ദുൽഖർ സൽമാൻ
ഇന്ത്യൻ ചലച്ചിത്ര നടനും പിന്നണി ഗായകനും ചലച്ചിത്ര നിർമ്മാതാവുമാണ് ദുൽഖർ സൽമാൻ (ജനനം: ജൂലൈ 28, 1983) പ്രധാനമായും മലയാളചലച്ചിത്രരംഗത്താണ് അദ്ദേഹം പ്രവർത്തിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. സൂപ്പർ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനായ ഇദ്ദേഹം പർഡ്യൂ സർവകലാശാലയിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം നേടി. അഭിനയരംഗത്തെത്തുന്നതിനു മുമ്പ് ബിസിനസ് മാനേജരായി ജോലി ചെയ്തു. നാല് ഫിലിംഫെയർ അവാർഡ് സൗത്തും ഒരു കേരള സ്റ്റേറ്റ് ഫിലിം അവാർഡും നേടിയിട്ടുണ്ട്.
ബാരി ജോൺ ആക്ടിംഗ് സ്റ്റുഡിയോയിൽ മൂന്നുമാസത്തെ അഭിനയ കോഴ്‌സിന് ശേഷം 2012-ൽ പ്രദർശനത്തിനെത്തിയ ആക്ഷൻ ചലച്ചിത്രമായ സെക്കന്റ് ഷോയിലൂടെ സിനിമാ രംഗത്തേയ്ക്കുല്ള അരങ്ങേറ്റം നടത്തി. ഇതിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. ഉസ്താദ് ഹോട്ടലിലെ (2012) അഭിനയത്തിന് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.
എബിസിഡി: അമേരിക്കൻ-ബോർൺ കൺഫ്യൂസ്ഡ് ദേശി (2013) എന്ന ചിത്രത്തിന്റെ വാണിജ്യവിജയത്തിനു ശേഷം റോഡ് ത്രില്ലർ ചലച്ചിത്രമായ നീലകാശം പച്ചക്കടൽ ചുവന്ന ഭൂമി (2013), തമിഴ് പ്രണയ-ഹാസ്യചലച്ചിത്രമായ വായ് മൂടി പേശവും (2014) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. തുടർന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായ ബാംഗ്ലൂർ ഡെയ്സ് (2014) എന്ന പ്രണയചലച്ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചു. മണിരത്നത്തിന്റെ നിരൂപകപ്രശംസനേടിയ പ്രണയ ചിത്രമായ ഒ കാതൽ കൺമണി (2015) എന്ന ചിത്രത്തിലൂടെ അദ്ദേഹം തമിഴ് സിനിമയിൽ കൂടുതൽ വിജയം നേടി. തുടർന്ന്, 2015 ലെ പ്രണയ ചലച്ചിത്രമായ ചാർലിയിൽ അവതരിപ്പിച്ച പ്രധാനവേഷത്തിനു പ്രശംസ ലഭിച്ചു. ഇതിലൂടെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. മഹാനടി (2018) എന്ന ജീവചരിത്രചിത്രത്തിലൂടെ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ജെമിനി ഗണേശനായാണ് മഹാനടിയിൽ അദ്ദേഹം അഭിനയിച്ചത്. കാർവാൻ എന്ന ചിത്രത്തിലൂടെ 2018-ൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് 2019-ൽ ദി സോയ ഫാക്ടർ എന്ന ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിച്ചു. സൽമാനെ ഒരു ഫാഷൻ ഐക്കണായി മാധ്യമങ്ങൾ അംഗീകരിച്ചു. നിരവധി സംരംഭകത്വങ്ങൾ ഇദ്ദേഹത്തിനുണ്ട്.