രതിയായിരുന്നു. ഒളിവിൽ പോയതിനാൽ തൂക്കു മരത്തിൽ നിന്ന് രക്ഷപെട്ടു.

ഒളിസങ്കേതം മലബാറിൽ നിന്ന് തിരുവിതാംകൂറിലേക്ക് മാറ്റിയതോടെ കേരള കൗമുദിയിൽ പത്രപ്രവർത്തകനായി. സ്വാതന്ത്ര്യാനന്തരം കേസുകൾ പിൻവലിക്കപ്പെട്ടു. ഇതിനു ശേഷം ദേശാഭിമാനിയിലും പത്രപ്രവർത്തകനായി.

കൊൽക്കത്ത തീസിസിനെ തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട 1948-ൽ വീണ്ടും ഒളിവ് ജീവിതം നയിക്കേണ്ടി വന്നു. ഇന്ത്യ-ചൈന യുദ്ധകാലത്ത് ചൈനീസ് ചാരനെന്ന കുറ്റം ചുമത്തി ജയിലിലാക്കി.

1967-ൽ പാലക്കാട് ലോക്സഭ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ പാർലമെൻ്ററി പ്രവർത്തനത്തിനും തുടക്കമായി. എന്നാൽ 1971-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ കോൺഗ്രസിലെ യുവനേതാവ് കടന്നപ്പള്ളി രാമചന്ദ്രനോട് ഏറ്റുമുട്ടിയപ്പോൾ വിജയിക്കാനായില്ല. ഇത് കേരള തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ശ്രദ്ധേയമായ അട്ടിമറികളിലൊന്നാണ്.

പാർട്ടി നേതൃത്വത്തിൻറെ ഉയരങ്ങളിലേക്കായിരുന്നു പിന്നീട് വളർച്ച. 1964-ൽ രൂപീകരിക്കപ്പെട്ട മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രക്കമ്മിറ്റി അംഗമായിരുന്ന നായനാർ 1972-ൽ ആദ്യമായി മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1992-ൽ മാർക്സിസ്റ്റ് പാർട്ടിയുടെ പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോവിലും നായനാർ എത്തി. 1974-ലെ ഉപതിരഞ്ഞെടുപ്പിൽ ഇരിക്കൂരിൽ നിന്ന് വിജയിച്ച് ആദ്യമായി സംസ്ഥാന നിയമസഭയിലെത്തി.

1975-ലെ അടിയന്തരാവസ്ഥക്കാലത്ത് നായനാർ വീണ്ടും ഒളിവിൽ പോയി. 1980-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മലമ്പുഴയിൽ നിന്ന് വിജയിച്ചു. എ.കെ.ആൻറണി നേതൃത്വം നൽകിയ കോൺഗ്രസ് (യു) ഗ്രൂപ്പ്, കെ.എം.മാണി നേതൃത്വം നൽകിയ കേരള കോൺഗ്രസ് (എം.) എന്നീ ഘടകകക്ഷി വിഭാഗങ്ങളുടെ പിന്തുണയിൽ ആദ്യമായി സംസ്ഥാന മുഖ്യമന്ത്രിയുമായി. പക്ഷേ ആ സർക്കാർ അധികനാൾ നിലനിന്നില്ല. പിന്തുണ പിൻവലിച്ച് ആൻറണിയും മാണിയും ഐക്യജനാധിപത്യ മുന്നണിയിലേയ്ക്ക് തിരിച്ചു പോയതാണ് സർക്കാർ വീഴാൻ കാരണം. 1980 ജനുവരി 25 മുതൽ 1981 ഒക്ടോബർ 21 വരെയെ ഇ.കെ.നായനാർ മന്ത്രിസഭ നിലനിന്നുള്ളൂ.

തുടർന്ന് 1981-ൽ തന്നെ കെ.കരുണാകരൻ്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ രൂപീകരിച്ചപ്പോൾ നായനാർ പ്രതിപക്ഷ നേതാവായി. ആ മന്ത്രിസഭയും അധികനാൾ നില നിന്നില്ല. 1982-ൽ വീണ്ടും നിയമസഭ തെരഞ്ഞെടുപ്പ്. മലമ്പുഴയിൽ നിന്ന് ജയിച്ച് നായനാർ വീണ്ടും നിയമസഭയിലെത്തി. പ്രതിപക്ഷ നേതാവായി രണ്ടാമൂഴം.

തൃക്കരിപ്പൂരിൽ നിന്ന് വിജയിച്ച് 1987-ൽ വീണ്ടും മുഖ്യമന്ത്രിയായ നായനാർ 1991-ലും തൃക്കരിപ്പൂരിൽ നിന്ന് തന്നെ നിയമസഭയിലെത്തി. പ്രതിപക്ഷ നേതാവാകാനായിരുന്നു അത്തവണ നിയോഗം. 1992-ൽ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞു. മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്നാണിത്.

1996-ൽ പാർട്ടി മൂന്നാമതും മുഖ്യമന്ത്രിക്കസേര നായനാരെ ഏൽപ്പിക്കുമ്പോൾ അദ്ദേഹം നിയമസഭാംഗമായിരുന്നില്ല. മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് തലശേരിയിൽ നിന്ന് ഉപ-തിരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്തുകയായിരുന്നു. 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്നെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവായി നായനാർ നിറഞ്ഞുനിന്നു.

മരണംവളരെക്കാലം പ്രമേഹരോഗിയായിരുന്ന നായനാരെ പ്രമേഹത്തിന് മെച്ചപ്പെട്ട ചികിത്സക്കായി 2004 ഏപ്രിൽ 25-ന് ദില്ലിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി വന്നു. ഒടുവിൽ മേയ് 19-ന് വൈകീട്ട് സംഭവിച്ച ഹൃദയസ്തംഭനത്തെത്തുടർന്ന് നായനാർ അന്തരിച്ചു. മരണസമയത്ത് 85 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം വിമാനമാർഗ്ഗം തിരുവനന്തപുരത്തെത്തിച്ചു. അവിടെ സെക്രട്ടേറിയറ്റിലും എ.കെ.ജി. സെന്ററിലും പൊതുദർശനത്തിന് വച്ചശേഷം വിലാപയാത്രയായി ജന്മദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോയി. നിരവധിയാളുകൾ നായനാരെ അവസാനമായി ഒരുനോക്കുകാണാൻ വഴിയിൽ തടിച്ചുകൂടിയിരുന്നു. കണ്ണൂരിലെ പയ്യാമ്പലം കടൽത്തീരത്ത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ.ജി., കെ.ജി. മാരാർ എന്നിവരുടെ ശവകുടീരങ്ങൾക്കടുത്താണ് നായനാരെ സംസ്കരിച്ചത്